ഇസ്‌ലാമാബാദ് : പാകിസ്ഥാന്‍ തൂക്കസഭയിലേക്കെന്ന് സൂചന. പൊതു തെരഞ്ഞടുപ്പില്‍ വന്‍ മുന്നേറ്റവുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി പിടിഐ. അതേസമയം തെരഞ്ഞടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രിയായ നവാസ് ഷെരീഫും രംഗത്ത്. രണ്ട് നേതാക്കളും വിജയം അവകാശപ്പെടുമ്പോള്‍ ഇതുവരെയും അന്തിമ വോട്ടെടുപ്പ് ഫലം പ്രഖ്യാപിക്കാതെ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍.
നിലവില്‍ ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റുകളും ഇമ്രാന്‍ ഖാന്‍റെ പിടിഐ പിടിച്ചെടുത്തപ്പോള്‍ നവാസ് ഷെരീഫിന്‍റെ പാര്‍ട്ടി 72 സീറ്റുകളിലും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 133 സീറ്റിന്‍റെ ഭൂരിപക്ഷമാണ്. അധികം സീറ്റുകള്‍ നേടിയ മൂന്ന് പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഭൂരിപക്ഷമില്ല.
നിലവില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നവാസ് ഷെരീഫ് പറഞ്ഞു. തങ്ങള്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍റെ സ്വതന്ത്രരെ അതിന് ക്ഷണിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം ഏതെങ്കിലും അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയും ശ്രമം തുടരുകയാണ്. എന്നാല്‍ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായുള്ള ഒരു സഖ്യത്തിന് തങ്ങള്‍ തയ്യാറല്ലെന്ന് ബിലാവല്‍ ഭൂട്ടോയുടെ പിപിപിയും അറിയിച്ചു.
അതേസമയം വിവിധ മണ്ഡലങ്ങളില്‍ വോട്ട് അട്ടിമറി നടന്നിട്ടുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍റെയും സ്ഥാനാര്‍ഥികളുടെ വാദം. അതുകൊണ്ട് തന്നെയാണ് പിടിഐയ്‌ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതായതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍: തെരഞ്ഞെടുപ്പ് അന്തിമ ഫലം പ്രഖ്യാപനത്തിന് മുമ്പായി തന്നെ പിടിഐയ്‌ക്ക് വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഇമ്രാന്‍ ഖാന്‍ നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായതില്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളെല്ലാവരും എന്‍റെ വിശ്വാസങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിലെ വന്‍ ജനപങ്കാളിത്തത്തില്‍ സന്തോഷമുണ്ട്.
രാജ്യത്ത് പൗരന്മാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങള്‍ അടിത്തറ നല്‍കിയെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. സ്വന്തം പാര്‍ട്ടി 30 സീറ്റുകള്‍ക്ക് പിന്നിലായിട്ടും വിജയം അവകാശപ്പെടുന്ന നവാസ് ഷെരീഫ് ബുദ്ധി കുറഞ്ഞയാളാണെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. എക്‌സിലൂടെയാണ് ഇമ്രാന്‍ ഖാന്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തിയത്.
വികസനം ആഹ്വാനം ചെയ്‌ത് നവാസ് ഷെരീഫ്: തെരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം കാത്തിരിക്കുന്ന വേളയില്‍ ലാഹോറില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നിങ്ങളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തീപ്പൊരി എനിക്ക് കാണാം. ഈ തീപ്പൊരിക്ക് പാകിസ്ഥാനെ അടിമുടി മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. വികസനത്തിലൂടെ താന്‍ പാകിസ്ഥാനെ മനോഹരമായ രാജ്യമാക്കി മാറ്റുമെന്നും നവാസ് ഷെരീഫ് പറഞ്ഞു.
രാജ്യത്തെ സ്‌കൂളുകളും ആശുപത്രികളും വികസിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി നേടിരുന്ന രാജ്യത്തെ പണപ്പെരുപ്പത്തില്‍ നിന്നും തൊഴിലില്ലായ്‌മയില്‍ നിന്നും രക്ഷപ്പെടുത്തുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. വൈദ്യുതി, ഗ്യാസ്, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ കുറവ് വരുത്തും. വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുമെന്നും നവാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.