മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമാണ് നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്. ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്ന് കേൾക്കുമ്പോൾ മിക്കവരുടെയും മനസിലേക്ക് ആദ്യം ഓടിയെടുകുക ഊട്ടിയും കൊടൈകാനാലുമായിരിക്കും. എന്നാൽ ഇതിനു പുറമെ പ്രകൃതി രമണീയവും ദ്രാവിഡ സംസ്‌കാര പൈതൃകം വിളിച്ചോതുന്നതുമായ മറ്റ് നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ തമിഴ്‌നാട്ടിലുണ്ട്. കണ്ണിനും മനസിനും ഒരുപോലെ കുളിമയേകുന്ന അധികമാർക്കും അറിയാത്തതുമായ തമിഴ് മണ്ണിലെ അതിമനോഹരമായ ഇടങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
തരംഗമ്പാടി
ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന ഒരു വിജനമായ സ്ഥലമാണ് തരംഗമ്പാടി. ഇന്ത്യയിലെ ആദ്യ ഡാനിഷ് കോട്ട സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഒറ്റപെട്ടു കിടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ ഇഷ്‌ടപ്പെടുന്നവർക്ക് തരംഗമ്പാടി മികച്ച ഒരു ഓപ്‌ഷനാണ്. ഡാനിഷ് മ്യൂസിയം, ശ്രീ മസിലാമണിശ്വര ക്ഷേത്രം എന്നിവയും ഇവിടുത്തെ ആകർഷണ കേന്ദ്രങ്ങളാണ്. നവംബർ മുതൽ മാർച്ച് വരെയാണ് തരംഗമ്പാടി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
സിരുമല
തമിഴ്‌നാട്ടിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സിരുമല. സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിരുമല വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. വർഷത്തിലുടനീളം തണുത്ത കാലാവസ്ഥയുള്ള ഇവിടേയ്ക്ക് 18 ചുരങ്ങൾ താണ്ടി വേണം എത്താൻ. വഴിയിലുടനീളം നിബിഢവനങ്ങളുടെ വശ്യതയും ആസ്വദിക്കാം. 18 -ാം ചുരത്തിൽ എത്തിയാൽ ദിണ്ടിഗൽ നഗരത്തിൻ്റെ മനോഹരമായ കാഴ്‌ചയും കാണാം.
പിച്ചവാരം
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടൽകാട് സ്ഥിതി ചെയ്യുന്ന ഇടമാണ് പിച്ചാവരം. കണ്ടുമടുക്കാത്ത കാഴ്‌ചകൾ തേടുന്ന ആളുകൾക്ക് സഞ്ചരിക്കാവുന്ന മികച്ച ഒരിടമാണ് ഇവിടം. പോണ്ടിചേരിയിൽ നിന്നും രണ്ടു മണിക്കൂർ സഞ്ചരിച്ചാൽ പിച്ചവാരത്തെത്താം. 2004 ൽ തമിഴ്‍നാട് തീരങ്ങളെ സുനാമി വിഴുങ്ങിയപ്പോൾ ചെറുത്തുനിന്ന ഒരേ ഒരു ഗ്രാമമാണ് പിച്ചവാരം. ലോകശ്രദ്ധ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. പിച്ചവാരത്തിലേക്കുള്ള യാത്രക്കിടെ തഞ്ചാവൂർ ക്ഷേത്രം, ചിദംബരം നഗരം, പോണ്ടിച്ചേരി എന്നിവിടങ്ങളിലും സന്ദർശിക്കാം. ഇടുങ്ങിയ ജലപാതകളിലൂടെയുള്ള മനോഹരമായ ബോട്ട് സവാരിയാണ് ഇവിടുത്തെ മുഖ്യ ആകർഷണം.
ഓറോവിൽ
പ്രഭാതത്തിന്‍റെ നഗരം എന്നർത്ഥമുള്ള ഓറോവിൽ സമൃദ്ധമായ പച്ചപ്പ്, ശാന്തമായ അന്തരീക്ഷം എന്നിവയാൽ സമ്പന്നമാണ്. സമാധാനം, സുസ്ഥിരത, ആത്മീയ വളർച്ച എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സമൂഹമാണ് ഓരോവിലിലുള്ളത്. പുതുച്ചേരിയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ ഓരോവില്ലിൽ എത്താം. വില്ലുപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓറോവിലിൽ മതം, ജാതി, ദേശം, ഭാഷ, സമ്പത്ത് തുടങ്ങീ ഒരുതരത്തിലുള്ള വേർതിരിവുകളും ഇല്ലാത്ത ഇടമാണ്. ധ്യാനം, യോഗ, എന്നിവ അഭ്യസിക്കാൻ ഇഷ്‌ടപെടുന്നവർക്കും സമാധം തേടി യാത്ര ചെയ്യുന്നവർക്കും സ്വർഗമാണ് ഇവിടം.
ജവാദു കുന്നുകൾ
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജവാദ് കുന്നുകൾ പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ്. തിങ്ങി നിറഞ്ഞു നിൽക്കുന്ന വനങ്ങൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ, മനോഹരമായ ഗ്രാമപ്രദേശങ്ങൾ എന്നിവ ഇവിടെ എത്തുന്ന സഞ്ചരികൾക്ക് പുതിയൊരു അനുഭവം നൽകുന്നു. ട്രെക്കിങ്ങ് ഇഷ്‌ടപ്പെടുന്നവരുടെ ഒരു പ്രധാന സങ്കേതം കൂടിയാണ് ഇവിടം. ഒക്‌ടോബറിനും മാർച്ചിനും ഇടയിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന ഇടമാണ് ജാവദു കുന്നുകൾ. ബീമ വെള്ളച്ചാട്ടം, കോമുട്ടേരി തടാകം, അമൃതി വനം, കവലൂർ ഒബ്‌സർവേറ്ററി എന്നിവയാണ് ഇവിടുത്തെ മറ്റ് ആകർഷണം.