വാഷിങ്ടൺ ഡിസി: ലൈംഗീകാതിക്രമ കേസിൽ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ കീഴ്‌കോടതി പുറപ്പെടുവിച്ച വിധി ശരിവച്ച് യുഎസ് അപ്പീൽ കോടതി. 1996 ൽ എഴുത്തുകാരിയായ ഇ ജീൻ കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിൽ അഞ്ച് ദശലക്ഷം യു എസ് ഡോള നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിയാണ് അപ്പീൽ കോടതി ശരിവച്ചത്. കേസിൽ വീണ്ടും വാദം നടത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കോടതി വിധിയെന്ന് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്‌തു.
താന്‍ അതിക്രമം നടത്തിയെന്നാരോപിച്ച മറ്റ് രണ്ട് സ്‌ത്രീകളുടെ മൊഴിയെടുത്തത് അടക്കം വിധിപറഞ്ഞ ജഡ്‌ജിമാർക്ക് പിഴവുപറ്റിയെന്ന വാദത്തിലൂന്നിയാണ് ട്രംപ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകിയത്. എന്നാൽ കരോളിൻ്റെ കേസിൻ്റെ പ്രാധാന്യം കണക്കിലെടുത്താൽ വിചാരണ ചെയ്‌ത ജഡ്‌ജി തെറ്റുകൾ വരുത്തിയിട്ടുണ്ടെങ്കിലും പുതിയ വിചാരണ നട1ത്തേണ്ട രീതിയിൽ അത് ട്രംപിന്‍റെ അവകാശങ്ങളെ ബാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചതായാണ് റിപ്പോർട്ട്.
1996-ൽ ബെർഗ്‌ഡോർഫ് ഗുഡ്‌മാൻ ഡിപ്പാർട്ട്‌മെൻ്റ് സ്‌റ്റോറിൽ വച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കരോളിന്‍റെ ആരോപണം. എന്നാൽ ട്രംപ് അവരുടെ ആരോപണം തള്ളി രംഗത്തെത്തി. അവൾ തൻ്റെ ടൈപ്പല്ലെന്ന് പറഞ്ഞ് പരിഹസിച്ച ട്രംപ് പുസ്‌തകത്തിൻ്റെ വിൽപ്പന കൂട്ടാന്‍ കരോൾ കെട്ടിച്ചമച്ച കഥയാണ് കേസെന്ന് ആരോപിക്കുകയും ചെയ്‌തു. എന്നാൽ വാദത്തിനൊടുവിൽ ട്രംപിന് കോടതി അഞ്ച് മില്യൺ ഡോളർ പിഴ ശിക്ഷയായി വിധിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം പുതിയ വിധിയിൽ തങ്ങൾ സംതൃപ്‌തരാണെന്ന് ജീൻ കരോളിന്‍റെ അഭിഭാഷകൻ റോബർട്ട കപ്ലാൻ പറഞ്ഞു. തങ്ങളുടെ വാദങ്ങൾ പരിഗണിച്ച അപ്പീൽ കോടതിയോട് നന്ദിയുണ്ടെന്നും റോബർട്ട പറഞ്ഞതായി സിഎന്‍എന്‍ റിപ്പോർട്ട് ചെയ്‌തു.
ലൈംഗികാതിക്രമം നിഷേധിച്ചതിലൂടെ ട്രംപ് അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കരോൾ നൽകിയ മറ്റൊരു കേസിൽ ട്രംപിന് 83.3 മില്യൺ യുഎസ് ഡോളർ പിഴ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയും ട്രംപ് അപ്പീൽ നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ അപ്പീലുകൾ വരുമെന്ന് ട്രംപിൻ്റെ വക്താവും നിയുക്‌ത വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടറുമായ സ്‌റ്റീവൻ ചിയുങ് പറഞ്ഞു.
'അമേരിക്കൻ ജനത പ്രസിഡന്‍റ് ട്രംപിനെ വൻ ജനവിധിയോടെ വീണ്ടും തെരഞ്ഞെടുത്തു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ രാഷ്‌ട്രീയവത്‌ക്കരണം ഉടനടി അവസാനിപ്പിക്കണം, ഡെമോക്രാറ്റ് ഫണ്ട് നൽകുന്ന കരോൾ ഹോക്‌സ് ഉൾപ്പെടെയുള്ളവരെ പിരിച്ചുവിടണം,' എന്നും സ്‌റ്റീവൻ ചിയുങ് വ്യക്തമാക്കി. അമേരിക്കയിൽ കൂടുതൽ വികസനങ്ങൾ കൊണ്ടുവരാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.