കുവൈറ്റില്‍ മലയാളികള്‍ അടക്കം 50 ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ട ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍നടപടികള്‍ എടുക്കുന്നതിനും ഒരു മന്ത്രിയെ കുവൈറ്റിലേക്ക് അയക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ തീരുമാനപ്രകാരം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെയാണ് ഇതിനായി തെരഞ്ഞടുത്തത്. മന്ത്രിക്കൊപ്പം എൻഎച്ച്എം സംസ്ഥാന ഡയറക്‌ടർ ജീവൻ ബാബു ഐഎഎസും യാത്ര തിരിക്കാന്‍ തീരുമാനിച്ചു.
മന്ത്രിസഭ തീരുമാന പ്രകാരം കുവൈറ്റിലേക്ക് പറക്കാന്‍ ഇരുവരും ഇന്നലെ (ജൂണ്‍ 13) വൈകിട്ട് 7.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. എന്നാല്‍ വിമാനത്താവളത്തിലെത്തിയവര്‍ക്ക് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നു. നടപടിക്രമങ്ങൾ പ്രകാരം മന്ത്രിയുടെ കുവൈറ്റ് യാത്രയ്ക്ക് രാഷ്‌ട്രീയ അനുമതിക്കായി കേരള സര്‍ക്കാര്‍ ഔദ്യോഗികമായി അപേക്ഷിച്ചു. എന്നാല്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) യാത്രക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് യാത്ര ചെയ്യാനാകാതെ ഇരുവരും മടങ്ങിയത്.
വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി: ആരോഗ്യ മന്ത്രിയുടെ യാത്ര മുടങ്ങിയത് കേന്ദ്ര സര്‍ക്കാരിനെതിരെ വിവാദങ്ങള്‍ക്ക് കാരണമായി. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത് ശരിയായ സമീപനമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് വിവാദത്തിനുള്ള സമയമല്ലെന്നും വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
യാത്ര നിഷേധം ദൗര്‍ഭാഗ്യകരമെന്ന് വിഡി സതീശന്‍: വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. മന്ത്രിയുടെ യാത്രാനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‍റെ പ്രതിനിധിയുണ്ടായെങ്കില്‍ മലയാളി സംഘടനകളെ ഏകോപിപ്പിക്കുമായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്. ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
മന്ത്രിമാരുടെ വിദേശ യാത്രകള്‍ക്കുള്ള അനുമതി: സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്‌ട്രീയ പ്രമുഖരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കുള്ള അനുമതി നല്‍കുന്നതും നല്‍കാതിരിക്കുന്നതും വിദേശകാര്യ മന്ത്രാലയമാണ്. മന്ത്രിമാർ, പാർലമെന്‍റ് അംഗങ്ങൾ, നിയമസഭംഗങ്ങൾ, കേന്ദ്ര, സംസ്ഥാന, പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശ പര്യടനത്തിന് എംഇഎയുടെ അനുമതി ആവശ്യമാണ്. ഇവരുടെ മുഴുവന്‍ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കും എംഇഎയുടെ അനുമതി ആവശ്യമാണ്.
മന്ത്രിമാരുടെ ഇത്തരത്തിലുള്ള വിദേശ യാത്രകള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളുമുണ്ട്. കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ ഔദ്യോഗിക വിദേശ യാത്ര സംബന്ധിച്ച് കേന്ദ്ര സർക്കാർ വിശദമായ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 1995 ലാണ് ഇതുസംബന്ധിച്ചുള്ള നിയമങ്ങള്‍ നിലവില്‍ വന്നത്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം മന്ത്രിമാരുടെ ഔദ്യോഗിക വിദേശ യാത്രകള്‍ക്ക് പ്രധാനമന്ത്രിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
യാത്രകള്‍ക്കായി ആദ്യം പ്രധാനമന്ത്രിക്ക് അപേക്ഷ സമര്‍പ്പിക്കണം. സാധാരണ നിലയില്‍ ഇത്തരത്തിലുള്ള യാത്രകള്‍ക്ക് 15 ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്നതാണ് ചട്ടം. എന്നാല്‍ നിശ്ചിത കാലയളവിനപ്പുറമുള്ള അപേക്ഷകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ ലഭിച്ചാല്‍ അതില്‍ തുടര്‍ നടപടികളുണ്ടാകില്ല. എംഇഎയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് യാത്ര തിരിക്കാനും സാധിക്കില്ല.
വിദേശ യാത്രകള്‍ക്ക് വേണ്ടി എംഇഎയും ബന്ധപ്പെട്ട എംബസി/ ഹൈക്കമ്മീഷനും പ്രത്യേകമായി ശുപാർശ ചെയ്യുന്നില്ലെങ്കിൽ വിവിധ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നുള്ള ക്ഷണങ്ങൾക്ക് മറുപടിയായി മന്ത്രിതല സന്ദർശനങ്ങൾ അഭികാമ്യമല്ല. എന്നാല്‍ നിര്‍ബന്ധിത സാഹചര്യങ്ങളാണെങ്കില്‍ അതിനുള്ള ന്യായീകരണം നല്‍കാവുന്നതാണ്.
മുഖ്യമന്ത്രിമാരുടെ വിദേശ യാത്ര: സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുടെ ഔദ്യോഗികമോ സ്വകാര്യമോ ആയ വിദേശ സന്ദര്‍ശനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍ വിവരം നല്‍കണം. ഇതിന് പൊളിറ്റിക്കല്‍, എഫ്‌സിആര്‍എ ക്ലിയറന്‍സുകളും നിര്‍ബന്ധമാണ്. 2016ല്‍ ഇതുസംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. പരിഷ്‌കാരങ്ങള്‍ വരുത്തിയതിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തന്‍റെ കത്തിലൂടെ ഇക്കാര്യം മുഴുവന്‍ സെക്രട്ടറിമാരെയും ചീഫ് സെക്രട്ടറിമാരെയും അറിയിച്ചു.
കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി കേരള സര്‍ക്കാര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രിതല സന്ദര്‍ശനം ആവശ്യമുള്ള നിര്‍ബന്ധിത സാഹചര്യങ്ങളെ കുറിച്ച് ബോധിപ്പിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരള സര്‍ക്കാര്‍ അപേക്ഷ നല്‍കുന്നതിന് മുമ്പ് തന്നെ കുവൈറ്റിലെ രക്ഷാപ്രവര്‍ത്തനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ കേന്ദ്ര സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങിനെ നിയോഗിക്കുകയും ചെയ്‌തിരുന്നു. മന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക പര്യടനത്തിനുള്ള രാഷ്‌ട്രീയ അനുമതി നിരസിക്കപ്പെട്ടത് ഇന്ത്യൻ പ്രതിനിധി സംഘം ഇതേ ദൗത്യവുമായി കുവൈറ്റിൽ ഏർപ്പെട്ടിരിക്കുന്നതിനാണെന്നാണ് കേന്ദ്ര വിശദീകരണം.
Also Read: വിവാദത്തിനുള്ള സമയമല്ല, വീണ ജോര്‍ജിന് പോവാന്‍ കഴിയാത്തത് പിന്നീട് ചര്‍ച്ച ചെയ്യാം : മുഖ്യമന്ത്രി