നമ്മുടെ രാജ്യത്തെ ചലനാത്മകമായ ജനാധിപത്യത്തിന്‍റെ നേര്‍കാഴ്‌ചയാണ് അടുത്തിടെ അവസാനിച്ച ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാണാനായത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്നോളവും നമുക്ക് ജനാധിപത്യം നിലനിര്‍ത്താനായി എന്നത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. ഇക്കുറി നാം കേന്ദ്രത്തില്‍ ഒരു സഖ്യ സര്‍ക്കാരിനാണ് അവസരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന പ്രതീക്ഷയിലാണ് നാം. ഉയര്‍ന്ന മൊത്ത ആഭ്യന്തര ഉത്പാദനം മാത്രമല്ല പുതിയ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, മറിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്നതും ഇവര്‍ ഉദ്ദേശിക്കുന്നു. തൊഴില്‍ ഒരു വലിയ വിഷയമാണെന്ന് ഇക്കുറി തെരഞ്ഞെടുപ്പ് വ്യക്തമാക്കിയിരുന്നു. ഉള്‍പ്പെടുത്തലുകളും സുസ്ഥിരതയുമായ വികസനത്തില്‍ ഊന്നിക്കൊണ്ടുള്ള വികസന നയങ്ങളുമാകണം ഉണ്ടാകേണ്ടത്. ഉന്നത വളര്‍ച്ച കൈവരിക്കാന്‍ ഇവര്‍ക്ക് മുന്നില്‍ പല അവസരങ്ങളും വെല്ലുവിളികളുമുണ്ട്.
വളര്‍ച്ചയുടെ രണ്ട് വാഹകര്‍ നിക്ഷേപവും കയറ്റുമതിയുമാണ്. 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ആവശ്യമായ വളര്‍ച്ചാനിരക്കിനെക്കുറിച്ച് റിസര്‍വ് ബാങ്കിന്‍റെ മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. വികസിത രാജ്യമാകണമെങ്കില്‍ നമ്മുടെ പ്രതിശീര്‍ഷ വരുമാനം 13,205 അമേരിക്കന്‍ ഡോളറാകണം. രൂപയുടെ മൂല്യമിടിഞ്ഞാല്‍ ഇത് 15,000 അമേരിക്കന്‍ ഡോളര്‍ വരെയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വികസിത രാജ്യമാകണമെങ്കില്‍ നാം ഏഴ് ശതമാനം വളര്‍ച്ച നിരക്കും കൈവരിക്കേണ്ടതുണ്ട്. ഇതിന് പുറമെ മൊത്ത ആഭ്യന്തര ഉത്പാദനം 28 ശതമാനത്തില്‍ നിന്ന് 34 ശതമാനമായും ഉയരണം. പൊതു നിക്ഷേപത്തിന് പുറമെ സ്വകാര്യ നിക്ഷേപത്തിലും വര്‍ദ്ധനയുണ്ടാകണം. സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കോര്‍പ്പറേറ്റ് നികുതി ശേഖരണത്തിന് അപ്പുറം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. കടം, ജിഎസ്‌ടി, ഉത്പാദന പദ്ധതികള്‍, സര്‍ക്കാര്‍ മൂലധന ചെലവ് എന്നിവയില്‍ യാതൊരു പരിഷ്‌കരണ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. സമ്പദ് ഘടനയുടെ വ്യത്യസ്‌ത മേഖലകളില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായിക്കഴിഞ്ഞിരിക്കുന്നു.
വളര്‍ച്ചയുടെയും തൊഴില്‍ സൃഷ്‌ടിയുടെയും പ്രദാന എന്‍ജിനുകളില്‍ ഒന്നാണ് കയറ്റുമതി. രാജ്യത്തിന്‍റെ ഉയര്‍ന്ന മൊത്ത ആഭ്യന്തര ഉത്പാദനം ഉയര്‍ന്ന കയറ്റുമതി വളര്‍ച്ചയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ആഗോളതലത്തിലുണ്ടായ ചില തിരിച്ചടികള്‍ നമ്മുടെ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള മൂല്യശൃംഖലയില്‍ ഇന്ത്യയ്ക്ക് അന്തിമ ഇടമായി മാറാനുള്ള എല്ലാ അവസരങ്ങളുമുണ്ട്. ഇതിന് പ്രധാന തടസം നമ്മുടെ വാണിജ്യ നയങ്ങള്‍ കൂടുതല്‍ സംരക്ഷിതമായി മാറിയിരിക്കുന്നു എന്നതാണ്.
