അധിക വീടുകളിലും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് കൊതുക് ശല്യം. മാരകമായ പല രോഗങ്ങളും പരത്തുന്ന കൊതുകുകളെ തുരത്തേണ്ടത് പ്രധാനമാണ്. അതിനായി കടകളിൽ നിന്നും രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ ആരോഗ്യത്തെയും പരിസ്ഥിതിയെയും മോശമായി ബാധിക്കും. അതിനാൽ കൊതുക് ശല്യം ഒഴിവാക്കാൻ രാസവസ്‌തുക്കൾക്ക് പകരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. വീട്ടിൽ ചില ചെടികൾ വളർത്തുന്നത് കൊതുകിനെ തുരത്താൻ സഹായിക്കും. അത്തരം ചെടികൾ ഇവയാണ്
റോസ്മേരി
മുടിയുടെ സംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ചെടിയാണ് റോസ്മേരി. ഈ ചെടി നട്ടുവളർത്തുന്നത് കൊതുകുകളെ അകറ്റാൻ വളരെയധികം ഗുണം ചെയ്യും. റോസ്മേരിയുടെ ഗന്ധമുള്ള ഇടങ്ങളിൽ കൊതുകുകൾക്ക് വളരാൻ കഴിയില്ല.
തുളസി
നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ സസ്യമാണ് തുളസി. ഇത് കൊതുകുകളെ തുരത്താൻ സഹായിക്കുന്ന മികച്ച ചെടികളിൽ ഒന്നാണ്. തുളസിയുടെ ഗന്ധം കൊതുകിനെ വീട്ടിൽ നിന്ന് അകറ്റും.
ജമന്തി
ജമന്തി വീട്ടിൽ വളർത്തുന്നത് കൊതുക് ശല്യം ഇല്ലാതാക്കാൻ ഗുണം ചെയ്യും. ജമന്തി പൂവിൽ അടങ്ങിയിരിക്കുന്ന പൈറെത്രം കൊതുകിനെ തുരത്താൻ ഉത്തമമാണ്. വെള്ളീച്ചയെയും സ്‌ക്വാഷ് ബഗിനെയും അകറ്റാൻ ഇത് സഹായിക്കും.
പുതിന
കൊതുക് ശല്യം ഒഴിവാക്കാൻ സഹായിക്കുന്ന ചെടിയാണ് പുതിന. ഇതിന്‍റെ മണം തന്നെയാണ് കൊതുകിനെ അകറ്റി നിർത്താൻ സഹായിക്കുന്ന ഘടകം.
നാരകം
കൊതുകിനെ തുരത്താൻ നാരകവും ബെസ്റ്റാണ്. നാരകത്തിലെ സ്ട്രിക് ആസിഡിന്‍റെ മണം കൊതുകിന് താങ്ങാൻ കഴിയില്ല. അതിനാൽ വീട്ടിൽ നാരകം നട്ടുവളർത്തുന്നത് നല്ലതാണ്.
ശീമക്കൊന്ന
കൊതുകിനെ തുരത്താൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് ശീമക്കൊന്ന. ഇതിന്‍റെ ഗന്ധം തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിൽ വളരാൻ കൊതുകിന് സാധിക്കില്ല.
ലെമൺ ബാം
ലെമൺ ബാം അഥവാ ഹോഴ്‌സ് മിന്‍റ് കൊതുകിനെ അകറ്റാൻ സഹായിക്കും. കൊതുകുകൾക്ക് പുറമെ കീടങ്ങളെ അകറ്റാനും ഇതിന് കഴിയും.
ബേസിൽ
ബേസിൽ ചെടിയുടെ ഗന്ധം വീട്ടിൽ നിന്ന് കൊതുകുകളെ തുരത്താൻ ഗുണം ചെയ്യും.
ലെമൺ ഗ്രാസ്
ലെമൺ ഗ്രസുള്ള ഇടങ്ങളിൽ ചെറുപ്രാണികൾ, കൊതുകുകൾ എന്നിവയ്ക്ക് വളരാൻ കഴിയില്ല. അതിനാൽ കൊതുക് ശല്യമുള്ള വീടുകളിൽ ലെമൺ ഗ്രാസ് നട്ടുപിടിപ്പിക്കാം.