പലരെയും മാനസികമായി തളർത്തുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. പ്രായമാകുമ്പോൾ മുടി കൊഴിയുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. താരൻ, പോഷകക്കുറവ്, ഉറക്കക്കുറവ്, ഹോർമോൺ തകരാർ, പാരമ്പര്യം, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മർദ്ദം തുടങ്ങീ പല കരണങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടാകാം. മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ചില വീട്ടുവൈദ്യങ്ങൾ സഹായിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. അത്തരത്തിൽ സഹായിക്കുന്ന ഒന്നാണ് ഫ്‌ളാക്‌സ് സീഡ്‌സ്. ഇത് ആരോഗ്യകരമായ മുടി നിലനിർത്താൻ വളരെയധികം സഹായിക്കും. ഫ്ലാക്‌സ് സീഡിന്‍റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ഫ്ലാക്‌സ് സീഡിൻ്റെ ആരോഗ്യ ഗുണങ്ങൾ
ആന്‍റി ഓക്‌സിഡന്‍റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാത്സ്യം, ഫൈബർ എന്നിവയുടെ മികച്ച ഉറവിടമാണ് ഫ്ലാക്‌സ് സീഡ്. ശരീരികാരോഗ്യം നിലനിർത്താൻ സഹായിക്കുന്നത് പോലെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും. കട്ടിയുള്ളതും ബലമുള്ളതും തിളക്കമുള്ളതുമായ മുടിയ്ക്ക് ഫ്ലാക്‌സ് സീഡിന്‍റെ ഉപയോഗം ഫലപ്രദമാണ്. മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയ്ക്കും ഇത് സഹായിക്കും.
ഫ്ലാക്‌സ് സീഡ് ഹെയർ ജെൽ
ആരോഗ്യകരമായ മുടിയുടെ നിലനിർത്താൻ ഫ്ലാക്‌സ് സീഡ് ഹെയർ ജെൽ ഉപയോഗിക്കാം. അതിനായി ഫ്ലാക്‌സ് സീഡ്, കറ്റാർ വാഴ ജെൽ, അൽപ്പം വെള്ളം എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് മസാജ് ചെയ്യുക. 15 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ഫ്ലാക്‌സ് സീഡ് ഹെയർ മാസ്‌ക്
ഹെയർ മാസ്‌കായും ഫ്ലാക്‌സ് സീഡ് ഉപയോഗിക്കാം. ഇതിനായി രണ്ട് ടേബിൾ സ്‌പൂൺ വീതം പൊടിച്ച ഫ്ലാക്‌സ് സീഡും വെളിച്ചെണ്ണയും നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചിൽ തടയാനും മുടിയ്ക്ക് ബലവും തിളക്കവും നൽകാനും സഹായിക്കും.
അവലംബം : https://pmc.ncbi.nlm.nih.gov/articles/PMC5947041/
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഇനി മുടി പൊട്ടി പോകില്ല ; ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