പോഷകസമൃദ്ധമായ ആഹാരമാണ് മുട്ട. കൊളസ്‌ട്രോൾ വർധിക്കുമെന്ന് പേടിച്ച് മുട്ട കഴിക്കാതിരിക്കുന്നവരാണ് പലരും. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നവരുമുണ്ട്. പ്രോട്ടീൻ, ആന്‍റി ഓക്‌സിഡന്‍റ്, കാൽസ്യം, ധാതുക്കൾ എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് മുട്ട. ദിവസവും രണ്ട് മുട്ട വരെ കഴിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നൽകും. എന്നാൽ അതിൽ കൂടുതൽ കഴിക്കുന്നത് സുരക്ഷിതവുമല്ല. ദിവസേന രണ്ട് മുട്ട കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
പ്രോട്ടീൻ
ഉയർന്ന നിലവാരമുള്ള പ്രോട്ടീനിന്‍റെ സമ്പന്ന ഉറവിടമാണ് മുട്ട. ഇത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കും. ശരീരത്തിന് ആവശ്യമായ പ്രോട്ടീനിന്‍റെ 14 % രണ്ട് മുട്ട കഴിക്കുന്നതിലൂടെ ലഭിക്കും.
ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മുട്ട കഴിക്കുന്നത് നല്ലതാണ്. ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീനും കുറഞ്ഞ കലോറിയുമാണ് അടങ്ങിയിട്ടുള്ളത്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ദിവസേന രാവിലെ രണ്ട് മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
ഹൃദയാരോഗ്യം സംരക്ഷിക്കാൻ
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്‌സിഡന്‍റ്, ട്രൈഗ്ലിസറൈഡുകൾ എന്നിവ മുട്ടയിലുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. അതിനാൽ ദിവസേന ഒന്നോ രണ്ടോ മുട്ട വീതം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
കണ്ണിന്‍റെ ആരോഗ്യം
മുട്ടയിൽ സിയാക്‌സാന്തിൽ, വിറ്റാമിൻ സി, ഇ, പ്രകൃതിദത്ത ആന്‍റി ഓക്‌സിഡന്‍റായ ല്യൂട്ടൂൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിന്‍റെ കാഴ്‌ച സംരക്ഷിക്കും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനെ ചെറുക്കാനും മുട്ട സഹായിക്കും.
തലച്ചോറിന്‍റെ ആരോഗ്യം
തലച്ചോറിന്‍റെ പ്രവർത്തനത്തെ സഹായിക്കുന്ന ന്യൂറോ ട്രാൻസ്‌മിറ്ററുകളുടെ ഉത്പാദനത്തിന് സാഹായിക്കുന്ന കോളിൻ മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസ്‌തിഷ്‌കത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെയധികം ഗുണം ചെയ്യും.
മുടിയുടെ ആരോഗ്യം
മുടിയുടെയും നഖങ്ങളുടെയും വളർച്ചയ്ക്ക് സഹായിക്കുന്ന സൾഫർ മുട്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസേന മുട്ട ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
ക്യാൻസർ സാധ്യത കുറയ്ക്കും
മുട്ടയിൽ കോളിനും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ഇത് ക്യാൻസർ സാധ്യത കുറയ്ക്കാൻ ഗുണം ചെയ്യും. വൻകുടൽ, പോസ്ട്രേറ്റ്, സ്‌തനം എന്നീ ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാം; ഈ സൂപ്പർ ഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ...