ഹൈദരാബാദ് : ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ക്ഷമാപണം നടത്തി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. വിമാനത്തിലെ യാത്രികര്‍ അനുഭവിക്കേണ്ടിവന്ന വേദനയില്‍ ഖേദിക്കുന്നുവെന്ന് എയര്‍ലൈന്‍സ് സിഇഒ ഗോ ചൂണ്‍ ഫോങ് പറഞ്ഞു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ട മുഴുവന്‍ പിന്തുണയും നല്‍കുമെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ ഇന്നാണ് (മെയ് 22) ക്ഷമാപണം നടത്തി സിഇഒ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ടത്. അപകടത്തെ തുടര്‍ന്ന് മരിച്ച യാത്രികന്‍റെ കുടുംബത്തോട് തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു. SQ321 വിമാനത്തില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് പിന്തുണ നല്‍കുന്നതിനാണിപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. നിലവില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരില്‍ 79 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ബാങ്കോക്കില്‍ തുടരുകയാണ്. അവരില്‍ ആവശ്യമുള്ളവര്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കുന്നുണ്ടെന്നും സിഇഒ പറഞ്ഞു.
യാത്രികരുടെ കുടുംബങ്ങള്‍ക്ക് അവരെ കുറിച്ച് വിവരങ്ങള്‍ അറിയാന്‍ സിംഗപ്പൂർ എയർലൈൻസിന്‍റെ +65 6542 3311 (സിംഗപ്പൂർ), 1800-845-313 (ഓസ്‌ട്രേലിയ), 080-0066-8194 (യുകെ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സംഭവത്തിന്‍റെ പുതിയ വിവരങ്ങള്‍ ഫേസ് ബുക്കിലും എക്‌സിലും അപ്‌ഡേറ്റ് ചെയ്യുമെന്നും സിഇഒ അറിയിച്ചു.
ഇന്നലെയാണ് (മെയ് 21) ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്ക് പറന്നുയര്‍ന്ന വിമാനം അപകടത്തില്‍പ്പെട്ടത്. ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ബ്രിട്ടണില്‍ നിന്നുള്ള 73കാരനാണ് മരിച്ചത്.
Also Read: വിമാന യാത്രയ്‌ക്ക് വെല്ലുവിളിയാകുന്ന ആകാശച്ചുഴി: എന്താണ് എയര്‍ ടര്‍ബുലന്‍സ്? മുന്‍കരുതലുകള്‍ ഇങ്ങനെ
211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള 56 പേരും കാനഡയില്‍ നിന്നുള്ള 2 പേരും ജര്‍മനി, ഐസ്‌ലാന്‍ഡ്, ഇസ്രയേല്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും മൂന്ന് ഇന്ത്യക്കാരും ഇന്തോനേഷ്യയില്‍ നിന്നുള്ള രണ്ട് പേരും അയര്‍ലന്‍ഡില്‍ നിന്നുള്ള നാല് പേരും മലേഷ്യയില്‍ നിന്നുള്ള 16 പേരും മ്യാന്മറില്‍ നിന്നുള്ള രണ്ട് പേരും ന്യൂസിലന്‍ഡില്‍ നിന്നുള്ള 23 പേരും ഫിലിപ്പെയ്‌ന്‍സില്‍ നിന്നുള്ള അഞ്ച് പേരും സിംഗപ്പൂരില്‍ നിന്നുള്ള 41 പേരും സ്‌പെയിനില്‍ നിന്നുള്ള രണ്ട് പേരും യുകെയില്‍ നിന്നുള്ള 47 പേരും യുഎസില്‍ നിന്നുള്ള 4 പേരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Also Read: ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂർ എയർലൈൻസ്; ഒരാള്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്