റഫ: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്‌തീനികളുടെ എണ്ണം 30,717 ആയി ഉയർന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ട 86 പേരുടെ മൃതദേഹങ്ങൾ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെന്നും 113 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളിൽ പറയുന്നു.
72,000 പേർക്കാണ് യുദ്ധത്തിൽ പരിക്കേറ്റത്. കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ടു ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ കണക്കുകളും പൂർണമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തകർക്ക് പ്രവേശിക്കാൻപോലും കഴിയാത്ത വിധത്തിലാണ് ഗാസയിലെ പല മേഖലകളും. അതിനാൽ തന്നെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.
അതേസമയം യുദ്ധത്തിൽ പതിനായിരത്തിലധികം ഹമാസ് പോരാളികളെ കൊന്നതായി ഇസ്രായേൽ അവകശപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ 7 നാണ് ഇസ്രായേലിനെതിരെ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം മുറുകുകയായിരുന്നു.