നമ്മുടെ ഇറക്കുമതി ചുങ്കം അടുത്തിടെയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ നിരക്കില്‍ കുറവ് വരുത്തിയാല്‍ ചൈന ഒഴിഞ്ഞിട്ട ഇടം അവിടെ അവശേഷിക്കുന്നുണ്ട്. ആത്മനിര്‍ഭറിന്‍റെ പേര് പറഞ്ഞ് ഇത്രയധികം സംരക്ഷണത്തിന്‍റെ ആവശ്യമില്ല. ഇന്ത്യയുടെ വലുപ്പമുള്ള വിപണി ലോകത്ത് മറ്റെവിടെയുമില്ല. ഒരുപതിറ്റാണ്ട് കൊണ്ട് എഴോ എട്ടോ ഇരട്ടി വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കരുത്തുറ്റ കയറ്റുമതി വളര്‍ച്ചയുടെ അഭാവത്തിലും നമ്മുടെ വലിയ നേട്ടമാണിത്.
നമ്മുടെ രാജ്യം ഇപ്പോള്‍ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് ഘടനയാണ്. ഉടന്‍ തന്നെ നാം മൂന്നാമത്തെ സമ്പദ്ഘടനയായി മാറും. എന്നാല്‍ പ്രതിശീര്‍ഷ വരുമാനത്തിന്‍റെ കാര്യത്തില്‍ നമ്മൾ ഇപ്പോഴും 180 രാജ്യങ്ങളില്‍ 138 -ാമത് തന്നെയാണ്. 1990 ല്‍ നമുക്കും ചൈനയ്ക്കും ഒരേ പ്രതിശീര്‍ഷ വരുമാനമായിരുന്നു. എന്നാല്‍ ചൈന ഇപ്പോള്‍ 71 -ാമത് ആയി. 12000 അമേരിക്കന്‍ ഡോളറാണ് അവരുടെ പ്രതിശീര്‍ഷ വരുമാനം. ഇന്ത്യയുടേത് ആകട്ടെ 2600 അമേരിക്കന്‍ ഡോളറുമായി. നമ്മള്‍ ഇപ്പോഴും 138 -ാമത് തന്നെ. അത് കൊണ്ട് തന്നെ പ്രതീശീര്‍ഷ വരുമാനത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യ കുറച്ച് കൂടി വേഗത്തില്‍ പോകേണ്ടതുണ്ട്.
നമ്മുടെ സമ്പദ്ഘടന നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഘടനാപരമാണ്. കാര്‍ഷിക സമ്പദ്ഘടനയില്‍ നിന്ന് ഇത് ഉത്പാദന സേവന മേഖലകളിലേക്ക് മാറാന്‍ സാധിക്കുന്നില്ല. തൊഴിലിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ചും. കാര്‍ഷിക മേഖലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപത്തിലും പിന്തുണ ആവശ്യമുണ്ട്. നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് ഉത്പാദനത്തിലടക്കം കൂടുതല്‍ വൈവിധ്യവത്ക്കരണം ആവശ്യമാണ്. കൂടുതല്‍ പ്രതിഫലവും വരുമാനവും ആവശ്യമാണ്. ഉത്പാദനമേഖലയിലും മൊത്ത ആഭ്യന്തര ഉത്പാദനത്തിലും തൊഴിലിലും കൂടുതല്‍ മെച്ചമുണ്ടാകണം. എങ്കില്‍ മാത്രമേ മൊത്ത ആഭ്യന്തര ഉത്പാദനത്തിലും മെച്ചപ്പെട്ട തൊഴിലവസരങ്ങളും വളര്‍ച്ച ഉണ്ടാകൂ.
ഉള്‍ക്കൊള്ളല്‍ വളര്‍ച്ചയില്‍ ഗുണത്തിലും എണ്ണത്തിലും തൊഴില്‍ സൃഷ്‌ടി എന്നതാണ് പുതിയ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2012 നും 2019 നുമിടയില്‍ സമ്പദ്ഘടന 6.7 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചു. എന്നാല്‍ തൊഴില്‍ വളര്‍ച്ച കേവലം 0.1 ശതമാനം മാത്രമാണ് ഉണ്ടായത്. അസംഘടിത മേഖലയിലെ ചെറിയ തൊഴിലുകളില്‍ മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. സംഘടിത മേഖലയിലും അസംഘടിത തൊഴിലുകളുടെ എണ്ണത്തില്‍ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. വനിതകളുടെ തൊഴില്‍ പങ്കാളിത്തം മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ രാജ്യത്ത് വളരെ കുറവാണ്. സംഘടിതരല്ലാത്ത തൊഴില്‍ സേനയും നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്.
