ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര പൊതുസഭയില്‍ ഇസ്രയേലിനെതിരെ ലോകനേതാക്കള്‍ക്ക് മുന്നില്‍ ആഞ്ഞടിച്ച് പലസ്‌തീന്‍ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസ്. ഒരു പ്രദേശത്തെയും അവിടുത്തെ ജനതയെയും അപ്പാടെ തുടച്ച് നീക്കിയിരിക്കുന്ന വംശഹത്യ യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും അദ്ദേഹം ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു. 2023 ഒക്‌ടോബര്‍ ഏഴിന് ശേഷം ആദ്യമായാണ് ഇത്തരമൊരു വേദിയില്‍ അദ്ദേഹം ഇസ്രയേലിനെതിെര കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഏറെ വികാരാധീനമായിരുന്നു അബ്ബാസിന്‍റെ ഐക്യരാഷ്‌ട്രസഭയിലെ പ്രസംഗം.
ഞങ്ങള്‍ക്ക് ജീവിക്കാനാകുന്നില്ല എന്ന് മൂന്ന് തവണ ആവര്‍ത്തിച്ചായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇസ്രയേല്‍ ഗാസയെ തകര്‍ത്ത് അവിടം വാസയോഗ്യമല്ലാതാക്കിയിരിക്കുന്നു. യുദ്ധാനന്തര ഗാസയെ പലസ്‌തീന്‍റെ ഒരു സ്വതന്ത്ര ഭാഗമായി തങ്ങള്‍ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2007ല്‍ ഹമാസ് അബ്ബാസിനെ പുറത്താക്കി അധികാരം പിടിച്ചതോടെ അദ്ദേഹത്തിന് ഗാസയില്‍ യാതൊരു സ്വാധീനവും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന്‍റെ ഭരണം അധീന വെസ്റ്റ്ബാങ്കിലേക്ക് മാത്രമായി ചുരുങ്ങി. പരിഷ്‌ക്കരിച്ച പലസ്‌തീന്‍ അധികാരികള്‍ക്ക് ഗാസയില്‍ ഭാവിയില്‍ അധികാരം കയ്യാളാമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇദ്ദേഹത്തെ വിശ്വസ്‌തനായ ഒരുപങ്കാളിയായി കരുതുന്നില്ല. അത് കൊണ്ട് തന്നെ അമേരിക്കയുടെ നിര്‍ദ്ദേശം ഇസ്രയേല്‍ തള്ളി.
പലസ്‌തീന്‍ ഞങ്ങളുടെ സ്വന്തം നാടാണ്. ഈ ഭൂമിക തങ്ങളുടെ അപ്പനപ്പൂപ്പന്‍മാരുടേതാണ്. ഇത് തങ്ങളുടേതായി തുടരും. ആര്‍ക്കെങ്കിലും വിട്ടു പോകണമെന്നുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇത് തട്ടിയെടുക്കാന്‍ അവസരമൊരുക്കലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയിലെ ജീവിതം അസഹനീയമെന്ന് അബ്ബാസ്
ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദമായി തന്നെ അബ്ബാസ് സഭയില്‍ സംസാരിച്ചു. എല്ലാ കുടുംബങ്ങളുടെയും രേഖകള്‍ നഷ്‌ടമായി. ജീവിക്കാന്‍ പറ്റാത്ത ഇടമായി ഗാസ മാറിക്കഴിഞ്ഞു. മിക്ക വീടുകളും തകര്‍ക്കപ്പെട്ടു. മിക്ക കെട്ടിടങ്ങളുടെയും സ്ഥിതി ഇത് തന്നെയാണ്. റോഡുകള്‍, പള്ളികള്‍, കുടിവെള്ള പ്ലാന്‍റുകള്‍, വൈദ്യുത-ശുചീകരണ പ്ലാന്‍റുകള്‍ എല്ലാം തകര്‍ക്കപ്പെട്ടു. ഗാസയില്‍ മുമ്പ് വന്ന് പോയിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ ഈ പ്രദേശത്തെ തിരിച്ചറിയാനേ സാധിക്കില്ല.
ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായും പിന്‍വാങ്ങുക എന്നതാണ് ഇദ്ദേഹത്തിന്‍റെ ആവശ്യങ്ങളില്‍ പ്രധാനം. പലയാനം ചെയ്യപ്പെട്ട ജനതയെ തിരികെ വരാന്‍ അനുവദിക്കുക, ഗാസയില്‍ തന്‍റെ സര്‍ക്കാരിനെ ഇടപെടാന്‍ അനുവദിക്കുക തുടങ്ങിയവയാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍. ഈ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും കുട്ടികളെയും സ്‌ത്രീകളെയും കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു. വംശഹത്യ അവസാനിപ്പിക്കുക. ഇസ്രയേലിലേക്ക് ആയുധങ്ങള്‍ അയക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ ഭ്രാന്ത് തുടരാന്‍ അനുവദിച്ച് കൂടാ. ഗാസയിലും വെസ്റ്റ്ബാങ്കിലും നമ്മുടെ ജനങ്ങള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നവയ്ക്ക് ലോകം മുഴുവനും ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അബ്ബാസിനെ തള്ളി ഇസ്രയേല്‍
അതേസമയം അബ്ബാസിന്‍റെ അവകാശവാദങ്ങളെയെല്ലാം തള്ളിക്കൊണ്ടായിരുന്നു ഇസ്രയേലിന്‍റെ പ്രതികരണം. തങ്ങളുടെ സൈനിക നടപടികളെ അവര്‍ ന്യായീകരിച്ചു. ദക്ഷിണാഫ്രിക്ക രാജ്യാന്തര കോടതിയില്‍ ഇസ്രയേലിനെതിരെ വംശഹത്യ കേസ് നല്‍കിയിട്ടുണ്ട്. ഈ കേസിലെ ആരോപണങ്ങളും ഇസ്രയേല്‍ തള്ളി.
