സോള്‍: തലസ്ഥാനമായ പ്യോങ്‌യാങില്‍ നടത്തിയ പരിശോധനയ്ക്കിടെ ദക്ഷിണ കൊറിയയുടെ ഡ്രോണ്‍ അവിശിഷ്‌ടം കണ്ടെത്തിയെന്ന അവകാശവാദവുമായി ഉത്തരകൊറിയ രംഗത്ത്. ദക്ഷിണ കൊറിയ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് ഡ്രോണുകളെ ഇങ്ങോട്ടേക്ക് അയച്ചു എന്നതിന് തെളിവാണ് ഇതെന്നും ഉത്തരകൊറിയ പറഞ്ഞു.
അതേസമയം ഉത്തരകൊറിയയുടെ ആരോപണം ഏകപക്ഷീയമാണെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു ദക്ഷിണ കൊറിയന്‍ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫിന്‍റെ പ്രതികരണം. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി തകര്‍ന്ന വിമാനത്തിന് സമാനമായ ചിത്രങ്ങള്‍ പുറത്ത് വിട്ടു.
വി ആകൃതിയിലുള്ള ചിറകുകളാണ് ചിത്രത്തില്‍ കാണാനാവുക. ഉത്തരകൊറിയന്‍ സൈന്യവും സുരക്ഷ ഏജന്‍സികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഈ മാസം പതിമൂന്നിനായിരുന്നു ഇവ കണ്ടെത്തിയത്. ഇത് ഒക്‌ടോബറില്‍ നടന്ന ദക്ഷിണ കൊറിയയുടെ സൈനിക പരേഡില്‍ കണ്ട ഡ്രോണുകള്‍ക്ക് സമാനമാണെന്നും വാര്‍ത്താ ഏജന്‍സി പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ മാസം മൂന്ന് തവണ രാത്രിയില്‍ ഉത്തരകൊറിയന്‍ ആകാശത്തേക്ക് ദക്ഷിണ കൊറിയയുെട ഡ്രോണുകള്‍ എത്തിയെന്നാണ് ആരോപണം. ഉത്തരകൊറിയന്‍ വിരുദ്ധ ലഘുലേഖകള്‍ രാജ്യത്ത് പ്രചരിപ്പിക്കാനാണ് ഇവ എത്തിയതെന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു. ഇത്തരം ഡ്രോണുകള്‍ ഇനിയും തങ്ങളുടെ ആകാശത്തേക്ക് കടന്ന് കയറിയാല്‍ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി ഉത്തര കൊറിയ മുഴക്കിയിട്ടുണ്ട്.
ലഘു ലേഖകള്‍ എത്തിക്കാനുപയോഗിക്കുന്ന ഡ്രോണുകളില്‍ ഒന്നാകാം ഇവിടെ തകര്‍ന്ന് വീണതെന്നാണ് കരുതുന്നതെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുന്നില്ലെന്ന് ദക്ഷിണ കൊറിയ പറയുകയാണെങ്കില്‍ അത് വടക്കന്‍ കൊറിയയുടെ വ്യോമാതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ സൈന്യം നുഴഞ്ഞ് കയറ്റം നടത്തുന്നുവെന്ന കുമ്പസാരമാകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ആകാശ, കടല്‍, കര അതിര്‍ത്തികള്‍ ദക്ഷിണ കൊറിയന്‍ സൈന്യം ഭേദിക്കുന്നുണ്ടെങ്കില്‍ അത് യുദ്ധപ്രഖ്യാപനമായെടുത്ത് ഉടന്‍ തിരിച്ചടിക്കുമെന്നും ഉത്തരകൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
ആദ്യം ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി അവ്യക്തമായി നിഷേധിച്ചാണ് ഉത്തരകൊറിയയുടെ ആരോപണങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ പിന്നീട് ഉത്തര കൊറിയയുടെ ആരോപണങ്ങള്‍ ശരിയാണോ അല്ലയോ എന്ന് വ്യക്തമല്ലെന്ന് തിരുത്തി.
ഇരുകൊറിയകളും തമ്മില്‍ നിലനില്‍ക്കുന്ന വൈരം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആയുധ പരീക്ഷണങ്ങള്‍ വര്‍ധിപ്പിച്ചതോടെ കൂടുതല്‍ വഷളായിരിക്കുകയാണ്. ഇതിന് പുറമെ ഇരുകൊറിയകളും പരസ്‌പരം ഭീഷണികളും ഉയര്‍ത്തുന്നു. ഇതിന് പുറമെ റഷ്യയുമായുള്ള സൈനിക സഹകരണവും ഉന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. യുക്രെയ്‌നെതിെരയുള്ള യുദ്ധത്തില്‍ റഷ്യയെ ഉത്തര കൊറിയ സൈനിക സഹായം നല്‍കുന്നുണ്ടെന്ന ആരോപണം ദക്ഷിണ കൊറിയ ഉയര്‍ത്തുന്നുണ്ട്.
ശീതയുദ്ധകാലത്തെതിന് സമാനമായ യുദ്ധമുറകളിലൂടെയാണ് ഇരുകൊറിയകളും നിലവില്‍ കടന്ന് പോകുന്നത്. മെയ് മാസം മുതല്‍ വടക്കന്‍ കൊറിയ പേപ്പര്‍ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും അടക്കമുള്ളവയുമായി ആയിരക്കണക്കിന് ബലൂണുകള്‍ തെക്കന്‍ കൊറിയയിലേക്ക് പറത്തി. ഇതിനെതിരെ അതിര്‍ത്തികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച് ഉത്തരകൊറിയക്കെതിരെ ദക്ഷിണ കൊറിയന്‍ സൈന്യം പ്രചാരണങ്ങള്‍ നടത്തിയിരുന്നു.