മാലെ: മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്‍റ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്‍റിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പ്രസിഡന്‍റിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതിനായി നേതാക്കളില്‍ നിന്നും ഒപ്പ് ശേഖരണവും നടത്തിയതായാണ് ലഭിക്കുന്ന വിവരം.
മുഹമ്മദ് മുയിസുവിന്‍റെ മന്ത്രിസഭയിലെ ഏതാനും അംഗങ്ങളുടെ അംഗീകാരത്തെ ചൊല്ലി പാര്‍ലമെന്‍റില്‍ കഴിഞ്ഞ ദിവസം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂല എംപിമാരും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഇന്നലെ (ജനുവരി 28) പാര്‍ലമെന്‍റില്‍ സംഘര്‍ഷവും ഉണ്ടായി. ഇതിന് പിന്നാലെയാണ് പ്രസിഡന്‍റിന് എതിരെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) ഇപീച്ച്‌മെന്‍റ് പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ന് (ജനുവരി 29) ചേര്‍ന്ന എംഡിപിയുടെ യോഗത്തിലാണ് പ്രസിഡന്‍റിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനമായത്. എംഡിപിയുടെയും ഡെമോക്രാറ്റുകളുടെയും 34 പ്രതിനിധികള്‍ പ്രമേയം അവതരിപ്പിക്കുന്നതിന് അനുകൂലമായി ഒപ്പിട്ടുവെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പ്രസിഡന്‍റുമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാര്‍ലമെന്‍റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലദ്വീപിലെ രീതി. കഴിഞ്ഞ നവംബറിലാണ് മുഹമ്മദ് മുയിസും മാലദ്വീപില്‍ അധികാരത്തിലേറിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ ഡിസംബറില്‍ മന്ത്രിസഭയുടെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നിട് ആവശ്യം തള്ളുകയായിരുന്നു.
ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് മുയിസു പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്. ഇതിന് പിന്നാലെ മുയിസു മന്ത്രിമാരാക്കിയ നാലു പേരെ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇതാണ് പാര്‍ലമെന്‍റില്‍ സംഘര്‍ഷത്തിന് കാരണമായത്. മുയിസു സര്‍ക്കാരിന്‍റെ പാര്‍ലമെന്‍റിന്‍റെ അംഗീകാരം സംബന്ധിച്ച് ഒരു വോട്ടെടുപ്പ് ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയായിരുന്നു.
വിഷയത്തെ ചൊല്ലി പാര്‍ലമെന്‍റില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ രണ്ട് എംപിമാര്‍ക്ക് പരിക്കേറ്റു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും മിയിസുവിനെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ലമെന്‍റില്‍ ഒറ്റക്ക് ഭൂരിപക്ഷം ഇല്ല. മന്ത്രിമാരെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് മിയിസു സര്‍ക്കാര്‍.
ഭരണപക്ഷ നേതാക്കള്‍ സമ്മേളനങ്ങള്‍ തടസപ്പെടുത്തുന്നത് തുടര്‍ന്നാല്‍ ആഭ്യന്തര മന്ത്രി അലി ഇഹുസാന്‍, പ്രതിരോധ മന്ത്രി മുഹമ്മദ് ഗസാൻ മൗമൂണ്‍ എന്നിവര്‍ക്ക് അംഗീകാരം നിഷേധിക്കുമെന്ന് എംഡിപി തീരുമാനിച്ചതായും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. അതേസമയം മാലദ്വീപ് പാര്‍ലമെന്‍റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയൊരുക്കുന്നതിനായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.