കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും തുടര്‍ന്നുള്ള കലാപങ്ങള്‍ക്കും പിന്നാലെ ഇടതുപക്ഷത്തിന് അവസരം നല്‍കി ശ്രീലങ്കയുടെ രാഷ്‌ട്രീയ ഭൂമിക. ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ അനുര കുമാര ദിസനായകെ ശ്രീലങ്കയിലെ ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്‍റെന്ന ബഹുമതിയോടെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ ദ്വീപിന് രണ്ടാം ഘട്ട മുന്‍ഗണന വോട്ടെണ്ണലിലേക്ക് കടക്കേണ്ടി വന്നു എന്ന പ്രത്യേകതയുമുണ്ട് ഈ തെരഞ്ഞെടുപ്പിന്.
അഴിമതി വിരുദ്ധ നേതാവെന്ന പ്രതിച്ഛായയാണ് ദിസനായകെയ്ക്ക് ദ്വീപ് രാഷ്‌ട്രത്തിലുള്ളത്. 56-കാരനായ ദിസനായകെ എകെഡി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. അരനൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ജനത വിമുക്തി പെരമുനയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവാണ് ദിസനായകെയുടെ വിജയം. ശ്രീലങ്കയുടെ രാഷ്‌ട്രത്തലവനാകുന്ന ആദ്യത്തെ മാർക്‌സിസ്റ്റ് പാർട്ടി നേതാവാണ് അദ്ദേഹം.
ജെവിപിയുടെ വിശാല മുന്നണിയായ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ സന്ദേശവും രാഷ്‌ട്രീയ സംസ്‌കാരത്തിലെ മാറ്റമെന്ന വാഗ്‌ദാനവും സാമ്പത്തിക പ്രതിസന്ധിയിലെ മാറ്റം എന്ന വാഗ്‌ദാനവും യുവ വോട്ടർമാരിൽ ശക്തമായി പ്രതിധ്വനിച്ചു എന്ന് വേണം കരുതാന്‍. 2019-ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മൂന്ന് ശതമാനത്തോളം വോട്ട് മാത്രം നേടി എന്ന വസ്‌തുത പരിശോധിക്കുമ്പോഴാണ് എന്‍പിപിയുടെ വളര്‍ച്ചയുടെ പൂര്‍ണ ചിത്രം വ്യക്തമാവുക.
ആരാണ് അനുര കുമാര ദിസനായകെ?
വടക്കൻ മധ്യ പ്രവിശ്യയിലെ തമ്പുട്ടേഗമ ഗ്രാമത്തിൽ ജനിച്ച ദിസനായകെ കൊളംബോ സബർബൻ കെലാനിയ സർവകലാശാലയിൽ നിന്ന് ശാസ്‌ത്രത്തില്‍ ബിരുദമെടുത്തു. 1987-ൽ ഇന്ത്യ വിരുദ്ധ കലാപം കൊടുംപിരികൊണ്ട് നില്‍ക്കുന്ന കാലത്ത് എൻപിപിയുടെ മാതൃ പാർട്ടിയായ ജെവിപിയിൽ അംഗമായി. 1987-ലെ ഇന്തോ-ലങ്കാ കരാറിനെ പിന്തുണച്ച എല്ലാ ജനാധിപത്യ പാർട്ടികളിലെയും പ്രവർത്തകരെ ജെവിപി പുറത്താക്കിയിരുന്നു.
രാജ്യത്ത് രാഷ്‌ട്രീയ സ്വയംഭരണത്തിനുള്ള തമിഴ് ആവശ്യം പരിഹരിക്കാന്‍ ഇന്ത്യയുടെ നേരിട്ടുള്ള ഇടപെടലായിരുന്നു രാജീവ് ഗാന്ധി - ജെ ആർ ജയവർധന ഉടമ്പടി. ഇന്ത്യൻ ഇടപെടലിനെ ശ്രീലങ്കയുടെ പരമാധികാര വഞ്ചനയെന്നാണ് ജെവിപി വിശേഷിപ്പിച്ചത്. എന്നിരുന്നാലും ഈ വർഷം ഫെബ്രുവരിയില്‍ ദിസനായകെ ഇന്ത്യ സന്ദർശിച്ചത് വിദേശ നിക്ഷേപ താത്പര്യങ്ങളില്‍ എന്‍പിപിയ്ക്ക് ഇന്ത്യയോടുള്ള സമീപന മാറ്റമായാണ് വിലയിരുത്തുന്നത്.
തൊണ്ണൂറുകളുടെ അവസാനത്തിൽ ജെവിപി ജനാധിപത്യ രാഷ്‌ട്രീയം ഏറ്റെടുത്തതോടെ ദിസനായക്ക് ജെവിപി കേന്ദ്ര കമ്മിറ്റിയിൽ ഇടം ലഭിച്ചു. 2000-ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ജെവിപിയിൽ നിന്ന് പാർലമെന്‍റലെത്തി. 2001 മുതൽ ദിസനായകെ സജീവമായി പ്രതിപക്ഷത്തുണ്ട്.
2004 ലെ തെരഞ്ഞെടുപ്പില്‍ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യം ചേര്‍ന്ന് കുരുനാഗലയുടെ വടക്കുപടിഞ്ഞാറൻ ജില്ലയിൽ നിന്ന് ദിസനായകെ വീണ്ടും പാർലമെന്‍റിലെത്തി. അന്ന് കൃഷിമന്ത്രിയായി നിയമിയതനായി.
എൽഎൽടിഇയുമായി ചേര്‍ന്ന് 2004-ലെ സുനാമി ദുരിതാശ്വാസ സഹായം വിമതര്‍ കയ്യടക്കിയിരുന്ന വടക്ക് ഭാഗത്തിന് നല്‍കിയതോടെയാണ് ജെവിപി സർക്കാർ ബന്ധം അവസാനിക്കുന്നത്. 2008-ൽ ദിസനായകെ ജെവിപിയുടെ പാർലമെന്‍ററി ഗ്രൂപ്പ് നേതാവായി. വീണ്ടും പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2010-ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കൊളംബോ ജില്ലയിൽ നിന്ന് വിജയിച്ചു. 2014-ൽ പാർട്ടിയുടെ തലവനായി. 2015-ൽ കൊളംബോയിൽ നിന്ന് വീണ്ടും വിജയിച്ച അദ്ദേഹം പ്രതിപക്ഷത്തിന്‍റെ ചീഫ് വിപ്പായി. 1971 ലും 1987-1990 കാലത്തിന് ഇടയിലും സർക്കാരുകളെ അട്ടിമറിക്കുന്നതിന് പാർട്ടി രണ്ട് കലാപങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. എന്നാല്‍ ഓരോ തവണയും ഭരണകൂടം ഇതിനെ അടിച്ചമർത്തി.
കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാവി നിർണ്ണയിക്കുക എന്ന അടിയന്തര വെല്ലുവിളിയാണ് അനുര കുമാര ദിസനായകെ നേരിടാന്‍ പോകുന്നത്. എൻപിപി അന്താരാഷ്‌ട്ര നാണയ നിധി പ്രോഗ്രാമുകളെ എതിർക്കുന്ന നിലപാടാണ് മുന്‍ കാലങ്ങളില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ സമീപകാല നിലപാടുകള്‍ നയങ്ങളില്‍ മാറ്റം വരുത്തിയതായാണ് സൂചിപ്പിക്കുന്നത്.
Also Read: ശ്രീലങ്കൻ തെരഞ്ഞെടുപ്പ്; ഇന്ത്യക്ക് നിർണായകമാകുന്നതെങ്ങനെ?