ജനീവ: അടിയന്തര പരിശോധനയ്ക്കായി കുരങ്ങ് പനി വാക്‌സിന്‍റെ താത്പര്യപത്രം സമര്‍പ്പിക്കാന്‍ ഉത്‌പാദകരോട് നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന. അടുത്ത മഹാമാരിയെ നേരിടാന്‍ വേണ്ടിയുള്ള ഗവേഷണ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനും സംഘടന ലോകരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അടിയന്തര ഉപയോഗത്തിന് വേണ്ടിയുള്ള താത്പര്യപത്രം സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതിനുള്ള പട്ടികയില്‍ പെടുത്താനുള്ള പരിശോധനകള്‍ നടത്താന്‍ വേണ്ടിയാണ് താതപര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. കുരങ്ങ് പനി വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് വാക്‌സിനുകള്‍ അടിയന്തര ഉപയോഗ പട്ടികയില്‍ പെടുത്താനുള്ള നടപടികള്‍ സംഘടന കൈക്കൊള്ളുന്നത്.
കോംഗോയിലാണ് ഇപ്പോള്‍ ഏറ്റവും അധികം കുരങ്ങ് പനി വ്യാപനം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന് പുറത്തേക്കും ഇത് പടരുന്നുണ്ട്. 2023 സെപ്റ്റംബറിലാണ് കുരങ്ങ് പനി കോംഗോയ്ക്ക് പുറത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാനാണ് വാക്‌സിനുകള്‍ പട്ടികയില്‍ പെടുത്തുന്നത്.
ആരോഗ്യ അടിയന്തരാവസ്ഥകളില്‍ വന്‍തോതില്‍ നിര്‍മ്മിക്കുന്ന ലൈസന്‍സില്ലാത്ത വൈദ്യ ഉത്പന്നങ്ങളായ വാക്‌സിനുകള്‍ പോലുള്ളവയുടെ ലഭ്യത ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പട്ടികപ്പെടുത്തല്‍. വെല്ലുവിളികളും ഗുണങ്ങളും കണക്കിലെടുത്ത് കൊണ്ട് തന്നെ പരിമിത സമയത്തേക്കുള്ള ശുപാര്‍ശയാണിത്.
അതേസമയം വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവും ഗുണമേന്‍മയുള്ളതും നിര്‍ദ്ദിഷ്‌ട ജനതയ്ക്ക് യോജിച്ചതുമാണെന്നുള്ള വിവരങ്ങളും ഇതിനൊപ്പം സമര്‍പ്പിക്കണം. അടിയന്തര ഉപയോഗ പട്ടികയില്‍ പെടുത്തുന്നതോടെ വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്കും വാക്‌സിനുകള്‍ കുറഞ്ഞ ചെലവില്‍ വേഗത്തില്‍ ലഭ്യമാകും. അവരുടെ രാജ്യത്ത് അംഗീകാരം ലഭിക്കാത്ത വാക്‌സിനുകള്‍ ആയാല്‍ പോലും ഉപയോഗിക്കാനുമാകും. അടിയന്തര ഉപയോഗ പട്ടികയില്‍ പെടുത്തിയ വാക്‌സിനുകള്‍ യൂണിസെഫിനടക്കം സംഭരിക്കാനും വിതരണം നടത്താനും സാധിക്കും.
Also Read: മങ്കിപോക്‌സ് പുതിയ രൂപത്തില്‍; പടരുന്നത് ശാരീരിക സമ്പര്‍ക്കത്തിലൂടെ, മരണനിരക്ക് ഉയരുമെന്നും പഠനം