ധാക്ക: പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധം. പ്രതിഷേധക്കാർ പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭാബാൻ ഉപരോധിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്ത അതേ ഗ്രൂപ്പ് ആണ് പ്രസിഡൻ്റിന്‍റെയും രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഹസീനയുടെ സ്വേച്ഛാധിപത്യ ഗവൺമെൻ്റിൻ്റെ ചങ്ങാതിയാണ് പ്രസിഡൻ്റ് എന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ആന്‍റി ഡിസ്ക്രിമിനേഷൻ (വിവേചന വിരുദ്ധ) വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ അവാമി ലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗ് നിരോധിക്കണമെന്ന് തുടങ്ങി അഞ്ചോളം ആവശ്യങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഷഹീദ് മിനാറിൽ നടന്ന റാലിക്ക് ശേഷം പ്രതിഷേധക്കാർ ബംഗ ഭാബനിലേക്ക് നീങ്ങുകയായിരുന്നു. സൈന്യം അവരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ബംഗ ഭാബന് പുറത്ത് നിലയുറപ്പിച്ച പ്രതിഷേധക്കാർ ബംഗ്ലാദേശ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു.
ബംഗ്ലാദേശിൻ്റെ പതിനാറാം പ്രസിഡൻ്റാണ് ചുപ്പു എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹാബുദ്ദീൻ. നിയമജ്ഞനായ ഉദ്യോഗസ്ഥനും രാഷ്ട്രീയക്കാരനുമായ ഷഹാബുദ്ദീൻ 2023 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അവാമി ലീഗിൻ്റെ നാമനിർദ്ദേശത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1972 ൽ എഴുതിയ ഭരണഘടന നിർത്തലാക്കി 2024 ലെ പശ്ചാത്തലത്തിൽ പുതിയ ഭരണഘടന നടപ്പിലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ കീഴിൽ 2018, 2024 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കി ഈ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പാർലമെൻ്റ് അംഗങ്ങളെ അയോഗ്യരാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജൂലൈ ഓഗസ്‌റ്റ് മാസങ്ങളിൽ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൻ്റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക് പ്രഖ്യാപനം നടത്താനും പ്രതിഷേധക്കാർ ആഹ്വാനം ചെയ്‌തു.
സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂലൈയിൽ ബംഗ്ലാദേശിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ സർക്കാർ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നത്. ഇതിനെ തുടർന്ന് ഷെയ്ഖ് ഹസീന ഓഗസ്‌റ്റ് 5 ന് ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. 76 കാരിയായ ഹസീന ഓഗസ്‌റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുകയും ചെയ്‌തു.
Also Read:വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന