വാഷിങ്ടണ്‍: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കിയെന്ന റിപ്പോർട്ടുകളെ തള്ളി മകന്‍ സജീബ് വസീദ് ജോയ്. ഹസീനയുടെ വിസ റദ്ദാക്കിയിട്ടില്ലെന്നും എവിടെയും രാഷ്ട്രീയ അഭയത്തിന് അപേക്ഷിച്ചിട്ടില്ലെന്നുമാണ് സജീബ് വസീദ് ജോയ് എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയത്. തന്‍റെ അമ്മയുടെ ജീവന്‍ രക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കുന്നതായും സജീബ് വസീദ്.
ഷെയ്ഖ് ഹസീനയുടെ വിസ യുഎസ് റദ്ദാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതെല്ലാം കിംവദന്തികളാണെന്നാണ് സജീബ് വസീദ് അറിയിച്ചത്. 'ഇന്ത്യ ലോകത്ത് നേതൃത്വപരമായ പങ്ക് വഹിക്കേണ്ടതുണ്ട്. മറ്റ് വിദേശ ശക്തികളെ ഇതിൽ ഇടപെടാൻ അനുവദിക്കരുത്. കാരണം ബംഗ്ലാദേശ് ഇന്ത്യയുടെ അയൽപക്കമാണ്, ഇന്ത്യയുടെ കിഴക്കൻ ഭാഗമാണ്'- സജീബ് വസീദ് പറഞ്ഞു.
ഹസീനയുടെ സർക്കാർ ബംഗ്ലാദേശിൽ സമാധാനം പാലിച്ചിരുന്നുവെന്ന് പറഞ്ഞാൽ ആർക്കും നിഷേധിക്കാനാവില്ലെന്നും ഇക്കാലയളവിൽ രാജ്യം സാമ്പത്തികമായി വളർന്നുവെന്നും സജീബ് വസീദ് ചൂണ്ടിക്കാട്ടി. മറ്റ് സർക്കാരുകൾ ബംഗ്ലാദേശിനെ മാറ്റാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇടക്കാല സർക്കാർ തെരഞ്ഞെടുക്കപ്പെടാത്തതായതിനാൽ അധികാരത്തിൽ തുടരാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് ഭരണഘടന പറഞ്ഞിരുന്നു. അതിനാൽ തന്നെ പുതിയ സർക്കാർ ഭരണഘടന വിരുദ്ധമാണെന്ന് സജീബ് വസീദ് വിശേഷിപ്പിച്ചു. രാഷ്ട്രീയ പരിചയവും ഭരണപരിചയവുമില്ലാതെ ഒരു രാജ്യം ഭരിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും സജീബ് വസീദ് കൂട്ടിച്ചേര്‍ത്തു.