ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ് മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ. രാജ്യത്തുടനീളം അദ്ദേഹത്തിന് ആരാധകരുടെ ഒരു നിര തന്നെയുണ്ട്. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടനായി മാറാൻ ചുരുങ്ങി കാലം കൊണ്ട് തന്നെ ദുൽഖറിന് സാധിച്ചിരുന്നു. മോളിവുഡിലെ ഏറ്റവും സമ്പന്നരായ നടന്മാരെ എടുത്താലും അവിടെയും ദുൽഖറിനെ കാണാനാകും.
ഒരു നടൻ എന്നതിലുപരി വിജയകരമായ സംരംഭകൻ കൂടിയാണ് താരം. ആഡംബര കാറുകളുടെ ഒരു വലിയ ശേഖരവും താരത്തിനുണ്ട്. ചെറുപ്പം മുതലേയുള്ള ദുൽഖറിന്‍റെ വണ്ടിപ്രാന്തിനെ കുറിച്ച് മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികാലത്ത് മിനിയേച്ചർ കാറുകളുടെ വലിയൊരു ശേഖരം ദുൽഖർനുണ്ടായിരുന്നെന്ന് ഒരു അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു. വണ്ടികളോടുള്ള പ്രേമം എത്രത്തോളമുണ്ടെന്ന് ദുൽഖറിന്‍റെ സോഷ്യൽ മീഡിയ പേജുകളിലും വ്യക്തമായി കാണാം.
വണ്ടികൾ വാങ്ങി കൂട്ടുന്ന ശീലമുള്ളതിനാൽ വിപണിയിൽ ഇറങ്ങുന്ന ഏറ്റവും പുതിയ വാഹനങ്ങൾ താരത്തിന്‍റെ പക്കലുണ്ടാകും. എന്നാൽ വെറുതെ വാങ്ങി കൂട്ടുകയല്ല. വാങ്ങുന്ന ഓരോ വണ്ടിയെ കുറിച്ചും കൃത്യമായ ധാരണയും താരത്തിനുണ്ട്. പോർഷേ 911 കരേര എസ്, ഓഡി Q7, മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, റേഞ്ച് റോവർ വോഗ്, ബിഎംഡബ്യൂ എം3 കൺവേർട്ടിബിൾ, ഫെരാരി 458 സ്പൈഡർ, ബിഎംഡബ്യൂ എക്‌സ് 6, മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63, ബിഎംഡബ്യൂ എം 5, പാനമേറ, മിനി കൂപ്പർ, മിത്സുബിഷി പജേരോ സ്പോർട്ട് എന്നിങ്ങനെ നീളുന്നു കാർ ശേഖരത്തിന്‍റെ നിര.
ക്ലാസിക് കാറുകളോടുള്ള ദുൽഖറിന്‍റെ കമ്പവും ഒട്ടും ചെറുതല്ല. ഡബ്യൂ 123 മെഴ്‌സിഡസ് ബെൻസ് ടിഎംഇ 250 ഉൾപ്പെടെയുള്ള വിന്‍റേജ് കാറുകളും താരത്തിന് സ്വന്തമായുണ്ട്. കാറുകൾക്ക് പുറമെ ആഡംബര ബൈക്കുകളോടെയും താരത്തിന് പ്രിയമാണ്. റോയൽ എൻഫീൽഡ് ക്ലാസിക് മോഡൽ, ട്രയംഫ് ബോണവില്ലെ, ബിഎംഡബ്ല്യു R1200GS അഡ്വഞ്ചർ ഉൾപ്പെടെയുള്ള ബൈക്കുകളുടെ ഒരു വലിയ ശേഖരം തന്നെ ദുൽഖറിനുണ്ട്.
ദുബായിലെ ഐടി ജോലി ഉപേക്ഷിച്ച് അച്ഛൻ മമ്മൂട്ടിയുടെ പാത പിന്തുടർന്ന താരത്തിന്‍റെ വളർച്ച അതിവേഗമായിരുന്നു. ഇന്ന് ചലച്ചിത്ര നിർമ്മാണ കമ്പനി ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങളും താരത്തിന് സ്വന്തമായുണ്ട്. ഒരു ചിത്രത്തിൽ അഭിനയിക്കാൻ 8 കോടി രൂപയാണ് താരത്തിന്‍റെ പ്രതിഫലം. ലൈഫ്‌സ്റ്റൈൽ ഏഷ്യയുടെ റിപ്പോർട്ട് പ്രകാരം 2023 ൽ ദുൽഖറിന്‍റെ ആസ്‌തി 7 മില്യൺ ഡോളറാണ് (57 കോടി രൂപ).