ലോകമെമ്പാടുമുള്ള പക്ഷി പ്രേമികളുടെ മനസില്‍ ഇടംപിടിച്ച ഇത്തിരിക്കുഞ്ഞന്‍ പക്ഷിയാണ് ലവ് ബേര്‍ഡ്‌സ്. ഓസ്‌ട്രേലിയക്കാരായ ഈ കുഞ്ഞിത്തത്തകളെ 'ബഡ്‌ജീസ്' എന്നാണ് വിളിക്കുന്നത്. 'നല്ല ഭക്ഷണം' എന്നാണ് ഈ വാക്കിന്‍റെ അര്‍ഥം. ഇതിനും പ്രത്യേക കാരണമുണ്ട്. ഓസ്‌ട്രേലിയയിലെ ആദിമ മനുഷ്യരുടെ പ്രധാന ഭക്ഷണമായിരുന്നു ഈ ലവ് ബേര്‍ഡ്‌സ്.
പലനിറത്തിലുള്ള ഇവ പില്‍ക്കാലത്ത് പക്ഷി പ്രേമികളുടെ ഇഷ്‌ട താരങ്ങളായി. പിന്നീട് ഇവയെ യൂറോപ്പ് അടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക് പക്ഷി പ്രേമികള്‍ എത്തിച്ചു. ഇതോടെ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള പക്ഷികളായും ഇവ മാറി. വിവിധ നിറമാണ് ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ശരീരത്തിലെ പൊട്ട് പോലെയുള്ള പുള്ളികളും തലയിലെ പൂവുമെല്ലാം ഇവയെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്.
അറുപത് ഇനങ്ങളാണ് ലവ് ബേര്‍ഡ്‌സിലുള്ളത്. പച്ച, നീല, പൈഡ്, ലൂട്ടിനോ, ആല്‍ബിനോ, ഓപ്പലിന്‍, ക്ലിയര്‍, സിന്നമണ്‍, സ്‌പാംഗിള്‍, ക്രെസ്റ്റ് എന്നിവയാണ് സാധാരണയുള്ളത്. ശബ്‌ദം കൊണ്ട് കിലുക്കാംപെട്ടിയെന്ന് തോന്നുന്ന ഇവ വളരെ ചെറുതാണ്. മാക്‌സിമം ഏഴ് ഇഞ്ചാണ് ഇവയുടെ ഏറ്റവും കൂടിയ വലുപ്പം. ശരീരത്തേക്കാളും നീളം ഇവയുടെ വാലിനുണ്ടാകും.
മുട്ടയിടാന്‍ സമയമായിട്ടും പിന്നെന്താ? ലവ് ബേര്‍ഡ്‌സിനെ വളര്‍ത്തുന്ന പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുട്ടയിടാന്‍ സമയമായിട്ടും അവ മുട്ടയിടാത്തത്. അല്ലെങ്കില്‍ ഇട്ട മുട്ട അപ്പോള്‍ തന്നെ പക്ഷികള്‍ കൊത്തി പൊട്ടിക്കുന്നതും കാണാറുണ്ട്. ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ ഇനി വേഗത്തില്‍ പരിഹരിക്കാനാകും. അതും വളരെ വേഗത്തില്‍.
പക്ഷികള്‍ പ്രായമായിട്ടും മുട്ടയിടാതിരിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം അവയുടെ ശരീരത്തിലെ കാത്സ്യത്തിന്‍റെ കുറവായിരിക്കും. ഇത് വേഗത്തില്‍ പരിഹരിച്ചാല്‍ ഇവയെല്ലാം സമയത്ത് മുട്ടയിടും. ലവ് ബേര്‍ഡ്‌സിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അത്യുത്തമമാണ് കണവനാക്ക്. ഇത് ഒരു കഷണം നല്‍കിയാല്‍ തന്നെ പക്ഷികളിലെ കാത്സ്യ കുറവ് പരിഹരിക്കാനാകും. കണവ മീനിലുണ്ടാകുന്ന ഒരുതരം അസ്ഥിയാണ് കണവനാക്ക്.