അബ്ബാസിന്‍റെ പ്രസംഗത്തിന് പിന്നാലെ ഇസ്രയേലിന്‍റെ ഐക്യരാഷ്‌ട്രസഭ സ്ഥാനപതി ഡാനി ഡാനണ്‍ പ്രതികരണവുമായി രംഗത്ത് എത്തി. അബ്ബാസ് 26 മിനിറ്റ് സംസാരിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും ഹമാസിന്‍റെ പേര് പറഞ്ഞില്ല. ഒക്‌ടോബര്‍ ഏഴിലെ കൂട്ടക്കൊലയെ ഒരിക്കല്‍ പോലും അബ്ബാസ് അപലപിച്ചിട്ടില്ല. മാനവരാശിക്കെതിരെ ഹമാസ് നടത്തുന്ന കുറ്റകൃത്യങ്ങളെയും അദ്ദേഹം ഒരിക്കല്‍ പോലും അപലപിച്ചിട്ടില്ലെന്നും ഡാനി ഡാനണ്‍ ചൂണ്ടിക്കാട്ടി.
ഐക്യരാഷ്‌ട്രസഭ വേദിയില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് അദ്ദേഹം സമാധാനപരമായ പരിഹാരത്തെക്കുറിച്ച് പറയുന്നത്. ഇതിനെക്കാള്‍ വലിയ കാപട്യവും നുണകളും ഇല്ല. ഭീകരതയുടെയും വിദ്വേഷത്തിന്‍റെയും മുന്നില്‍ ദുര്‍ബലമാണ് അബ്ബാസിന്‍റെ പാരമ്പര്യം എന്നും ഡാനി ഡാനണ്‍ ചൂണ്ടിക്കാട്ടി.
നെതന്യാഹു ന്യൂയോര്‍ക്കില്‍
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഐക്യരാഷ്‌ട്രസഭ പൊതുസഭയെ അഭിസംബോധന ചെയ്യാനായി ന്യൂയോര്‍ക്കിലെത്തിയിട്ടുണ്ട്. ഈ സന്ദര്‍ശനം പ്രതിഷേധത്തിനിടയാക്കുമെന്ന് വിലയിരുത്തലുണ്ട്. രാജ്യവ്യാപകമായി ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ കലാലയങ്ങളില്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്. കൊളംബിയ സര്‍വകലാശാലയിലാണ് വന്‍ പ്രതിഷേധം നടന്നത്. അമേരിക്കന്‍ ജനതയും ഇസ്രയേലിനെതിരെ തെരുവിലിറങ്ങിയിരുന്നു. അവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും അബ്ബാസ് പറഞ്ഞു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 41,500 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. 96,000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നാട്ടുകാരെയും ഹമാസ് പോരാളികളെയും തമ്മിൽ വേർതിരിക്കാതെയാണ് ഹമാസ് ഭരണകൂടത്തിന്‍റെ ഭാഗമായ ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. കണക്ക് പ്രകാരം മരിച്ചവരില്‍ പകുതിയിലേറെയും സ്‌ത്രീകളും കുട്ടികളുമാണ്. ഇവരില്‍ രണ്ട് വയസില്‍ താഴെയുള്ള 1300 കുട്ടികളുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ഒക്‌ടോബര്‍ ഏഴിന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്‌തു. ഇതിന് പ്രതികാരമായി നെതന്യാഹു സര്‍ക്കാര്‍ അഴിച്ച് വിട്ട ആക്രമണം ഇപ്പോഴും തുടരുകയാണ്.
ഇനി ലെബനനിലേക്ക്
ഇപ്പോൾ ലെബനനെയാണ് ഇസ്രയേല്‍ ലക്ഷ്യം വച്ചിരിക്കുന്നത്. ഹിസ്‌ബുള്ളയെ ഇവര്‍ ലക്ഷ്യമിടുമ്പോള്‍ നാട്ടുകാരുടെ ജീവനുകളും ഇവിടെ നഷ്‌ടമാകുന്നുണ്ട്. ഇപ്പോൾ തന്നെ പതിനായിരങ്ങള്‍ പലയാനം ചെയ്‌ത് കഴിഞ്ഞു. ചര്‍ച്ചകള്‍ക്കായി 21 ദിന വെടിനിര്‍ത്തലിന് ഫ്രാന്‍സും അമേരിക്കയും ആഹ്വാനം ചെയ്‌തിട്ടുണ്ട്. പതിനൊന്ന് മാസമായി തുടരുന്ന അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഒരു യുദ്ധത്തിലേക്ക് പരിണമിക്കുകയാണ്.
ലെബനനിലെ അഞ്ച് ദിവസത്തെ ഇസ്രയേല്‍ ആക്രണണത്തില്‍ 90,000 പേര്‍ വീട് വിട്ട് പോയതായി ഐക്യരാഷ്‌ട്രസഭ വ്യക്തമാക്കുന്നു. ഹമാസിന് പിന്തുണയുമായി ഹിസ്‌ബുള്ള ആക്രമണം അഴിച്ച് വിട്ടതിന് ശേഷം ഇതോടെ മൊത്തം പലായനം ചെയ്‌തവരുടെ എണ്ണം 200, 000 ആയി.
Also Read: എക്‌സ്ക്ലൂസീവ്: 'ഞങ്ങള്‍ക്ക് ഈ യുദ്ധം വേണ്ട, പ്രത്യേകിച്ച് ലെബനന് എതിരെയുള്ളത്'-ഇസ്രയേലി സ്ഥാനപതി