ഇസ്‌ലാമാബാദ്: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ കാബൂൾ പ്രവിശ്യയിലെ സൊറാബി ജില്ലയിൽ വിവിധയിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ 33 മരണം (33 killed in different road accidents in Afghanistan). 16 പേർക്ക് പരിക്കേറ്റതായാണ് വിവരം. റോഡിന്‍റെ ശോചനീയാവസ്ഥയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് അധികൃതർ പറയുന്നത്.
അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിനെയും കിഴക്കൻ നംഗർഹാർ പ്രവിശ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിൽ ഉണ്ടായ അപകടത്തിൽ രണ്ട് കുട്ടികളും നാല് സ്‌ത്രീകളും അടക്കം 17 പേർ മരിച്ചതായാണ് കാബൂൾ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്നുള്ള വിവരം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം കാബൂൾ- നംഗർഹാർ പ്രവിശ്യയുടെ ഇടയിലായി, ഇതേ ഹൈവേയുടെ മറ്റൊരു ഭാഗത്ത് 4 അപകടങ്ങൾ കൂടി ഉണ്ടായി. കിഴക്കൻ ലഗ്‌മാൻ പ്രവിശ്യയിലാണ് സംഭവം. നാല് അപകടങ്ങളിലായി 15 പേരാണ് മരിച്ചതെന്ന് ലഗ്‌മാൻ പൊലീസ് മേധാവി അറിയിച്ചു. ലഗ്‌മാൻ പ്രവിശ്യയിലെ മറ്റു ഭാഗങ്ങളിൽ നടന്ന അപകടങ്ങളിൽ ഒരാൾ മരിച്ചതായും 6 പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഗ്‌മാൻ പ്രവിശ്യയിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ ഗതാഗതക്കുരുക്ക് പതിവാണ്. എന്നാൽ റോഡിന്‍റെ ശോചനീയാവസ്ഥയും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് മേഖലയിൽ അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നത്.