ഇത് കാത്സ്യത്തിന്‍റെ കലവറയാണ്. ഇതിന്‍റെ ഒരു കഷണം പക്ഷിയുടെ കൂട്ടില്‍ വച്ച് കൊടുക്കുകയോ അല്ലെങ്കില്‍ കെട്ടിതൂക്കിയിടുകയോ ചെയ്‌താല്‍ മതി. അത് അവ കൊത്തി കഴിക്കും. ശരീരത്തില്‍ കാത്സ്യ കുറവ് ഉണ്ടെന്ന് തിരിച്ചറിയുമ്പോള്‍ സ്വമേധയാ അവ അത് കഴിക്കും. ശരീരത്തിലെ കാത്സ്യക്കുറവ് പരിഹരിക്കപ്പെട്ടാല്‍ പക്ഷി വേഗത്തില്‍ മുട്ടയിടും. മാത്രമല്ല ഇട്ട മുട്ടകള്‍ കൊത്തിപ്പൊട്ടിക്കുന്നതിനും ഇതിലൂടെ പരിഹാരമാകും.
കാത്സ്യ കുറവുണ്ടാകുമ്പോള്‍ ഇട്ട മുട്ടകള്‍ നശിപ്പിക്കാന്‍ പ്രധാന കാരണം അതിന്‍റെ തൊലിയുടെ ബലക്കുറവാണ്. മുട്ടകളുടെ തൊലി കട്ടി കുറഞ്ഞതാണെന്ന് മുട്ടകള്‍ ഇടുമ്പോള്‍ തന്നെ പക്ഷികള്‍ക്ക് തിരിച്ചറിയാനാകും. അത്തരത്തിലുള്ള മുട്ടകളാണ് ഇവ കൊത്തിപ്പൊട്ടിക്കുക. കണവനാക്ക് നല്‍കുന്നത് കാത്സ്യത്തിനും അവയുടെ ആരോഗ്യം നിലനിര്‍ത്തി കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനും കാരണമാകും.
വളര്‍ത്തലും കൂടൊരുക്കലും: മിതമായ ചൂടും തണുപ്പുമാണ് ലവ് ബേര്‍ഡ്‌സിന് അനുയോജ്യമായ കാലാവസ്ഥ. ഈ രണ്ട് കാലവസ്ഥകളിലും ഇതിന് ജീവിക്കാനാകുമെന്നത് കൊണ്ട് തന്നെ ഏത് ദേശത്തും ഏത് ആവാസ വ്യവസ്ഥയിലും ഇതിന് ഇണങ്ങാനാകും. ചെറിയ കമ്പി കൂടുകള്‍ മാത്രം മതി ഇവയെ വളര്‍ത്താന്‍ എന്നതും പക്ഷി പ്രേമികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്.
വലിയ കമ്പി കൂടുകളില്‍ മണ്‍കലങ്ങള്‍ വച്ചുള്ള കോളനി രീതിയുമാകാം. ഓരോ ജോഡികളെ പ്രത്യേകം പാര്‍പ്പിക്കുന്ന കേജ് രീതിയും വളര്‍ത്തലില്‍ പിന്‍തുടരാം. ഇതില്‍ കോളനി രീതിയാണ് ഏറ്റവും എളുപ്പമെങ്കിലും ഏറെ കാലം ഇവയെ ഇങ്ങനെ വളര്‍ത്തിയാല്‍ വര്‍ഗ ഗുണം നഷ്‌ടപ്പെടാനും സാധ്യതുണ്ട്.
കൂടൊരുക്കമുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിന്‍റെ ബലവും സുരക്ഷിതത്വവുമാണ്. പൂച്ച, പാമ്പ് എന്നിങ്ങനെയുള്ള ജീവികള്‍ കൂടിനകത്തേക്ക് കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല കൂട്ടില്‍ ഈര്‍പ്പം നിലനില്‍ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കാറ്റ്, മഴ എന്നിവ കാരണം കൂടിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും കരുതല്‍ വേണം.
