മോസ്‌കോ: മൂന്നാം ഊഴത്തില്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മൂന്നാമുഴത്തില്‍ താന്‍ മൂന്നിരട്ടി കരുത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. റഷ്യയിലെത്തിയ പ്രധാനമന്ത്രി നേരത്തെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌തത്.
പുത്തന്‍ കാലദേശങ്ങള്‍ സൃഷ്‌ടിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് പറഞ്ഞു. ഇവിടെ വരാൻ സാധിച്ചതിന് നിങ്ങള്‍ ഓരോരുത്തരോടും നന്ദി പറയുന്നു. താൻ തനിച്ചല്ല, ഇന്ത്യൻ മണ്ണിന്‍റെ ഗന്ധവുമായാണ് ഇവിടേക്ക് എത്തിയിരിക്കുന്നത്. 140 കോടി ഇന്ത്യാക്കാരുടെ സ്നേഹവും തനിക്കൊപ്പമുണ്ട്.
താന്‍ ചുമതലയേറ്റിട്ട് കൃത്യം ഒരു മാസം പിന്നിട്ടിരിക്കുന്നു. മൂന്നാമുഴത്തില്‍ താന്‍ മൂന്നിരട്ടി കരുത്തോടെ പ്രവര്‍ത്തിക്കും. മൂന്നിരട്ടി വേഗത്തിലും പ്രവര്‍ത്തിക്കും.
സര്‍ക്കാരിന്‍റെ പല ലക്ഷ്യങ്ങള്‍ക്കും മൂന്ന് എന്ന സംഖ്യയ്ക്കും ഏറെ പ്രാധാന്യമുണ്ട്. തന്‍റെ മൂന്നാമൂഴത്തില്‍ രാജ്യത്തെ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാക്കി മാറ്റും.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ വികസനം കണ്ട് ലോകം അമ്പരക്കുകയാണ്. വിദേശത്ത് നിന്നുള്ളവര്‍ ഇന്ത്യയിലെത്തുമ്പോള്‍ മറ്റൊരു ഭാരതമായിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. ഇന്ത്യയുടെ മാറ്റം അവര്‍ക്ക് നന്നായി അറിയാന്‍ സാധിക്കുന്നു.
ഇന്ത്യയുടെ പുനര്‍നിര്‍മ്മാണം അവര്‍ മനസിലാക്കുന്നു. ജി20 ഉച്ചകോടി പോലുള്ളവ ഇന്ത്യ വിജയകരമായി സംഘടിപ്പിക്കുമ്പോള്‍ അവര്‍ ഏക സ്വരത്തില്‍ പറയുന്നു ഇന്ത്യ മാറിയിരിക്കുന്നു എന്ന്. പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായപ്പോഴും ഇവര്‍ ഇത് തന്നെ ആവര്‍ത്തിക്കുന്നു. ഇന്ത്യയിലെ 40,000 കിലോമീറ്റര്‍ റെയില്‍പ്പാത വൈദ്യുതീകരിക്കുമ്പോഴും ഇന്ത്യയുടെ കരുത്ത് അവര്‍ക്ക് മനസിലാകുന്നു. രാജ്യം മാറിക്കൊണ്ടിരിക്കുന്നു എന്ന് അവര്‍ പറയുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
റഷ്യന്‍ സേനയിലെ ഇന്ത്യാക്കാരെ തിരിച്ചയക്കുമെന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം പുടിന്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
രണ്ട് ഇന്ത്യാക്കാര്‍ യുദ്ധമുഖത്ത് കൊല്ലപ്പെട്ടതോടെയാണ് വിഷയം ഇന്ത്യ ശക്തമായി ഉയര്‍ത്താന്‍ തുടങ്ങിയത്. മറ്റൊരു രാജ്യത്തെ പൗരന്‍മാരെ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷങ്ഹായി കോ ഓപ്പറേഷനില്‍ ഈ വിഷയം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ അമേരിക്കയ്ക്ക് അതൃപ്‌തിയുണ്ട്. റഷ്യന്‍ ബന്ധത്തിലെ തങ്ങളുടെ ആശങ്കകള്‍ അടക്കം ഇന്ത്യയെ അറിയിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മില്ലര്‍. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്‌ടര്‍ ഒര്‍ബന്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്‌ച നടത്തിയത് പോലെയേ മോദിയുടെ സന്ദര്‍ശനത്തെ തങ്ങള്‍ കാണുന്നുള്ളൂവെന്നും മില്ലര്‍ വ്യക്തമാക്കി.
Also Read: ഇന്ത്യ തങ്ങളുടെ തന്ത്രപരമായ പങ്കാളി, മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ആശങ്ക അറിയിക്കാൻ അമേരിക്ക