ന്യൂയോര്‍ക്ക്: സാധാരണ ആശയവിനിമയ ഉപകരണങ്ങള്‍ യുദ്ധമുഖത്ത് ആയുധങ്ങളായി ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ മേധാവി.ലെബനനില്‍ പേജറുകളും വാക്കിടോക്കികളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഇതുപയോഗിക്കുന്നവര്‍ അറിയാതെ സ്ഫോടകവസ്‌തുക്കളാക്കി മാറ്റുകയും സ്ഫോടനങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്‌ട്രസഭ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ സംസാരിക്കവെയാണ് വോള്‍ക്കര്‍ ടര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ലെബനനില്‍ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും നടന്ന ആക്രമണങ്ങളില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണം. സംഭവത്തില്‍ 37 പേര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും 3400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഈ ആക്രമണത്തിന് ഉത്തരവിടുകയും അത് നടപ്പാക്കുകയും ചെയ്‌തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് ലെബനന്‍ ആരോപിച്ചു. ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം നിരവധി സാധാരണക്കാരും ഇരയായി. ഹിസ്ബുള്ള ഇസ്രയേലുമായി നിരന്തരം ഏറ്റുമുട്ടലിലാണ്.2006ല്‍ നേരിട്ടൊരു യുദ്ധമടക്കം ഉണ്ടായി. ഹമാസിന് പിന്തുണയുമായി നിത്യേനയെന്നോണം ഇസ്രായേലിന് നേര്‍ക്ക് ആക്രമണം അഴിച്ചു വിടുകയാണ് ഹിസ്ബുള്ള.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്ന് ലെബനീസ് അധികൃതര്‍ ആരോപിക്കുമ്പോള്‍ യുഎന്നിലെ ഇസ്രായേലി അംബാസഡര്‍ ഹിസ്ബുള്ളക്കെതിരായ സൈനിക നടപടിയെ ന്യായീകരിച്ചു.
രണ്ട് പൊട്ടിത്തെറികള്‍ക്ക് പിന്നിലും ഇസ്രയേലാണെന്ന ആരോപണമുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഏതെങ്കിലും പ്രത്യേക ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ഇസ്രയേലിന്‍റെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി ഡാനി ഡാനണ്‍ പ്രതികരിച്ചത്." ഞങ്ങള്‍ എടുക്കുന്ന നിലപാടുകളൊക്കെ ഭികരതയ്ക്കും ഭീകരര്‍ക്കും എതിരായുള്ളതാണ്. സാധാരണക്കാര്‍ക്ക് ജീവാപായം ഉണ്ടാവുന്നത് കുറയ്ക്കാനാണ് ഞങ്ങളുടെ ശ്രമം." യോഗത്തിനെത്തിയ ഇസ്രയേലിന്‍റെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി ഡാനി ഡാനണ്‍ പറഞ്ഞു.
ലെബനനിലെ തെരുവുകളിലും കമ്പോളങ്ങളിലും കടകളിലും വീടുകളിലുമെല്ലാമുള്ള ജനങ്ങളെ ഭീകരരായി ചിത്രീകരിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ലെബനന്‍ വിദേശകാര്യ മന്ത്രി അബ്‌ദള്ള ബൗഹബീബ് ആരോപിച്ചു. ഇവിടെയെല്ലാമാണ് പേജറുകള്‍ പൊട്ടിത്തെറിച്ച് നിരവധി ജീവനുകള്‍ പൊലിഞ്ഞത്.
രക്തത്തില്‍ കുളിച്ച നിരവധി പേരുടെ ചിത്രങ്ങള്‍ പതിനഞ്ച് അംഗരാജ്യങ്ങളുടെ സ്ഥാനപതികള്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. എന്താണ് സംഭവിച്ചതെന്ന് ഈ ചിത്രങ്ങള്‍ പറയുന്നുണ്ടെന്നും ലെബനീസ് വിദേശ കാര്യ മന്ത്രി പറഞ്ഞു.
ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തുക മാത്രമായിരുന്നില്ല ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രസ്‌താവനകള്‍ നടത്തുകയും ചെയ്‌തതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഉപദേശകരിലൊരാളായ ടോപാസ് ലുക്കെയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടി അദ്ദേഹം ആരോപിച്ചു. പിന്നീട് നീക്കം ചെയ്‌തെങ്കിലും ഈ ട്വീറ്റ് ആക്രമണത്തിനുത്തരവാദികള്‍ ഇസ്രയേല്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ്. ആക്രമണത്തിന്‍റെ സദുദ്ദേശത്തെക്കുറിച്ചും പോസ്റ്റില്‍ വിശദീകരിച്ചിരുന്നതായി ബൗഹബീബ് ചൂണ്ടിക്കാട്ടി.
ലെബനനിലും അയല്‍ രാജ്യമായ സിറിയയിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദികള്‍ ഇസ്രയേല്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ട്വീറ്റിന് നെതന്യാഹുവിന്‍റെ ഉപദേശകന്‍ നല്‍കിയ മറുപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രയേലിന്‍റെ ചതികളെ തുറന്ന് കാട്ടി ആക്രമണങ്ങളെ ഐക്യരാഷ്ട്ര സഭ അപലപിക്കാത്ത പക്ഷം കുടത്തില്‍ നിന്ന് ദുര്‍ഭൂതത്തെ തുറന്നു വിട്ട അവസ്ഥയാകുമെന്നും ബൗഹബീബ് ചൂണ്ടിക്കാട്ടി. വിമാനങ്ങള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളിലും ഇതുപോലെ നിരവധി സാധാരണക്കാര്‍ മരിച്ച് വീഴുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാജ്യാന്തര മനുഷ്യാവകാശ ലംഘനം മാത്രമല്ല ഈ ആക്രമണങ്ങളെന്നും രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളിലെ സുപ്രധാന തത്വങ്ങള്‍ കൂടി ലംഘിക്കപ്പെട്ടിരിക്കുന്നു.
ലെബനന്‍ വിദേശകാര്യ മന്ത്രി ഹിസ്‌ബുള്ളയെ കുറിച്ച് പരാമര്‍ശിക്കാത്തതിനെ യോഗത്തില്‍ പങ്കെടുത്ത ഇസ്രയേലി പ്രതിനിധി ഡാനി ഡാനോണ്‍ വിമര്‍ശിച്ചു. ഈ ഭീകരസംഘടനയുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ് ലെബനന്‍ ജനതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിസ്‌ബുള്ള അതിര്‍ത്തിയില്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുന്നുവെന്ന് ഡാനോണ്‍ ആരോപിച്ചു. ഇനിയും ഇവരുടെ പ്രകോപനങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് പോകാന്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ രാജ്യത്തിന്‍റെ ഭാവി നിശ്‌ചയിക്കാന്‍ ഹിസ്‌ബുള്ളയെ അനുവദിക്കില്ല.
ലെബനനിലെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം ഇസ്രയേലിന് തന്നെയാണെന്ന് ഇറാന്‍റെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി അമിര്‍ സയീദ് ഇര്‍വാനിയും പറഞ്ഞു. ആക്രമണങ്ങളില്‍ ഇറാന്‍റെ ലെബനന്‍ സ്ഥാനപതിക്ക് കണ്ണിന് പരിക്കേറ്റിരുന്നു.
മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനും അതീവ ഭീഷണിയാണ് ലെബനന്‍ ജനതയ്ക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇസ്രയേല്‍ അധിനിവേശത്തില്‍ ഉള്ള പങ്ക് രാജ്യാന്തര സമൂഹം കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനൊന്ന് മാസമായി രക്തരൂക്ഷിതമായിരിക്കുന്ന ഗാസ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് ഐക്യരാഷ്‌ട്രസഭ പൊളിറ്റിക്കല്‍ മേധാവി റോസ് മേരി ഡി കാര്‍ലോ മുന്നറിയിപ്പ് നല്‍കി. ഇതവസാനിപ്പിക്കാന്‍ സ്വാധീനമുള്ള രാജ്യങ്ങള്‍ മുന്‍ കൈ എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Also Read: ഇസ്രയേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന നേതാവ് ഇബ്രാഹിം അഖില്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്‌ബുള്ള