കൂട്ടത്തോടെ താമസിക്കാന്‍ ഇഷ്‌ടമുള്ള ഇവയ്‌ക്ക് കൂടിനുള്ളില്‍ പ്രത്യേകമായി ഒരു മണ്‍കലവും സജ്ജമാക്കണം. അതാണ് പ്രസവ അറകള്‍. ഇത് കേട്ട് ഇവ പ്രസവിക്കുമോയെന്ന് തെറ്റിദ്ധരിക്കേണ്ട. ഇവയ്‌ക്ക് മുട്ടയിടാനുള്ള അറകളാണ് അത്. ഒരു ജോഡിയെ പാര്‍പ്പിക്കാന്‍ 1x1x2 അടി വിസ്‌തീര്‍ണമുള്ള കമ്പിക്കൂടെങ്കിലും വേണം.
ഇഷ്‌ട ഭക്ഷണം ചെറുധാന്യം: ചെറു ധാന്യമായ തിനയാണ് ലവ് ബേര്‍ഡ്‌സിന്‍റെ ഇഷ്‌ട ഭക്ഷണം. നുറുക്ക് ഗോതമ്പ് വെള്ളത്തിലിട്ട് കുതിര്‍ത്തും നല്‍കാം. തുളസിയില, പുല്ല്, മല്ലിയില എന്നിവയും നല്‍കുന്നവരുണ്ട്. പ്രജനന സമയത്ത് പ്രത്യേക ഭക്ഷണവും തയ്യാറാക്കി നല്‍കുന്നവരുമുണ്ട്.
വളര്‍ച്ചയും മുട്ടയിടലും: 6 മുതല്‍ 9 മാസം ആകുമ്പോഴേക്കും ഇവയ്‌ക്ക് പൂര്‍ണ വളര്‍ച്ചയെത്തും. എന്നാല്‍ ഒരു വയസാകുമ്പോഴോ അതിന് ശേഷമോ ഇണ ചേര്‍ക്കുന്നതാണ് ഉത്തമം. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ മൂന്നാം മാസമെത്തുമ്പോള്‍ ഇവ ആദ്യത്തെ തൂവല്‍ പൊഴിക്കും. ഒരു കൂട്ടില്‍ നിറയെ ലവ് ബേര്‍ഡ് ഉണ്ടെങ്കില്‍ അവയെ എങ്ങനെ തിരിച്ചറിയുമെന്നതും ഏറെ സംശയുള്ള കാര്യമാണ്. അതിന് ഒരു എളുപ്പ വഴിയുണ്ട്. ആണ്‍ പക്ഷികളുടെ കൊക്കിന് മുകളിലുള്ള കറുപ്പാണ് ഇവയെ തിരിച്ചറിയാനുള്ള മാര്‍ഗം.
പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ പക്ഷികള്‍ 4 മുതല്‍ 6 മുട്ടകള്‍ വരെയിടും. മുട്ടയിട്ടാല്‍ 18 ദിവസം കൊണ്ട് അവ വിരിഞ്ഞിറങ്ങുകയും ചെയ്യും. ഓരോ ഇടവിട്ട ദിവസങ്ങളിലായാണ് കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നത്. വിരിഞ്ഞിറങ്ങുന്ന ഇവയെ 5 ആഴ്‌ച കഴിഞ്ഞാല്‍ തള്ളയില്‍ നിന്നും വേര്‍തിരിക്കുകയും ചെയ്യാം.
Also Read |
- മൊഞ്ചേറും മെഹന്തി ഡിസൈനുകള്‍; കല്യാണത്തിനും പെരുന്നാളിനും ഈ പാറ്റേണുകളായാലോ
- റോസാച്ചെടി പൂത്തുലയും; ഇതൊഴിച്ചാല്‍ മതി
- ഞൊടിയിടയിൽ തയ്യാറാക്കാം നല്ല മൊഞ്ചുള്ള കൊഞ്ച് തീയൽ; റെസിപ്പി ഇതാ...
- മലനിരകളെ പുല്‍കി കോടമഞ്ഞും കുളിരും; ട്രിപ്പ് വൈബാക്കാന്‍ പറ്റിയൊരിടം, വിസ്‌മയമായി രണ്ടാംമൈല്‍ വ്യൂപോയിന്‍റ്
- ചുവന്നുള്ളിയും തേങ്ങാക്കൊത്തും; മലപ്പുറത്തിന്‍റെ വെറൈറ്റി ഉള്ളി ചിക്കന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായ റെസിപ്പി