പാരിസ് (ഫ്രാൻസ്): പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ റഫേൽ യുദ്ധവിമാനങ്ങൾ തകർന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 'റഫേൽ യുദ്ധവിമാനങ്ങൾ പരിശീലന ദൗത്യത്തിനിടെയുണ്ടായ അപകടത്തിൽ തകർന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. അവരുടെ മരണത്തിൽ അനുശോചിക്കുന്നു' - ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ എക്‌സിൽ കുറിച്ചു.
പ്രാദേശിക സമയം 12.30 നാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. ജർമ്മനിയിൽ ഇന്ധനം നിറച്ച് മടങ്ങിയ വഴി വടക്കുകിഴക്കൻ ഫ്രാൻസിൽ രണ്ട് റാഫേൽ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് നിലത്ത് തകർന്ന് വീഴുകയായിരുന്നുവെന്ന് ഫ്രഞ്ച് വ്യോമസേന അറിയിച്ചു. രണ്ട് വിമാനങ്ങളിലുമായി മൂന്ന് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ഒരു പൈലറ്റിനെ സുരക്ഷിതനായി കണ്ടെത്തിയെന്നും ഫ്രഞ്ച് അധികൃതർ അറിയിച്ചു.
ഫ്രാൻസിൻ്റെ വടക്കുകിഴക്കൻ മേഖലയായ മെർത്ത് എറ്റ് മൊസെല്ലിൽ ബുധനാഴ്‌ച (ഓഗസ്‌റ്റ് 14) ഉച്ചയ്ക്ക് ഫ്രഞ്ച് സൈന്യത്തിൻ്റെ രണ്ട് റഫാൽ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്‌റ്റ്യൻ ലെകോർനു എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
റഫാൽ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് അപൂർവമാണെന്ന് കൊളംബെ - ലെസ് - ബെല്ലെസ് ഡെപ്യൂട്ടി മേയർ പാട്രിസ് ബോണോക്‌സ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അപകടത്തിൻ്റെ കാരണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യും എന്ന് സൈനിക അധികാരികൾ അറിയിച്ചു.
Also Read: പറന്നുയര്‍ന്ന ദുരന്തം; ബ്രസീലില്‍ വിമാനം തകര്‍ന്നുവീണു, 61 യാത്രക്കാര്‍ കൊല്ലപ്പെട്ടു - വീഡിയോ