ഇസ്ലാമബാദ് : പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് തുടങ്ങി. രാവിലെ (08-02-2024) 8 മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം 5 മണിവരെ തുടരും. രജിസ്‌റ്റര്‍ ചെയ്‌ത 128,585,760 വോട്ടർമാർക്ക് വോട്ട് ചെയ്യാൻ രാജ്യവ്യാപകമായി പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
12.85 കോടിയിലധികം രജിസ്‌റ്റർ ചെയ്‌ത വോട്ടർമാർ 90,000 പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തുമെന്നതിനാൽ രാജ്യത്തുടനീളം 650,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തീവ്രവാദ ഭീഷണിയെ തുടർന്ന് മൊബൈൽ- ഇന്‍റർനെറ്റ് സേവനം താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു.
നിരന്തരമായ സ്ഫോടനങ്ങളും അക്രമങ്ങളും രാജ്യത്ത് കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്ന സമയത്താണ് വോട്ടെടുപ്പ് നടത്തുന്നത് (Pakistan Election Day, Polarization, violence, and dire challenges ahead). രാജ്യത്തുടനീളമുള്ള സുരക്ഷ ക്രമീകരണങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതിന്, വോട്ടിങ് സമയത്ത് സുരക്ഷ നിരീക്ഷിക്കാൻ പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്.
പാകിസ്ഥാൻ മുസ്ലീം ലീഗ് - പിഎംഎൽ-എൻ നേതാവ് നവാസ് ഷെരീഫ് ഇത് നാലാം തവണയാണ് ജനവിധി തേടുന്നത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ലണ്ടനിലെ നാല് വർഷത്തെ പ്രവാസത്തിന് ശേഷമാണ് അദ്ദേഹം തന്‍റെ ശക്തമായ രാഷ്‌ട്രീയ തിരിച്ചുവരവ് നടത്തിയത്. ഒക്‌ടോബറിൽ പാകിസ്ഥാനിലേക്ക് മടങ്ങിയ ശേഷം, അദ്ദേഹത്തിന്‍റെ ശിക്ഷകളിൽ ഭൂരിഭാഗവും കോടതികൾ റദ്ദാക്കുകയും, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്‌തു.
ഷെരീഫിന്‍റെ പിഎംഎല്‍ - എന്നിന് ശക്തമായ സൈന്യത്തിന്‍റെ പിന്തുണ ഉള്ളതിനാലും എതിരാളിയായ ഇമ്രാൻ ഖാൻ ജയിലില്‍ നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാലും നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്‍റെ (പിടിഐ) സ്ഥാപകനും രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇമ്രാൻ ഖാൻ ഒന്നിലധികം കേസുകളിൽ അദിയാല ജയിലിൽ തടവിലാണ്. രാഷ്‌ട്രീയക്കാരനായി മാറിയ മുൻ ക്രിക്കറ്റ് താരത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. സൈഫർ കേസിൽ 10 വർഷവും തോഷഖാന കേസിൽ 14 വർഷവും 'അനിസ്ലാമിക' വിവാഹ കേസിൽ ഏഴ് വർഷവുമാണ് ഇമ്രാൻ ഖാന്‍റെ ശിക്ഷ.
പിടിഐ പാര്‍ട്ടിയുടെ പതിവ് ചിഹ്നമായ 'ബാറ്റ്' അസാധുവാക്കാനുള്ള പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനത്തെ പാകിസ്ഥാൻ സുപ്രീം കോടതി ശരിവച്ചിരുന്നു. അതുകൊണ്ടുതന്നെ സ്ഥാനാർഥികൾ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ഇതും പിഎംഎല്‍എന്നിന് ഗുണം ചെയ്യുമെന്ന് കരുതുന്നു. എന്നിരുന്നാലും, തനിക്കെതിരായ എല്ലാ കേസുകളും 'രാഷ്‌ട്രീയ പ്രേരിതമാണ്' എന്നതില്‍ ഉറച്ചുനിൽക്കുന്ന ഇമ്രാൻ ഖാൻ, വിജയിച്ച് അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ്.
