കുറിഗ: നൈജീരിയയിൽ 300 ഓളം സ്‌കൂൾ കുട്ടികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കുറിഗ എന്ന സംസ്ഥാനത്തിലെ വിദൂര പട്ടണമായ കടുണയിലാണ് സംഭവം. ഇവിടുത്തെ എൽഇഎ പ്രൈമറി ആന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ സ്‌കൂളിലെത്തിയ സായുധ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ (Students Kidnapped From Nigeria).
ഇസ്‌ലാമിക തീവ്രവാദികളും, സായുധ ആക്രമി സംഘങ്ങളും അഴിഞ്ഞാടുന്ന മേഖലയാണ് കുറിഗ. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്ക് ഇവിടം കുപ്രസിദ്ധമാണ്. കടുണയിലെ സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ 12 വയസോ അതിൽ താഴെയോ പ്രായമുള്ള 100 കുട്ടികളെങ്കിലും ഉണ്ടെന്ന് അധികൃതർ പറഞ്ഞു.
കാണാതായ കുട്ടികള്‍ക്കായി നൈജീരിയൻ പൊലീസും പട്ടാളക്കാരും ചേര്‍ന്ന് വനത്തില്‍ തെരച്ചിലാരംഭിച്ചു. എന്നാൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ വിശാലമായ വനപ്രദേശങ്ങളിലെ തെരച്ചിൽ ഏറെ ദുഷ്‌കരമാണ്. ഇവിടെ തെരച്ചിൽ പൂർത്തിയാക്കാൻ ആഴ്‌ചകളോളം എടുക്കുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
വടക്കൻ നൈജീരിയയിൽ ഈയാഴ്‌ച റിപ്പോർട്ട് ചെയ്‌ത മൂന്നാമത്തെ കൂട്ട തട്ടിക്കൊണ്ടുപോകലാണിത്. മറ്റൊരു സംസ്ഥാനമായ സൊകോട്ടോയിലെ ഒരു സ്‌കൂളിൽ നിന്ന് തോക്കുധാരികൾ 15 കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. അതിന് മുൻപ് ബോർണോ എന്ന സംസ്ഥാനത്ത് നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 200 പേരെ തട്ടിക്കൊണ്ടുപോയിരുന്നു. ഈ തട്ടിക്കൊണ്ടുപോകലുകളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘങ്ങളും ഏറ്റെടുത്തിട്ടില്ല. ബോർണോയിൽ 200 പേരെ തട്ടിക്കൊണ്ടുപോയത് ഇസ്‌ലാമിക തീവ്രവാദികളാണെന്നാണ് സംശയിക്കപ്പെടുന്നത്.
നൈജീരിയയിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുന്നത് നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2014-ൽ ബോർണോയിലെ ചിബോക്കിൽ നിന്ന് 200-ലധികം സ്‌കൂൾ വിദ്യാർത്ഥിനികളെ ഇസ്‌ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സംഭവം ആഗോള തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഈ തട്ടിക്കൊണ്ടുപോകൽ നടന്നതിന് പിന്നാലെ #BringBackOurGirls എന്ന സോഷ്യൽ മീഡിയ ക്യാമ്പെയ്‌ൻ നടന്നിരുന്നു. 2014 ൽ തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടികളിൽ നൂറോളം പേർ ഇപ്പോഴും തടവിലാണ്. അതിന് ശേഷം ഒരു ദശാബ്‌ദം പിന്നിടുമ്പോൾ 1,400 ഓളം വിദ്യാർഥിനികളാണ് ഇതുവരെ നൈജീരിയയിലെ സ്‌കൂളുകളിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ടത്.
Also Read: നൈജീരിയയിൽ അനധികൃത എണ്ണ ശുദ്ധീകരണ ശാലയിൽ സ്‌ഫോടനം; 100ലധികം പേർ കൊല്ലപ്പെട്ടു
രാജ്യ സുരക്ഷ ശക്തമാക്കുമെന്നും തട്ടിക്കൊണ്ടുപോകൽ തടയുമെന്നുമുള്ള വാഗ്‌ദാനവുമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാണ് കഴിഞ്ഞ വർഷം പ്രസിഡൻ്റ് ബോല ടിനുബു അധികാരമേറ്റത്. എന്നാൽ കഴിഞ്ഞ വർഷം മാത്രം നൈജീരിയയിൽ ഉടനീളം 3,500-ലധികം തട്ടിക്കൊണ്ടുപോകൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് ചില സന്നദ്ധ സംഘടനകൾ പുറത്തുവിട്ട കണക്ക്.