വാഷിങ്‌ടൺ ഡിസി : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെ അഭിനന്ദിച്ച് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്‌പിഎഫ്). മോദി 3.0-യുടെ ഉദ്ഘാടന ബജറ്റ് രാജ്യത്തെ ഉപഭോക്താക്കളെയും വിദേശ നിക്ഷേപകരെയും പിന്തുണയ്ക്കുന്നതാണെന്ന് സംഘടന പറഞ്ഞു. ഇതുവഴി ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാകുമെന്നും യുഎസ്ഐഎസ്‌പിഎഫ് കൂട്ടിച്ചേര്‍ത്തു.
'മോദി 3.0 യുടെ ഉദ്ഘാടന ബജറ്റ് സാമ്പത്തിക വിവേകവും വളർച്ച കേന്ദ്രീകൃത സംരംഭങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതാണ്. കൂടാതെ, ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന നടപടികളിലൂടെ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും പിന്തുണ നൽകുകയും ചെയ്യുന്നു.'- യുഎസ്ഐഎസ്‌പിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു.
വിദേശ കമ്പനികളുടെ നികുതി നിരക്ക് 35 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനത്തെ യുഎസ്ഐഎസ്‌പിഎഫ് പ്രത്യേകം പരാമര്‍ശിച്ചു. ഈ നടപടി ആഭ്യന്തര, വിദേശ കമ്പനികള്‍ക്കിടയിൽ തുല്യത സൃഷ്‌ടിക്കുമെന്ന് സംഘടന അവകാശപ്പെട്ടു. അന്താരാഷ്‌ട്ര വിതരണ ശൃംഖല ചൈനയിൽ നിന്ന് മാറ്റാൻ ആഗ്രഹിക്കുന്ന ആഗോള നിക്ഷേപകർക്ക് ഇത് ഒരു ഉത്തേജനമാകുമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
അതേസമയം, മെഡിക്കൽ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ചാർജറുകൾ, സോളാർ എനർജി മെഷിനറി തുടങ്ങിയ നിർണായക ഇറക്കുമതിയുടെ തീരുവ വെട്ടിക്കുറയ്ക്കുന്നത് പ്രാദേശിക ഉത്പാദന ശേഷിയും വിതരണ ശൃംഖലയുടെ കാര്യക്ഷമതയും വർധിപ്പിക്കുമെന്നും യുഎസ്ഐഎസ്‌പിഎഫ് പറഞ്ഞു.
എല്ലാ നിക്ഷേപക ക്ലാസുകളിലെയും ഏഞ്ചൽ ടാക്‌സ് നിർത്തലാക്കിയ നടപടിയേയും ക്യാന്‍സര്‍ മരുന്നിന്‍റെ തീരുവ എടുത്തുകളഞ്ഞ നടപടിയെയും സംഘടന അഭിനന്ദിച്ചു. പുനരുപയോഗ ഊർജ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ധാതുക്കളുടെ കാര്യത്തിലെടുത്ത സമീപനം, ഊർജ പരിവർത്തന നയങ്ങൾ, ഡിജിറ്റലൈസേഷൻ എന്നിവയെ യുഎസ്ഐഎസ്‌പിഎഫ് സ്വാഗതം ചെയ്‌തു. ഈ ശ്രമങ്ങൾ ഖനനം, ഹരിത സാങ്കേതിക വിദ്യകൾ, നൂതനാശയങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളേക്ക് വഴിതെളിക്കുമെന്ന് സംഘടന പറഞ്ഞു.
2024 ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കൂടുതൽ മുന്നോട്ട് നയിക്കുമെന്നും ആഗോള സാമ്പത്തിക ശക്തി എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുമെന്നും യുഎസ്ഐഎസ്‌പിഎഫ് അഭിപ്രായപ്പെട്ടു.