സൗത്ത് ഫ്ലോറിഡ : യുഎസിൽ ബാറിലുണ്ടായ വെടിവയ്‌പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സൗത്ത് ഫ്ലോറിഡയിലെ സബർബൻ മിയാമി ബാറിലാണ് വെടിവയ്‌പ്പ് നടന്നത്. ശനിയാഴ്‌ച പുലർച്ചെ 3.30 ഓടെ ഉണ്ടായ വെടിവയ്‌പ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. ബാറിലെത്തിയവർ തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവയ്‌പ്പിൽ കലാശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സുരക്ഷ ജീവനക്കാരനും അക്രമികളിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ബാറിൽ വച്ച് വാക്കേറ്റമുണ്ടായതിനെ തുടർന്ന് പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ട സുരക്ഷ ജീവനക്കാരനെ അക്രമികളിൽ ഒരാൾ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസ് തിരിച്ചടിയ്ക്കുകയും അക്രമി വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്‌തതായി മിയാമി-ഡേഡ് പൊലീസ് ഡിറ്റക്‌ടീവ് അൽവാരോ സബലെറ്റ പറഞ്ഞു.
സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമാണ് വെടിയേറ്റത്. വെടിയേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം ആശുപത്രി വിട്ടതായും യുഎസിലെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പരിക്കേറ്റ മറ്റ് ആറുപേർ ആശുപത്രിയിൽ തുടരുകയാണെന്നും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.