ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് പെട്രോൾ വില വർധിപ്പിക്കാൻ ഒരുങ്ങി പാക്കിസ്ഥാന്‍. പെട്രോൾ വില ലിറ്ററിന് 5 രൂപയും ഡീസൽ വില ലിറ്ററിന് 13 രൂപയും ഉയർത്താനാണ് സാധ്യത. ഒക്‌ടോബര്‍ 15 ന് പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് പാകിസ്ഥാൻ മാധ്യമ സ്രോതസുകള്‍ അറിയിക്കുന്നു. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് വില വർധിപ്പിക്കാനുള്ള കാരണമെന്ന് ദി ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
പാക്കിസ്ഥാൻ സർക്കാർ എണ്ണക്കമ്പനികളുടെ ലാഭ വിഹിതം 1.35 രൂപ വർധിപ്പിച്ച് ലിറ്ററിന് 9.22 രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്ന് ആരി ന്യൂസ് അഭിപ്രായപ്പെട്ടു. പെട്രോൾ ഡീലർമാർക്ക് 1.40 രൂപയാണ് വർധന. ഇതോടെ ഡീലര്‍മാരുടെ മാർജിൻ ലിറ്ററിന് 10.04 രൂപയായി ഉയരും. ഒക്‌ടോബർ ഒന്നിന്, പെട്രോൾ വില ലിറ്ററിന് 2.07 രൂപ സർക്കാർ കുറച്ചിരുന്നു. ഇതോടെ ലിറ്ററിന് 249.10 രൂപയിൽ നിന്നും 247.03 രൂപയായി കുറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രതിസന്ധിയെ തുടര്‍ന്ന് വർധിച്ചുവരുന്ന അന്താരാഷ്‌ട്ര വിലകളാണ് പാകിസ്ഥാന്‍റെ പെട്രോളിയം വിലയെയും പ്രധാനമായി സ്വാധീനിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച്ചയ്ക്കിടെ, പെട്രോൾ വില ബാരലിന് ഏകദേശം 2.80 ഡോളർ വർധിച്ചിരുന്നു. അതേസമയം അന്താരാഷ്‌ട്ര വിപണിയിൽ എച്ച്എസ്‌ഡി വില ബാരലിന് 7 ഡോളർ വർധിച്ചതായും ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു.
എണ്ണയും വാതകവും പാക്കിസ്ഥാന്‍റെ ഊർജ മിശ്രിതത്തിന്‍റെ 79% ഊർജ ആവശ്യങ്ങളുടെയും പ്രധാന ഘടകമാണ്. ഇറക്കുമതി ചെയ്യുന്ന എണ്ണയെയാണ് രാജ്യം വൻതോതിൽ ആശ്രയിക്കുന്നതെന്നും അതിനാലാണ് അന്താരാഷ്‌ട്ര വിപണിയിലെ ചാഞ്ചാട്ടം രാജ്യത്തെ എണ്ണ വിതരണം തടസപ്പെടുത്തുന്നതെന്നും പാകിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പെട്രോളിന്‍റെ ശരാശരി അന്താരാഷ്‌ട്ര വില ബാരലിന് 76 ഡോളറിൽ നിന്ന് ഏകദേശം 79 ഡോളറായി ഉയർന്നതായി ട്രിബ്യൂൺ അഭിപ്രായപ്പെട്ടു. അതേസമയം, ഇതേ കാലയളവിൽ എച്ച്എസ്‌ഡി വില ബാരലിന് ഏകദേശം 80.50 ഡോളറിൽ നിന്ന് 87.50 ഡോളറായും ഉയർന്നു. നിലവിൽ പാക്കിസ്ഥാനിൽ പെട്രോളിന് 247 രൂപയാണ് വില. അതേസമയം ഡീസലിന് 259 രൂപയാണ്. വിലക്കയറ്റം രാജ്യത്തെ ഇടത്തരക്കാരെയും താഴേത്തട്ടിലുള്ളവരെയും സാരമായി ബാധിക്കും.