പാരിസ് : തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നുകൊണ്ടിരിക്കെ ഫ്രാൻസിന്‍റെ വിവിധ മേഖലകളില്‍ സംഘര്‍ഷം. ഇടതുപക്ഷ സഖ്യം ലീഡ് ചെയ്യുമെന്ന് സൂചിപ്പിക്കുന്ന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇടതുപക്ഷത്തിന്‍റെ വിജയത്തിൽ പങ്കുചേരാൻ പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കിൽ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു.
ഇവര്‍ വലതുപക്ഷത്തിനെതിരായി പ്രകടനം നടത്തിയത് സംഘര്‍ഷത്തിന് വഴിവയ്‌ക്കുകയായിരുന്നു. മുഖംമൂടി ധരിച്ച പ്രകടനക്കാർ തെരുവുകളിലൂടെ ഓടുന്നതും തീ കത്തിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ വിവിധ ഇടങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
തെരുവുകളില്‍ പ്രകടനം കനത്തതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും കലാപക്കൊടി ഉയര്‍ത്തി കാണിക്കുകയും ചെയ്‌തു. പ്രകടനക്കാര്‍ മൊളോടോവ് കോക്ക്‌ടെയിലുകളും സ്മോക്ക് ബോംബുകളും എറിഞ്ഞതായും അധികൃതർ പറഞ്ഞു. ഫാസിസ്റ്റുകളെ എല്ലാവരും വെറുക്കുന്നു എന്ന മുദ്രാവാക്യം വിളികളും പ്രകടനക്കാര്‍ ഉയര്‍ത്തിയിരുന്നു.
പുറത്തുവരുന്ന ഫല പ്രകാരം കൂടുതല്‍ സീറ്റുകളില്‍ ഇടതുസഖ്യമായ ന്യൂപോപ്പുലര്‍ ഫ്രണ്ട് മുന്നേറുകയാണ്. ഇടതു സഖ്യത്തിന്‍റെ മുന്നേറ്റത്തിന് പിന്നാലെ പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ രാജി പ്രഖ്യാപിക്കുകയുണ്ടായി. ഇമ്മാനുവല്‍ മാക്രോണിന്‍റെ സെന്‍ട്രല്‍ ബ്ലോക്ക് രണ്ടാം സ്ഥാനത്താണ്.
ഫ്രാൻസിലെ സോഷ്യലിസ്‌റ്റ് പാർട്ടി, ഫ്രഞ്ച് കമ്മ്യൂണിസ്‌റ്റ് പാർട്ടി, ഇക്കോളജിസ്‌റ്റുകൾ, ഫ്രാൻസ് അൺബോഡ് എന്നിവ ഉൾപ്പെടുന്നതാണ് പോപ്പുലർ ഫ്രണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ ഫ്രഞ്ച് രാഷ്ട്രീയത്തിൽ കാര്യമായ മാറ്റം അടയാളപ്പെടുത്തും എന്നു തന്നെയാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Also Read: ഫ്രാന്‍സില്‍ ഇടത് മുന്നേറ്റം; തീവ്ര വലതുപക്ഷം അധികാരത്തിലേറുന്നത് തടഞ്ഞ് ജനവിധി