നിരവധി സഞ്ചാരിപ്രേമികളുടെ ഇഷ്‌ടരാജ്യമാണ് നേപ്പാള്‍. എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. പൊഖാറ അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, ബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗർമാതാ നാഷനൽ പാർക്ക് (എവറസ്റ്റ്), ചിത്വാൻ ദേശീയോദ്യാനം, കാഠ്മണ്ഡു താഴ്‌വരയിലെ ഏഴ് സൈറ്റുകൾ എന്നിങ്ങനെ നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളുള്ളതിനാല്‍ സഞ്ചാരികളുടെ പറുദീസയാണ് നേപ്പാള്‍. എന്നാല്‍ സമീപ വർഷങ്ങളിൽ നേപ്പാൾ നിരവധി വ്യോമയാന ദുരന്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍ വിമാനയാത്രികര്‍ക്ക് പേടിസ്വപ്നമായി മാറുകയാണ്.
നേപ്പാളിലെ സിവിലിയൻ അതോറിറ്റി 1955 മുതൽ രാജ്യത്ത് കുറഞ്ഞത് 69 വിമാന അപകടങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ 45 എണ്ണം മാരകമായിരുന്നു. 1955 മുതൽ വിമാനാപകടങ്ങളിൽ ഏകദേശം 900 പേർക്ക് ജീവന്‍ നഷ്‌ടമായി. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2013 ഡിസംബറിൽ യൂറോപ്യൻ യൂണിയൻ എല്ലാ നേപ്പാൾ എയർലൈനുകളും യൂറോപ്യൻ വ്യോമാതിർത്തിയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. 1992 മുതല്‍ 16 ദുരന്തങ്ങളിലായി 630 പേരാണ് കൊല്ലപ്പെട്ടത്.
പതിവായി വ്യോമയാന ദുരന്തങ്ങൾ ഉണ്ടാകുന്നതിന്‍റെ കാരണങ്ങള്‍
പൈലറ്റുമാരുടെ അപര്യാപ്തമായ പരിശീലനവും വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ അഭാവം, നേപ്പാളി എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർക്ക് പുതിയ വിമാനങ്ങൾ വാങ്ങാൻ കഴിയാത്തതിനാല്‍ വിലകുറഞ്ഞ വിമാനങ്ങൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നതും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾക്കുള്ള ഉപകരണങ്ങളുടെ അഭാവം എന്നിവയാണ് പതിവായി ദുരന്തങ്ങൾ ഉണ്ടാകുന്നതിന്‍റെ കാരണങ്ങളെന്ന് ചൂണ്ടിക്കാട്ടുന്നത്.
1992ല്‍ കാഠ്‌മണ്ഡുവിലേക്ക് അടുക്കുമ്പോൾ പാകിസ്ഥാൻ ഇന്‍റര്‍നാഷണൽ എയർലൈൻസ് വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 167 പേരും മരിച്ചു. ഇതായിരുന്നു നേപ്പാളിലെ എക്കാലത്തെയും വലിയ വിമാനാപകടം. ഈ വർഷമാദ്യം തായ് എയർവേയ്‌സ് വിമാനവും ഇതേ വിമാനത്താവളത്തിന് സമീപം തകർന്ന് 113 പേർ മരിക്കുകയുണ്ടായി.
2023 ജനുവരിയില്‍ പൊഖാറയിലുണ്ടായ അപകടത്തില്‍ 68 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. 2022ല്‍ 22, 2018ല്‍ 51, 2016ല്‍ 23, 2014ല്‍ 18, 2012ല്‍ 19, 2012ല്‍ മറ്റൊരു അപകടത്തില്‍ 15, 2011ല്‍ 19, 2010ല്‍ 22, 2010ല്‍ മറ്റൊരു അപകടത്തില്‍ 14, 2008ല്‍ 18, 2002ല്‍ 18, 2000ല്‍ 25 പേര്‍ക്ക് വിവിധ ദുരന്തങ്ങളിലായി ജീവന്‍ നഷ്‌ടമായി.
ബാലതാരം തരുണി സച്ച്ദേവിന്‍റെ മരണത്തിനിടയാക്കിയ വിമാനപകടം
വെള്ളിനക്ഷത്രം എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു തരുണി സച്ച്‌ദേവ്. പിന്നീട് വിനയന്‍റെ തന്നെ സത്യം എന്ന ചിത്രത്തില്‍ വേഷമിട്ടു. 2009 ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ നായകനായ പാ, തമിഴിലെ വെട്രി സെല്‍വന്‍ എന്നീ ചിത്രങ്ങളിലും തരുണി അഭിനയിച്ചു.
2012ല്‍ അമ്മയ്ക്കൊപ്പം പൊഖാരയില്‍ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു തരുണിയുടെ ജീവന്‍ നഷ്‌ടമായത്. ജോംസോമിന് സമീപം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. തരുണിയുടെ അമ്മ ഗീത സച്ദേവും കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ 15 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി.
Also Read: രാജസ്ഥാനില്‍ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു