ഒട്ടാവ: ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്ക് വ്യക്തമായ പങ്കുണ്ടെന്ന നിലപാടില്‍ മാറ്റം വരുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നയതന്ത്രജ്ഞര്‍ക്ക് ബന്ധമുണ്ട് എന്നത് താൻ ആരോപിച്ചത് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നും, എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും ട്രൂഡോ വ്യക്തമാക്കി.
ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പാകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ഫെഡറൽ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ വിഷയങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന കമ്മിഷനാണ് ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷൻ.
ലോറൻസ് ബിഷ്‌ണോയി സംഘത്തിന് കനേഡിയരുടെ വിവരങ്ങള്‍ കൈമാറുന്നു:
ലോറൻസ് ബിഷ്‌ണോയി സംഘത്തിന് ഇന്ത്യൻ സര്‍ക്കാര്‍ കനേഡിയരുടെ വിവരം കൈമാറുന്നുവെന്ന ഗുരുതര ആരോപണവും ഗ്രൂഡോ ഉന്നയിച്ചു. നരേന്ദ്ര മോദി സർക്കാരിനോട് വിയോജിപ്പുള്ള കനേഡിയരുടെ വിവരങ്ങൾ ഇന്ത്യൻ നയതന്ത്രജ്ഞർ ശേഖരിക്കുകയും അത് ഇന്ത്യൻ സർക്കാരിലേക്കും ലോറൻസ് ബിഷ്‌ണോയി സംഘത്തെപ്പോലുള്ള ക്രിമിനൽ സംഘടനകളിലേക്കും ഉന്നത തലങ്ങളിലേക്കും കൈമാറുകയാണെന്ന് ട്രൂഡോ ആരോപിച്ചു.
'കാനഡയിൽ ഇന്ത്യൻ നയതന്ത്രജ്ഞര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതിന് ഫൈവ് ഐസ് സഖ്യകക്ഷികളിൽ നിന്നും രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ഏജന്‍റുമാര്‍ കാനഡയില്‍ നടക്കുന്ന ചില കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നുവെന്നാണ് രഹസ്യാന്വേഷണ വിവരം ലഭിച്ചത്,' എന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ സർക്കാർ അതീവ ഗൗരവത്തോടെ കാണുന്ന വിഷയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന ഒരു രഹസ്യാന്വേഷണ സഖ്യമാണ് 'ഫൈവ് ഐസ്' നെറ്റ്‌വർക്ക്. 5 ലോക രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയെ ചൂണ്ടിക്കാട്ടി ലോകത്തെവിടെയും ചാരവൃത്തി, ഫോൺ ചോർത്തൽ, രഹസ്യ പ്രവർത്തനങ്ങൾ, സൈനിക, സിവിൽ ഇന്‍റലിജൻസ് പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു. മറ്റ് രാജ്യങ്ങളെ അടിച്ചമര്‍ത്താനും 'ഫൈവ് ഐസ്' നെറ്റ്‌വർക്ക് ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമുണ്ട്.
" provided intelligence to india not hard evidentiary proof," says trudeau on nijjar killing
— ANI Digital (@ani_digital) October 16, 2024
read @ANI Story | https://t.co/nmkVHyG4en#Canada #India #JustinTrudeau pic.twitter.com/B5mcyD0O4J
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്‍റെ രാജ്യത്തിന് ഒരു സുരക്ഷാ പ്രശ്‌നം വരുമ്പോള്‍ ഇന്ത്യൻ സര്‍ക്കാരുമായി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇന്ത്യ ഗവണ്‍മെന്‍റ് സഹകരിക്കാൻ തയ്യാറാകുന്നില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി.
നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ ഗവണ്‍മെന്‍റ് തങ്ങളോട് തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ തങ്ങളുടെ സുരക്ഷാ ഏജൻസിയുടെ പക്കല്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഉള്ളതെന്നും, ശക്തമായ തെളിവുകള്‍ ഇല്ലെന്നും ഇന്ത്യയ്‌ക്ക് മറുപടി നല്‍കിയതായി ട്രൂഡോ വ്യക്തമാക്കി. ഡൽഹിയിൽ ജി 20 ഉച്ചകോടി അവസാനിച്ചതിന് ശേഷം താൻ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നുവെന്നും നിജ്ജാര്‍ കൊലപാതകത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.
ട്രൂഡോയുടെ നിലപാട് മാറ്റത്തില്‍ പ്രതികരിച്ച് ഇന്ത്യ
ജസ്‌റ്റിൻ ട്രൂഡോ നിലപാട് മാറ്റിയതോടെ വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. തങ്ങള്‍ നേരത്തെ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ട്രൂഡോ ആവര്‍ത്തിച്ചതെന്നും, നിജ്ജാര്‍ കൊലപാതകത്തില്‍ ഇന്ത്യൻ ഗവണ്‍മെന്‍റിന് യാതൊരു പങ്കുമില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.