ലോകത്ത് ഏറ്റവും വലിയ യുവജനസമ്പത്ത് ഉള്ള രാജ്യമാണ് നമ്മുടേത്. പതിനഞ്ചിനും 29 നുമിടയില്‍ പ്രായമുള്ള 27 ശതമാനമാളുകളാണ് നമ്മുടെ രാജ്യത്തുള്ളത്. ജനസംഖ്യ ഘടന ഓരോ സംസ്ഥാനത്തും വ്യത്യസ്‌തമാണ്. കിഴക്ക്, വടക്ക്, മധ്യ മേഖലകളില്‍ ഇതിന്‍റെ നേട്ടമുണ്ട്. മൊത്തം തൊഴിലില്ലായ്‌മ എടുത്താല്‍ യുവാക്കളുടെ തൊഴിലില്ലായ്‌മ മൂന്നിരട്ടിയാണ്. രാജ്യത്തെ യുവാക്കളില്‍ 83 ശതമാനവും തൊഴില്‍ രഹിതരാണ്. പന്ത്രണ്ടാം ക്ലാസിനും അതിലും മുകളിലും വിദ്യാഭ്യാസമുള്ള തൊഴില്‍ രഹിതര്‍ 18.4 ശതമാനമാണ്. ബിരുദധാരികളായ തൊഴില്‍ രഹിതര്‍ 29.1 ശതമാനമാണ്. ബിരുദധാരികളായ തൊഴില്‍ രഹിതരായ വനിതകള്‍ 34.5 ശതമാനവും. വിദ്യാസമ്പന്നരിലും യുവാക്കളിലും തൊഴിലില്ലായ്‌മ വര്‍ദ്ധിച്ച് വരികയാണ്. യുവാക്കളിലെ ഉയര്‍ന്ന തൊഴിലില്ലായ്‌മ മൂലമാണ് വിവിധ വിഭാഗങ്ങള്‍ സംവരണ ആവശ്യവുമായ രംഗത്ത് എത്തിയിട്ടുള്ളത്.
നമ്മുടെ രാജ്യത്ത് നൈപുണ്യ പരിശീലനം കിട്ടിയിട്ടുള്ളവര്‍ കേവലം 2.3 ശതമാനം മാത്രമാണെന്ന് നിതീ ആയോഗിന്‍റെ രേഖകള്‍ വെളിപ്പെടുത്തുന്നു. അതേസമയം ബ്രിട്ടന്‍ 68% ജര്‍മ്മനി 75% ജപ്പാന്‍ 80, ദക്ഷിണ കൊറിയ 96% എന്നിങ്ങനെയാണ് നൈപുണ്യ പരിശീലനം ലഭിച്ചവരുടെ കണക്കുകള്‍. യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴില്‍ ലഭിക്കുന്നില്ലെന്നതാണ് നേരിടുന്ന മറ്റൊരു പ്രശ്‌നം. 55 ശതമാനം തൊഴിലാളികളും ഈ പ്രശ്‌നം നേരിടുന്നു. സാങ്കേതിക വിദ്യാഭ്യാസം അടക്കം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകളടക്കമുള്ള യുവാക്കള്‍ക്ക് ഇവരുടെ യോഗ്യത അനുസരിച്ചുള്ള തൊഴില്‍ കിട്ടിയിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇതിനകം തന്നെ എഐയും റോബോട്ടുകളുമെത്തിയതോടെ തൊഴിലാളികളെ ആവശ്യമില്ലാത്ത സ്ഥിതി സംജാതമായിട്ടുണ്ട്. ഇന്ത്യയും ഇത്തരത്തില്‍ എഐയും റോബോട്ടും മറ്റും ഉപയോഗിക്കുന്നതിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളാണ് മറ്റൊരു വിഷയം. ഇത് പരിഹരിക്കപ്പെടണം. നമ്മുടെ രാജ്യത്ത് മികച്ച നിലവാരമുള്ള ഐഐടികളും ഐഐഎമ്മുകളുമുണ്ട്. ഇവയ്ക്ക് രാജ്യാന്തര നിലവാരത്തോട് കിടപിടിക്കാനാകുന്നുമുണ്ട്. അതേ സമയം ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വളരെ മോശം പഠന നേട്ടങ്ങളാണ് കൈവരിക്കാനാകുന്നത്. എല്ലാ കുട്ടികളെയും വിദ്യാലയങ്ങളില്‍ എത്തിക്കാതെ രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ണമാകില്ലെന്നാണ് ഒരു മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. നെപുണ്യവും നിര്‍മ്മിതിയും രാജ്യത്തെ വ്യത്യസ്‌ത ജനവിഭാഗവും തമ്മിലുള്ള പ്രതിസന്ധികള്‍ നമ്മുടെ പ്രതീക്ഷകളെ പിന്നോട്ടടിക്കുന്നുണ്ട്. ആഗോള ആരോഗ്യ പരിരക്ഷയോട് കിടപിടിക്കുന്നതിലേക്ക് നാം എത്തിച്ചേരേണ്ടതുമുണ്ട്.