എന്നാല്‍ ഇന്ത്യയുമായി "നല്ല ബന്ധം" സ്ഥാപിക്കുമെന്നാണ് പോളിങിന് മുൻപായി നവാസ് ഷെരീഫ് പറഞ്ഞത്. "ഞങ്ങൾക്ക് ഒരു സ്വതന്ത്രവും സമഗ്രവുമായ വിദേശനയം വേണം. ലോകത്തെ കൃപയോടെയും സമത്വത്തോടെയും കൈകാര്യം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും പാകിസ്ഥാനെ സാമ്പത്തിക ശക്തിയാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു"വെന്നും അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും, മറ്റുള്ളവരുമായി യുദ്ധം ചെയ്തോ ഏറ്റുമുട്ടിയോ പാകിസ്ഥാൻ വികസിപ്പിക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികാരത്തിലല്ല വികസനത്തിലാണ് താൻ വിശ്വസിക്കുന്നത് എന്നും കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന ഒരു രാഷ്‌ട്രീയ റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞിരുന്നു.
ദേശീയ രാഷ്‌ട്രീയത്തിൽ പാർലമെന്‍റിലൂടെയും പ്രവിശ്യ, പ്രാദേശിക സർക്കാരുകളിലൂടെയും യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതങ്ങളെ ചെറുക്കുമെന്നും തീവ്രവാദത്തോടുള്ള "സീറോ ടോളറൻസ് നയം" സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പിഎംഎല്‍-എൻ വ്യക്തമാക്കി.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയും തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്‌ചവെയ്ക്കുന്നുണ്ട്. കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനാണ് ബിലാവൽ ഭൂട്ടോ സർദാരി. വളർച്ചയും നിക്ഷേപവും തൊഴിലവസരങ്ങളും മുൻഗണനയായി ഉറപ്പാക്കിക്കൊണ്ട് വേതനക്കാരുടെ യഥാർഥ വരുമാനം ഇരട്ടിയാക്കുമെന്നാണ് പിപിപി വാഗ്‌ദാനം.
2022 ഏപ്രിലിൽ ഇമ്രാൻ ഖാനെ പുറത്താക്കിയതിന് ശേഷം അധികാരമേറ്റ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്‍റ് (പിഡിഎം) സഖ്യത്തിന്‍റെ ഭാഗമായിരുന്നു പിഎംഎൽ-എന്നും പിപിപിയും. പക്ഷേ ഈ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഇരു പാർട്ടികളും വേർപിരിഞ്ഞിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി പാകിസ്ഥാനില്‍ അക്രമങ്ങൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ. ബുധനാഴ്‌ച തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ രണ്ട് സ്ഫോടനങ്ങൾ നടന്നു. പതിറ്റാണ്ടുകളായി കലാപത്താൽ വലയുന്ന ഒരു പ്രദേശമാണിത്. സ്‌ഫോടനത്തില്‍ കുറഞ്ഞത് 30 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
വർധിച്ചുവരുന്ന കടത്തിനും പണപ്പെരുപ്പത്തിനും ഇടയിൽ രാജ്യത്തിന്‍റെ സാമ്പത്തിക തകർച്ച പരിഹരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാന്‍റെ സാമ്പത്തിക വികസനം വരേണ്യവർഗത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് അടുത്തിടെ ലോകബാങ്ക് റിപ്പോർട്ട് പറയുന്നു. പാകിസ്ഥാന്‍റെ സാമ്പത്തിക മോഡല്‍ ഫലപ്രദമല്ലാത്തതായി മാറിയെന്നും ദാരിദ്ര്യം വീണ്ടും വർധിക്കാൻ തുടങ്ങിയെന്നും മുൻകാലങ്ങളിലെ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടായെന്നും നയം മാറ്റുന്നതിനുള്ള വികാരം വളരുകയാണെന്നും ലോകബാങ്ക് പാകിസ്ഥാന്‍റെ കൺട്രി ഡയറക്‌ടർ നജി ബെൻഹാസിൻ പറഞ്ഞു. പാകിസ്ഥാനിലെ സാമ്പത്തിക വികസനം സുസ്ഥിരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദശലക്ഷക്കണക്കിന് ആളുകളെ അപകടത്തിലാക്കുന്ന സാമ്പത്തിക അനിശ്ചിതത്വം, അടിക്കടിയുള്ള തീവ്രവാദി ആക്രമണങ്ങൾ, കാലാവസ്ഥ ദുരന്തങ്ങൾ എന്നിവയുൾപ്പെടെ വർധിച്ചുവരുന്ന വെല്ലുവിളികൾക്കിടയിലാണ് പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.