എത്ര ഉറങ്ങിയിട്ടും ക്ഷീണം വിട്ടുമാറാത്ത ആളുകൾ നമുക്കിടയിലുണ്ട്. പല ഘടകങ്ങളാൽ ഇത് സംഭവിക്കാം. എന്നാൽ പോഷകാഹാരത്തിന്‍റെ അഭാവം ഇതിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ശരീരത്തിന്‍റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് വിറ്റാമിനുകളുടെയും ധാതുക്കളുടെയും പങ്ക് വളരെ വലുതാണ്. എന്നാൽ ചില പോഷകങ്ങളുടെ കുറവ് ശരീരത്തിന്‍റെ പ്രവർത്തനത്തെ പാടെ താളം തെറ്റിക്കും. ഇത് കടുത്ത ക്ഷീണം, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയിലേക്ക് നയിക്കും. അതിനാൽ ഈ പോഷകങ്ങളുടെ കുറവ് ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
വിറ്റാമിൻ ഡിയുടെ അഭാവം
ഊർജ്ജം നിലനിർത്താൻ വിറ്റാമിൻ ഡിയുടെ പങ്ക് വളരെ വലുതാണ്. ശരീരത്തിൽ ഇതിന്‍റെ അളവ് കുറയുന്നത് ക്ഷീണം അനുഭവപ്പെടാനും പേശികളുടെ ബലം നഷ്‌ടമാകാനും കാരണമാകും. അതിനാൽ ഡയറ്റിൽ കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ, ഫോർട്ടിഫൈഡ് പാൽ എന്നിവ ഉൾപ്പെടുത്തുക.
വിറ്റാമിൻ ബി 12 ന്‍റെ അഭാവം
ചുവന്ന രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കാൻ വിറ്റാമിൻ ബി 12 പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ നാഡികളുടെ പ്രവർത്തനത്തിനും വിറ്റാമിൻ ബി 12 ആവശ്യമാണ്. ഇതിന്‍റെ കുറഞ്ഞ അളവ് കടുത്ത ക്ഷീണം ഉണ്ടാക്കുന്നതിന് പുറമെ മൂഡ് സ്വിംഗ്‌സ്, മെമ്മറി പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാക്കാനും ഇടയാകും.
വിറ്റാമിൻ ബി 9 ന്‍റെ കുറവ്
കോശവളർച്ച, ഡിഎൻഎ ഉൽപാദനം തുടങ്ങിയവയ്ക്ക് വിറ്റാമിൻ ബി 9 ആവശ്യമാണ്. ഇതിന്‍റെ അളവ് കുറയുമ്പോൾ ക്ഷീണം, മോശം ഏകാഗ്രത എന്നിവയ്ക്ക് കാരണമാകും. അതിനാൽ വിറ്റാമിൻ ബി 9 അടങ്ങിയിട്ടുള്ള ഇലക്കറികൾ, ബീൻസ്, സിട്രസ് പഴങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
മഗ്നീഷ്യത്തിന്‍റെ കുറവ്
ശരീരത്തിൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ മഗ്നീഷ്യം ആവശ്യമാണ്. പേശികളുടെ പ്രവർത്തനം ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ മഗ്നീഷ്യത്തിന്‍റെ പങ്ക് വളരെ വലുതാണ്. ശരീരത്തിൽ മഗ്നീഷ്യത്തിൻ്റെ അഭാവം ഉണ്ടാകുമ്പോൾ ക്ഷീണം വിട്ടുമാറാത്ത അവസ്ഥയുണ്ടാകും. അതിനാൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള ബദാം, അവോക്കാഡോ, ഇലക്കറികൾ എന്നിവ പതിവായി കഴിക്കാം.
അയേണിന്‍റെ കുറവ്
പേശികൾക്കും ടിഷ്യൂകൾക്കും ആവശ്യമായ ഓക്‌സിജൻ നൽകാൻ സഹായിക്കുന്നവയാണ് ചുവന്ന രക്താണുക്കൾ. എന്നാൽ ചുവന്ന രക്താണുക്കളിൽ അയേണിന്‍റെ കുറവ് ഉണ്ടാകുമ്പോൾ ഇവയ്ക്ക് മതിയായ ഓക്‌സിജൻ ലഭിക്കാതെ വരും. ഇത് ബലഹീനതയും ക്ഷീണം എന്നിവയ്ക്ക് കാരണമാകും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: ദിവസവും രണ്ട് മുട്ട കഴിക്കാം; ആരോഗ്യ ഗുണങ്ങൾ നിരവധി