ഇന്ത്യയുമായുള്ള ഡ്രോണ്‍ ഇടപാടിന് അമേരിക്കന്‍ സെനറ്റ് വിദേശകാര്യ സമിതിയുടെ അംഗീകാരം - ഡ്രോണ്‍ ഇടപാടിന് അംഗീകാരം
ഇന്ത്യയുമായുള്ള ഡ്രോണ്‍ ഇടപാടിന് അമേരിക്കന്‍ സെനറ്റിന്‍റെ അംഗീകാരം. അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുക 400 കോടി ഡോളറിന്‍റെ പ്രതിരോധ സാമഗ്രികള്‍.
Published : Feb 3, 2024, 9:05 AM IST
വാഷിംഗ്‌ടണ്‍: ഇന്തോ -പസഫിക് സ്ഥിരതയ്ക്ക് ഇന്തോ അമേരിക്കന്‍ പങ്കാളിത്തത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് അമേരിക്കന്‍ സെനറ്റ് (US Drone Deal With India Approved by Senate). ഇന്ത്യയ്ക്ക് എംജി9 ഡ്രോണുകള്‍ വില്‍ക്കാനുള്ള അനുമതി നല്‍കിയ സെനറ്റിന്‍റെ വിദേശകാര്യ സമിതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സൈനിക ഡ്രോണുകളും മിസൈലുകളുമടക്കം 400 കോടി അമേരിക്കന്‍ ഡോളറിന്‍റെ പ്രതിരോധ സാമഗ്രികള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അമേരിക്കന്‍ സെനറ്റും ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു. 31 എംക്യു9ബി ഡ്രോണുകള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ കോണ്‍ഗ്രസിനെ ബൈഡന്‍ ഭരണകൂടം അറിയിക്കുകയായിരുന്നു. ഇടപാട് സംബന്ധിച്ച പ്രഖ്യാപനം 2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ നടത്തിയിരുന്നു.
ഇടപാടിന് അമേരിക്കന്‍ പാര്‍ലമെന്‍റിന്‍റെ അംഗീകാരവും ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ അനുമതി ലഭിച്ചതോടെ ഒരുമാസത്തിനു ശേഷം ഇത് സംബന്ധിച്ച അറിയിപ്പ് ഇന്ത്യയ്ക്ക് ലഭിക്കും. അറിയിപ്പ് ഔദ്യോഗികമായി അയച്ച് കഴിഞ്ഞാല്‍ പിന്നെ വില സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും ("US-India Partnership Plays a Key Role in Indo-pacific Stability).
അമേരിക്കന്‍ സെനറ്റംഗം ബെന്‍ കാര്‍ഡിന്‍ അധ്യക്ഷനായ വിദേശകാര്യ സമിതിയാണ് ഇടപാടിന് അംഗീകാരം നല്‍കിയത്. മാസങ്ങളായി ബൈഡന്‍ ഭരണകൂടവുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് താന്‍ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ബെന്‍കാര്‍ഡിന്‍ വ്യക്തമാക്കി. പരസ്‌പര വിശ്വാസവും പങ്കാളിത്തവും കാത്ത് സൂക്ഷിച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തില്‍ മനുഷ്യാവകാശവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുന്നത്. ഇത്തരം വിഷയങ്ങളില്‍ പ്രയാസമേറിയ ചര്‍ച്ചകള്‍ അനിവാര്യമാണ്. സ്വന്തം രാജ്യത്തും, നമ്മുടെ സഖ്യരാജ്യങ്ങളുമായും സുഹൃത്തുക്കളുമായും ചര്‍ച്ച വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ തങ്ങളുടെ ഭരണകൂടവുമായും ഇന്ത്യയുമായും ചര്‍ച്ച ചെയ്യും. നമ്മുടെ പങ്കാളിത്ത മൂല്യങ്ങള്‍ തന്നെയാണ് നമ്മുടെ പങ്കാളിത്ത വളര്‍ച്ചയുടെ അടിസ്ഥാനം.
ഒരു അമേരിക്കന്‍ പൗരനെ അമേരിക്കയില്‍ വച്ച് കൊല്ലാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെന്ന ആരോപണം നിലനില്‍ക്കുന്ന വേളയില്‍ തന്നെ ഇത്തരമൊരു ഇടപാട് നടത്തുന്നതിലുള്ള ആശങ്കകളും താന്‍ ഭരണകൂടവുമായി പങ്കുവച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. വിഷയം ഇന്ത്യന്‍ സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണെന്നും, അമേരിക്കന്‍ പ്രതിരോധ വകുപ്പുമായി ഇന്ത്യ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നുമുള്ള ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പൈലറ്റിലാതെ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ വിമാനങ്ങള്‍ എപ്പോള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഇതിനുള്ള ആദ്യ ചുവട് വയ്‌പാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും അമേരിക്കന്‍ പ്രതിരോധ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ കടല്‍സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിമാനങ്ങള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യയുടെ കൈവശമുള്ള യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും. ഈ കച്ചവടത്തിലൂടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.