ഗാസ : വിമാനത്തിൽ നിന്ന് താഴേക്കിട്ട സഹായ പെട്ടികൾ വീണ് അഞ്ച് പേർ മരിച്ചു. പാരച്യൂട്ട് പ്രവർത്തനക്ഷമമാകാതിരുന്നതാണ് അപകട കാരണം. ഇന്നലെയാണ് സംഭവം.
ഭക്ഷണ സാമഗ്രികൾ ഉൾപ്പെടെ നിറച്ച പെട്ടികളാണ് പാരച്യൂട്ട് വിടരാതെ താഴേക്കുപതിച്ചത്. സഹായം കാത്ത് താഴെ നിന്നവർക്ക് മേലെയാണ് പെട്ടികൾ വന്ന് വീണത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഹമാസ് - ഇസ്രയേൽ യുദ്ധത്തെ തുടർന്ന് കടുത്ത ഭക്ഷണക്ഷാമമുള്ള ഗാസയിൽ യുഎസ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ആകാശമാർഗം സഹായ വിതരണം നടത്തുന്നുണ്ട്. നിരവധി പേർ ഭക്ഷണക്ഷാമത്തിൽ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. തെക്കൻ ഗാസയിലും ക്ഷാമം മൂലം കുട്ടികളുടെ മരണങ്ങളുണ്ടാകുന്നുവെന്ന് യുനിസെഫ് അറിയിച്ചു.
ഗാസയിലെ നാലിലൊന്ന് പേരെങ്കിലും അതായത് കുറഞ്ഞത് അരലക്ഷം പേരെങ്കിലും പട്ടിണിയെ ഭയക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ കാര്യാലയം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇസ്രയേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടയിൽ ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു. ജനുവരി 23 മുതൽ, സ്ട്രിപ്പിൻ്റെ വടക്കൻ ഭാഗത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിൽ നിന്ന് ഗാസയിലെ പ്രധാന യുഎൻ സംഘടനയായ യുഎൻആർഡബ്ല്യുഎയെ ഇസ്രയേൽ അധികൃതർ വിലക്കിയിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഗസയിലേക്ക് കരമാർഗം സഹായം എത്തിക്കുന്നത് നിർത്തുകയും, തൽഫലമായി ഈജിപ്‌ത്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് നിരവധി രാജ്യങ്ങൾ ആകാശമാർഗം സഹായം എത്തിക്കുന്നതിന് മുൻഗണന നൽകി. എന്നാൽ ഈ ശ്രമങ്ങളെ ഭക്ഷണവും മെഡിക്കൽ സപ്ലൈകളും നൽകുന്നതിനുള്ള ചെലവേറിയതും കാര്യക്ഷമമല്ലാത്തതുമായ മാർഗമാണെന്ന് ദുരിതാശ്വാസ സംഘടനകൾ വിമർശിച്ചിരുന്നു.
അഞ്ച് മാസമായി തുടരുന്ന സംഘർഷത്തിനിടെ 30,000ത്തിലധികം ആളുകൾ സ്ട്രിപ്പിൽ മരിച്ചതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്‌തിരുന്നു.