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ മൂന്ന് ശതമാനമെങ്കിലും ആരോഗ്യമേഖലയ്ക്ക് നീക്കി വയ്ക്കണം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യവും ഒരു രാജ്യത്തെ മാനുഷിക വികസന ഉയര്‍ത്തുന്നതിനും അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതിനും അത്യന്താപേക്ഷിതമാണ്. രാജ്യമെമ്പാടും നിലനില്‍ക്കുന്ന ജാതി, നഗര-ഗ്രാമീണ, ലിംഗ വ്യത്യാസങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് പുതിയ സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി.
സമഗ്ര വികസനത്തിന് ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുക എന്നതാണ് പുതിയ സര്‍ക്കാരിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ഇതിന് പുറമെ വരുമാനവും വികസന പരിപാടികളും മെച്ചപ്പെടുത്തുകയും വേണം. ക്ഷേമപദ്ധതികള്‍ കൊണ്ടു മാത്രം ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാനാകില്ല. യുവാക്കള്‍ക്ക് സൗജന്യങ്ങളല്ല തൊഴിലാണ് വേണ്ടെതന്ന കൃത്യമായ സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. ക്ഷേമവും വികസനവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ഒരു ചൈനീസ് പഴഞ്ചൊല്ല് ഉണ്ട്. ഒരു ദിവസം നിങ്ങള്‍ ഒരാള്‍ക്ക് ഒരു മീനിനെ നല്‍കിയാല്‍ അവര്‍ക്ക് അന്നത്തേക്കുള്ള അന്നമായി. എന്നാല്‍ അവര്‍ക്ക് പിറ്റേദിവസം വിശക്കുമ്പോള്‍ മറ്റൊരു മീനിനെ നല്‍കേണ്ടി വരും. എന്നാല്‍ ഇവരെ മീന്‍പിടിക്കാന്‍ ശീലിപ്പിച്ചാല്‍ അവര്‍ക്ക് ജീവിത കാലം മുഴുവന്‍ അന്നം കണ്ടെത്താനുള്ള മാര്‍ഗമാകുമത്.
നമ്മുടെ ബജറ്റ് എപ്പോഴും കമ്മിയാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സുബ്ബറാവു ചൂണ്ടിക്കാട്ടുന്നു. അതായത് കടം വാങ്ങിയാണ് നാം ഈ സൗജന്യങ്ങള്‍ നല്‍കുന്നതന്ന് സാരം. ഇത് കൊണ്ട് വളര്‍ച്ചയ്ക്ക് യാതൊരു സംഭാവനയും നല്‍കാനാകില്ലെന്ന് മാത്രമല്ല ഇതിന്‍റെ തിരിച്ചടവ് ഭാരം നമ്മുടെ കുഞ്ഞുങ്ങളുടെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു.
ക്ഷേമ പദ്ധതികള്‍ക്ക് അനാവശ്യമായ പ്രാധാന്യം നല്‍കാതെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടി പുതിയ സര്‍ക്കാര്‍ ഊന്നല്‍ നല്‍കണം. ഇത് വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും അത്യാവശ്യമാണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടുള്ള സുവര്‍ണ ചതുര ചതുഷ്‌കോണ ദേശീയ പാത പദ്ധതി അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ തുടങ്ങിയതാണ്. ഈ പദ്ധതിയുടെ ആഘാത പഠനവും നടത്തി. ആദ്യഘട്ടത്തെക്കാള്‍ 49 ശതമാനം ചെലവാണ് ഇപ്പോള്‍ ഓരോ ജില്ലയിലും വര്‍ദ്ധിച്ചിരിക്കുന്നത്. മിതമായ ജനസാന്ദ്രതയുണ്ടായിരുന്ന ഗുജറാത്തിലെ സൂറത്തിലോ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തോ ഇപ്പോള്‍ നൂറ് ശതമാനത്തിലേറെ ജനസാന്ദ്രത ഉണ്ടായിരിക്കുന്നു.
