ബ്രസീലിയ : ബ്രസീലില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 56 ആയി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആയിരക്കണക്കിന് പേര്‍ക്ക് വീടുകള്‍ നഷ്‌ടമായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്.
റിയോ ഗ്രാന്‍ഡെ ഡു സള്ളില്‍ ജലവിതാനത്തിലുണ്ടായ വര്‍ധന അണക്കെട്ടുകള്‍ക്ക് ഭീഷണിയുണ്ട്. പോര്‍ട്ടോ അലെഗ്രെ മെട്രോ പൊളിസിലാണ് ഭീഷണിയുള്ളത്. ഗവര്‍ണര്‍ എഡ്യൂവാര്‍ഡോ ലെയ്‌തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ചരിത്രത്തിലെ ഏറ്റവും മോശം കാലാവസ്ഥയാണ് രാജ്യം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്‌തു.
വെള്ളപ്പൊക്ക ബാധിത മേഖലയ്ക്ക് എല്ലാ വിധ പിന്തുണയും പ്രസിഡന്‍റ് ലുയീസ് ഇനേഷ്യോ ലുല ഡ സില്‍വ പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യ, വസ്‌തു വിഭവങ്ങള്‍ക്ക് രാജ്യത്ത് ദൗര്‍ലഭ്യമില്ലെന്നും പ്രസിഡന്‍റ് ലുല വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇനിയും കാലാവസ്ഥ കടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. രാജ്യത്തെ പ്രധാന നദിയായ ഗുയ്‌ബയിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. ഇതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളെയെല്ലാം വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
അതീവ വെല്ലുവിളിയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നദി തീരങ്ങളിലും പര്‍വത മേഖലകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് ശ്രമം. കുടിവെള്ള വിതരണത്തെയും കാലാവസ്ഥ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. ആയിരങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാകുന്നില്ല. തെക്കേ അമേരിക്കയിലെ വലിയ രാജ്യമായ ബ്രസീലിനെ അക്ഷരാര്‍ഥത്തില്‍ താളം തെറ്റിച്ചിരിക്കുകയാണ് ഈ അസാധാരണ കാലാവസ്ഥ.
Also Read: വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കാലാവസ്ഥ വ്യതിയാനമാണ് ഇത്തരമൊരു വെള്ളപ്പൊക്കത്തിലേക്ക് രാജ്യത്തെ നയിച്ചതെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. കൊടും ചൂടിന് പിന്നാലെയാണ് വെള്ളപ്പൊക്കമെന്നതും ശ്രദ്ധേയമാണ്.