മോസ്‌കോ : ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റഷ്യയില്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ റഷ്യയുമായുള്ള സൈനിക, വ്യവസായിക സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സൈനിക സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ-റഷ്യ ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ കമ്മിഷന്‍റെ 21-ാമത് യോഗത്തിലും അദ്ദേഹം പങ്കെടുക്കും. റഷ്യന്‍ പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവ് ആണ് സഹഅധ്യക്ഷന്‍.
ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പുതിയ മൾട്ടി-റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ 'ഐഎൻഎസ് തുഷിൽ' കമ്മിഷന്‍ ചെയ്യുന്ന ചടങ്ങിലും രാജ്‌നാഥ് സിങ് പങ്കെടുക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട സോവിയറ്റ് സൈനികരെ ആദരിക്കുന്നതിനായി മോസ്‌കോയിലെ രക്തസാക്ഷി മണ്ഡപത്തില്‍ രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തും. കൂടാതെ റഷ്യയിലെ ഇന്ത്യക്കാരുമായും അദ്ദേഹം സംവദിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ (ഡിസംബര്‍ 8) രാത്രി മോസ്‌കോയിലെത്തിയ രാജ്‌നാഥ് സിങ്ങിനെ റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വെങ്കിടേഷ് കുമാറും റഷ്യൻ പ്രതിരോധ ഉപമന്ത്രി അലക്‌സാണ്ടർ ഫോമിനും ചേര്‍ന്ന് സ്വീകരിച്ചു.
'നാളെ, ഡിസംബർ 08 ന്, സൈനിക, സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ-റഷ്യ ഇന്‍റർ-ഗവൺമെന്‍റൽ കമ്മിഷന്‍റെ 21-ാമത് യോഗത്തിൽ പങ്കെടുക്കാൻ ഞാൻ റഷ്യയിലെ മോസ്കോയിൽ എത്തും.' -രാജ്‌നാഥ് സിങ് എക്‌സില്‍ കുറിച്ചു.
'കൂടാതെ, എന്‍റെ സന്ദർശന വേളയിൽ ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ മൾട്ടി-റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ 'ഐഎൻഎസ് തുഷിൽ' കമ്മിഷനിങ് ചടങ്ങിൽ ഞാൻ പങ്കെടുക്കും. അതിനായി കാത്തിരിക്കുകയാണ്.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.