സുസ്ഥിരതയും കാലാവസ്ഥ വ്യതിയാനവും അതുപോലെ തന്നെ പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. കാലാവസ്ഥ വ്യതിയാന പ്രശ്‌നങ്ങള്‍ നേരിടാന്‍ കേന്ദ്ര-സംസ്ഥാന -പ്രാദേശിക സര്‍ക്കാരുകള്‍ തയാറെടുപ്പുകള്‍ നടത്തണം. രാജ്യത്ത് നഗരവത്ക്കരണം വര്‍ദ്ധിച്ചിരിക്കുന്നു. സമഗ്ര സുസ്ഥിര നഗരവത്ക്കരണത്തിന് ഏറെ പ്രാധാന്യമുണ്ട്. അടുത്തിടെ ഓക്‌സ്‌ഫോര്‍ഡ് ആഗോള നഗര സൂചിക പുറത്ത് വിട്ടിരുന്നു. കുറഞ്ഞ മനുഷ്യവിഭവം, മോശം ജീവിത സാഹചര്യങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ നഗരങ്ങളുടെ നിലവാരത്തെ താഴോട്ടടിച്ചിരിക്കുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ആന്ധ്രയിലെ പുതിയ സര്‍ക്കാര്‍ അമരാവതി നഗരം വികസിപ്പിക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ച, മനുഷ്യ വിഭവം. ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിവ മനസില്‍ വച്ച് വേണം നഗരത്തിന്‍റെ നിലവാരം വര്‍ദ്ധിപ്പിക്കേണ്ടത്. ഹരിത നഗരം എന്ന ചിന്തയും ആവശ്യമാണ്.
ഇന്ത്യ സാമ്പത്തികമായും രാഷ്‌ട്രീയമായും കേന്ദ്രീകൃതമാണ്. സ്വതന്ത്രമായ കാലത്ത് ഭരണഘടന ശില്‍പ്പികളില്‍ പാരമ്പര്യത്തിന്‍റെയും ദേശീയ അഖണ്ഡതയുടെയും ആശങ്കകള്‍ ഉണ്ടായിരുന്നു. പുതിയ സഖ്യ സര്‍ക്കാര്‍ പരസ്‌പര സഹകരണത്തിലൂന്നിയ ഫെഡറലിസത്തിനാകണം ഊന്നല്‍ നല്‍കേണ്ടത്. ഇന്ത്യ വികസിത രാജ്യമാകണമെങ്കില്‍ സംസ്ഥാനങ്ങളുടെ പങ്കും പ്രാധാന്യമുള്ളതാണ്.
പഞ്ചായത്ത്, നഗര പ്രാദേശിക ഭരണകൂടങ്ങള്‍ എന്നിവയിലൂടെയുള്ള വികേന്ദ്രീകരണവും പരമപ്രധാനം തന്നെ. പഞ്ചായത്തുകള്‍ കേവലം ഒരു ശതമാനം വരുമാനം മാത്രമാണ് നികുതി പിരിവിലൂടെ സമാഹരിക്കുന്നത് എന്നാണ് റിസര്‍വ് ബാങ്ക് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്. ബാക്കി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഗ്രാന്‍റുകളാണ്. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കിയാല്‍ കൃഷി, ഗ്രാമീണ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ മികച്ച ഭരണവും മികച്ച ഫലങ്ങളും ഉണ്ടാകും. പ്രാദേശിക ഭരണകൂടങ്ങളുടെ ചെലവുകളിലൂടെയാണ് ചൈനയില്‍ 51 ശതമാനം സേവനങ്ങളുമെന്ന് പഠനം വ്യക്തമാക്കുന്നു. അമേരിക്കയിലും ബ്രസീലിലും ഇത് 27 ശതമാനവും ഇന്ത്യയില്‍ കേവലം മൂന്ന് ശതമാനവുമാണിത്.
2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ പുത്തന്‍ സര്‍ക്കാരിന് മുന്നില്‍ ധാരാളം അവസരങ്ങളും വെല്ലുവിളികളുമുണ്ട്. യുവാക്കളുടെ തൊഴിലില്ലായ്‌മ എന്ന നിര്‍ണായക വിഷയം ഈ തെരഞ്ഞെടുപ്പ് നമുക്ക് കാട്ടിത്തന്നതാണ്. വികസിത ഇന്ത്യ എന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിന് വളര്‍ച്ച, തൊഴില്‍ സൃഷ്‌ടി, സുസ്ഥിരത എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഒറ്റ കക്ഷി സർക്കാരുകളെ അപേക്ഷിച്ച് സഖ്യ സർക്കാരുകൾക്ക് കാര്യക്ഷമത കുറവാണെന്നതിന് ഇവിടെ തെളിവില്ല.