ഐക്യരാഷ്‌ട്രസഭ: സിറിയയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കാന്‍ ഐക്യരാഷ്‌ട്രരക്ഷാസമിതിയുടെ തീരുമാനം. വിമതര്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനും മാനുഷിക സഹായങ്ങള്‍ ആവശ്യമുള്ള ലക്ഷക്കണക്കിന് പേര്‍ക്ക് സഹായമെത്തിക്കാനും രക്ഷാസമിതി തീരുമാനിച്ചത്. ഐക്യരാഷ്‌ട്രസഭ രക്ഷാസമിതിയുടെ ഒരു അടിയന്തര യോഗത്തിന് ശേഷം അമേരിക്കയും റഷ്യയുമാണ് ഇക്കാര്യം അറിയിച്ചത്.
സിറിയയിലെ അട്ടിമറി എല്ലാവരെയും ഞെട്ടിച്ചെന്ന് റഷ്യയുടെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി വാസിലി നെബെന്‍സിയ പറഞ്ഞു. രാജ്യത്തെ സ്ഥിതിഗതികള്‍ രക്ഷാസമിതി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ രക്ഷാസമിതി ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും നെബെന്‍സിയ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണം. ആവശ്യക്കാര്‍ക്ക് മാനുഷിക സഹായങ്ങളും എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വരും ദിവസങ്ങളില്‍ സമിതിയുടെ അംഗരാജ്യങ്ങളുടെ ഒരു സംയുക്ത പ്രസ്‌താവന ഉണ്ടാകും. അടുത്ത ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച പ്രസ്‌താവന ഉണ്ടാകുമെന്നും അമേരിക്കന്‍ സ്ഥാനപതി റോബര്‍ട്ട് വുഡ് പറഞ്ഞു. സിറിയയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഒറ്റശബ്‌ദത്തില്‍ അഭിപ്രായം പറയാനാണ് സമിതിക്ക് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അംഗരാജ്യങ്ങള്‍ ഏകമനസോടെയാണ് അംഗീകരിച്ചതെന്നും വുഡ് പറഞ്ഞു. സിറിയന്‍ സേന ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന് ആരും കരുതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവിയെക്കുറിച്ച് ഒരുപാട് അനിശ്ചിതത്വങ്ങളുണ്ട്. അതേസമയം അസദിന്‍റെ വീഴ്ച ഒരു ജനാധിപത്യ സിറിയയ്ക്കുള്ള അവസരമാണ്. സിറിയന്‍ ജനതയുടെ അവകാശങ്ങളും അന്തസും മാനിക്കപ്പെടാനുള്ള അവസരം. അതേസമയം നിരവധി വെല്ലുവിളികളും രാജ്യത്തിന് മുന്നിലുണ്ട്. അവസരങ്ങള്‍ നാം ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സിറിയയുടെ സ്ഥാനപതി കാര്യാലയങ്ങള്‍ പ്രവര്‍ത്തനം തുടര്‍ന്ന് കൊള്ളാന്‍ നിര്‍ദേശം ലഭിച്ചതായി സിറിയയുടെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി വ്യക്തമാക്കി. തങ്ങള്‍ സിറിയന്‍ ജനതയ്ക്കൊപ്പമാണെന്നും സ്ഥാനപതി കൗസെ അല്‍ധാക്ക് പറഞ്ഞു. സിറിയ ഇപ്പോള്‍ ഒരുമാറ്റത്തിന്‍റെ പാതയിലാണ്. ഒരു ചരിത്രപരമായ ഘട്ടത്തില്‍ . സ്വാതന്ത്ര്യം, സമത്വം, നിയമവാഴ്‌ച, ജനാധിപത്യം തുടങ്ങിയവയിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്.
രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് ആവശ്യം. നശിപ്പിക്കപ്പെട്ടതിനെ പുനര്‍നിര്‍മ്മിക്കണം. ഭാവിയെ പുനര്‍നനിര്‍മ്മിക്കണം, എല്ലാ സിറിയക്കാര്‍ക്കുമായി മെച്ചപ്പെട്ട സിറിയ പുനര്‍നിര്‍മ്മിക്കണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍റെ വിദേശനയം നിശ്ചയിക്കുന്നവരുടെ നിര്‍ദേശപ്രകാരമാണ് സിറിയയുടെ ഐക്യരാഷ്‌ട്ര സഭ ദൗത്യം പ്രവര്‍ത്തിക്കുന്നത്. പുതിയ സര്‍ക്കാരിനെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ നേതാക്കളുടെ നിര്‍ദേശപ്രകാരം താന്‍ സുരക്ഷാ സമിതിക്കും സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസിനും കത്ത് അയച്ചിട്ടുണ്ടെന്നും അല്‍ധാക്ക് പറഞ്ഞു. സിറിയയിലെ ഇസ്രയേല്‍ ആക്രമണങ്ങളെ അപലപിക്കണമെന്നും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് കത്ത്. സിറിയയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ അവരുടെ നേട്ടങ്ങളാക്കി മാറ്റാന്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ പെട്ടന്നുള്ള മാറ്റം തന്നെയും അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയക്കാര്‍ക്ക് സന്തോഷിക്കുമ്പോഴാണ് താനും സന്തോഷിക്കുന്നതെന്ന് ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. സിറിയക്കാര്‍ കഷ്‌ടപ്പെടുമ്പോള്‍ ഞങ്ങളും കഷ്‌ടപ്പെടുന്നു. സ്ഥിരതയിലും സുരക്ഷയിലും ജീവിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. സിറിയക്കാര്‍ ദീര്‍ഘകാലമായി കഷ്‌ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.