മോസ്‌കോ : റഷ്യയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെങ്കിൽ ആണവായുധം പ്രയോഗിക്കാൻ റഷ്യ തയ്യാറാണെന്ന് പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ (Putin Warns Again that Russia Is Ready To Use Nuclear Weapons). തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുടിൻ രംഗത്തെത്തിയത്.
2022 ഫെബ്രുവരി 24 ന് യുക്രെയ്‌നിലേക്കുള്ള റഷ്യയുടെ സമ്പൂർണ അധിനിവേശം ആരംഭിച്ചതു മുതൽ വേണ്ടിവന്നാൽ ആണവായുധങ്ങൾ ഉപയോഗിക്കാൻ തയ്യാറാണെന്ന് പുടിൻ ആവർത്തിച്ചു പറയുന്നു. കഴിഞ്ഞ മാസം രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുന്നതിനിടെയാണ് പുതിയ ഭീഷണിയുണ്ടായത്. ഈ സാഹചര്യത്തിലാണ് യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ ആഴത്തിലുള്ള പങ്കാളിത്തം ആണവായുധത്തിനു കാരണമാകുമെന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ ദിവസം റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യുക്രെയ്‌നിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിന്‍റെ ആവശ്യമില്ല എന്നായിരുന്നു പുടിന്‍റെ മറുപടി. ആണവായുധത്തിലേക്ക് ലോകം കടക്കുന്നുവെന്ന് താൻ കരുതുന്നില്ല. അതിന്‍റെ അപകട സാധ്യതകളെ കുറിച്ചുള്ള വലിപ്പം പൂർണമായി മനസിലാക്കുന്ന നേതാവാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെന്നും പുടിൻ പ്രതികരിച്ചു.
അതേസമയം, ഇന്നലെ രാവിലെ മുതൽ തങ്ങൾക്കെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചതായി യുക്രെയ്ൻ റിപ്പോർട്ട് ചെയ്‌തിരുന്നു. ഡൊനെറ്റ്സ്‌കിൻ്റെ കിഴക്കൻ മേഖലയിലെ മിർനോഹ്രാഡ് പട്ടണത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കൂടാതെ വടക്കൻ മേഖലയിലെ സുമി നഗരത്തിലെ അഞ്ച് നില കെട്ടിടത്തിൽ റഷ്യയുടെ ഡ്രോൺ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പ്രാദേശിക ഭരണകൂടവും അറിയിച്ചു.