ക്രിസ്‌തുമസ് അടുത്തെത്തി കഴിഞ്ഞു. ക്രിസ്‌തുമസ് ആഘോഷത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് കേക്കും വീഞ്ഞും. ഇവ രണ്ടും വീടുകളിൽ തന്നെ ഉണ്ടാക്കുന്നവരാണ് പലരും. ക്രിസ്‌തുമസ് ദിനത്തിൽ വൈൻ പൊട്ടിക്കണമെങ്കിൽ ഇന്ന് തന്നെ മുന്തിരിങ്ങ ഭരണിയിലാക്കണം. പലതരം പഴങ്ങൾ കൊണ്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വൈൻ തയ്യാറാക്കിയെടുക്കാവുന്നതാണ്. എന്നാൽ പഴകും തോറും വീഞ്ഞിരിന് വീര്യം കൂടുമെന്നാണല്ലോ ചൊല്ല്. 25 ദിവസം കൊണ്ട് ഉണ്ടാക്കാവുന്ന സ്പെഷ്യൽ മുന്തിരി വൈൻ റെസിപ്പി ഇതാ.
ആവശ്യമായ ചേരുവകൾ
- മുന്തിരി- 6 കിലോ
- പഞ്ചസാര- 4 കിലോ
- യീസ്റ്റ്- 9 ഗ്രാം
- ഗോതമ്പ്- 1/2 കിലോ
- കറുവ പട്ട- 20 കഷ്ണം (1 ഇഞ്ച് നീളം)
- ഏലയ്ക്ക - 20 എണ്ണം
- ഗ്രാമ്പൂ - 30 എണ്ണം
- വെള്ളം- 2 ലിറ്റർ
തയ്യാറാക്കുന്ന വിധം
മുന്തി ഉപ്പ് ചേർത്ത വെള്ളത്തിൽ നന്നായി കഴുകി എടുക്കുക. ഇതിലെ ജലാംശം പൂർണമായി ഇല്ലാതാകുന്നത് വരെ ഉണക്കിയെടുക്കുക. അൽപം പോലും ജലാംശം ഇല്ലെന്ന് ഉറപ്പാക്കണം. ഗോതമ്പും ഇതേ പോലെ കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കാം. ശേഷം ഒട്ടും നനവില്ലാത്ത വൃത്തിയുള്ള ഭരണിയിലേക്ക് മുന്തിരിയിടുക. ഇതിനു മുകളിലേക്ക് പഞ്ചസാര ചേർക്കുക. പല ലെയറുകളായി ഇത് ആവർത്തിക്കാം. ഇതിന് മുകളിലായി ഉണങ്ങിയ ഗോതമ്പും ചേർക്കാം. ശേഷം തിളപ്പിച്ച വെള്ളത്തിൽ അലിയിച്ച യീസ്റ്റ് ഇതിലേക്ക് ഒഴിക്കുക. രണ്ട് ലിറ്റർ വെള്ളം കൂടി ചേർത്ത് വായുസഞ്ചാരം ഇല്ലാത്ത വിധത്തിൽ കട്ടിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഭരണായി നന്നായി അടച്ചു വയ്ക്കാം.
മൂന്ന് ദിസവം സൂര്യപ്രകാശം തട്ടാതെ സൂക്ഷിക്കാം. ഓരോ മൂന്ന് ദിവസം കൂടുമ്പോൾ അതി രാവിലെ ഭരണി തുറന്ന് ഉണങ്ങിയ തടി കൊണ്ട് ഇളക്കി യോജിപ്പിക്കാം. ശേഷം ഭരണി നേരത്തേതുപോലെ അടച്ചുവയ്ക്കാം. 15 ദിവസം കഴിഞ്ഞാൽ നന്നായി ചതച്ചെടുത്ത ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേർത്ത് യോജിപ്പിച്ച് വീണ്ടും മൂടി വയ്ക്കുക. ആറ് ദിവസം കഴിഞ്ഞ് ഇത് അരിച്ചെടുത്ത് മറ്റൊരു ഭരണിയിലേക്ക് മാറ്റം. 12 മണിക്കൂർ അനക്കാതെ വച്ചതിന് ശേഷം ഭരണി വീണ്ടും വായു കടക്കാത്ത വിധം അടച്ച് സൂര്യപ്രകാശമില്ലാത്ത ഇടത്ത് സൂക്ഷിക്കാം. 5 മുതൽ 21 ദിവസങ്ങൾ വരെ ഇത് സൂക്ഷിക്കാവുന്നതാണ്. ശേഷം ഇഷ്‌ടാനുസരണം ഉപയോഗിക്കാം.
Also Read : ബാക്കി വന്ന ചോറ് കളയല്ലേ... 10 മിനിറ്റിൽ തയ്യാറാക്കാം ഒരു അടിപൊളി പലഹാരം