മാലെ: ഇന്ത്യയുമായുള്ള നയതന്ത്ര അകല്‍ച്ചയ്ക്കും ചൈനയോടുള്ള അടുപ്പത്തിനുമിടെ മാലിദ്വീപില്‍ ഇന്ന് (21-04-2024) പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പ്. മാലി സര്‍ക്കാരിലെ സഖ്യ കക്ഷികൾക്കിടയില്‍ ഉണ്ടായ വിള്ളലും ഇത്തവണ മത്സര രംഗത്ത് നിരവധി കക്ഷികള്‍ അധിമായി എത്തിയതും ഭൂരിപക്ഷം നേടുന്നതിന് മുയിസുവിന് വെല്ലുവിളി ഉണ്ടാക്കുമെന്നാണ് യുഎസ് വാർത്താ ഏജൻസിയായ വാഷിങ്ടണ്‍ പോസ്‌റ്റ് വിലയിരുത്തുന്നത്.
പാർലമെന്‍റിലെ 93 സീറ്റുകളിലേക്ക് ആറ് രാഷ്‌ട്രീയ പാർട്ടികളും സ്വതന്ത്ര ഗ്രൂപ്പുകളിൽ നിന്ന് 368 സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്. മാലിദ്വീപില്‍ ഏകദേശം 2,84,000 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഫലങ്ങൾ ഞായറാഴ്‌ച വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാലിയിലെ തെരഞ്ഞെടുപ്പ് ഒരുപോലെ വീക്ഷിക്കുകയാണ് ഇന്ത്യയും ചൈനയും. കഴിഞ്ഞ വര്‍ഷം അധികാരത്തിലേറിയ പ്രസിഡന്‍റ് മുഹമ്മദ് മുയിസു ചൈന അനുകൂല നിലപാടെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.
പ്രചാരണ വേളയിലും മുയിസു 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇന്ത്യക്ക് അധിക സ്വാധീനം നൽകി ദേശീയ പരമാധികാരത്തിൽ തന്‍റെ മുന്‍ഗാമികള്‍ വിട്ടുവീഴ്‌ച ചെയ്‌തു എന്നാണ് മുയിസുവിന്‍റെ വാദം.
75 ഓളം ഇന്ത്യൻ സൈനികർ മാലിദ്വീപിൽ സേവനം ചെയ്‌ത് വന്നിരുന്നു. ഇന്ത്യയുടെ വിമാനങ്ങൾ സേവനങ്ങളും കടൽ രക്ഷാ പ്രവർത്തനങ്ങളുടെ സഹായവും മാലിദ്വീപിനുണ്ടായിരുന്നു. എന്നാല്‍ ഇവിടങ്ങളിലെല്ലാം മാലിദ്വീപ് പൗരന്‍മാരെ നിയമിക്കാൻ മുയിസു നടപടികൾ സ്വീകരിച്ചു.
പ്രധാനമന്ത്രി മോദിയെക്കുറിച്ച് മൂന്ന് മാലിദ്വീപ് ഡെപ്യൂട്ടി മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് മറുപടിയായി ഇന്ത്യയില്‍ മാലിദ്വീപ് ടൂറിസത്തിന് അനൗദ്യോഗിക ബഹിഷ്‌കരണമുണ്ടായതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചത്. മാലിദ്വീപ് ഗവൺമെന്‍റിന്‍റെ സ്ഥിതിവിവര കണക്കുകൾ പ്രകാരം ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സമീപകാലത്ത് ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. വിദേശ സഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന പ്രധാന ഇടങ്ങളില്‍ നിന്ന് രാജ്യം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ വർഷമാദ്യം മുയിസു ചൈന സന്ദർശിച്ച് ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും ഇൻബൗണ്ട് ഫ്ലൈറ്റുകളും വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളില്‍ ചൈനയുടെ വ്യാപാരവും സ്വാധീനവും വികസിപ്പിക്കുന്നതിനായി തുറമുഖങ്ങളും ഹൈവേകളും നിർമ്മിക്കാൻ പദ്ധതിയിടുന്ന ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ്' പദ്ധതിയില്‍ 2013-ല്‍ മാലദ്വീപ് ഭാഗമായിരുന്നു.