കാഠ്‌മണ്ഡു : മനുഷ്യക്കടത്ത് സംഘത്തിൻ്റെ പിടിയിൽ നിന്നും 11 ഇന്ത്യക്കാരെ രക്ഷിച്ച് നേപ്പാൾ പൊലീസ്. മെക്‌സിക്കോ വഴി യുഎസ്എയിലേക്ക് എളുപ്പത്തില്‍ എത്തിക്കാമെന്ന് വ്യാജ വാഗ്‌ദാനം നല്‍കി പണം തട്ടിയ ശേഷം മനുഷ്യക്കടത്ത് സംഘം ഇവരെ ബന്ധികളാക്കിയിരിക്കുകയായിരുന്നു. 4.5 മില്യൺ രൂപയും, 3,000 ഡോളറുമാണ് സംഘം ബന്ദികളില്‍ നിന്നും തട്ടിയെടുത്തത്.
സംഭവത്തില്‍ മനുഷ്യക്കടത്ത് സംഘത്തിലെ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റിലായി. കാഠ്‌മണ്ഡു ജില്ല പൊലീസ് റേഞ്ച് സംഘത്തിന് ലഭിച്ച പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റാറ്റോപുളിലെ ധോബിഖോലയിലുള്ള ഒരു നേപ്പാളി പൗരൻ്റെ സ്വകാര്യ വസതിയിൽ നടത്തിയ റെയ്‌ഡിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ, ബന്ദിയാക്കൽ, മനുഷ്യക്കടത്ത് എന്നീ വകുപ്പുകളില്‍ നേപ്പാൾ നിയമപ്രകാരം മനുഷ്യക്കടത്ത് സംഘത്തിനെതിരെ കേസെടുത്തു (Nepal Police Busts Trafficking Racket).
ബന്ദികളാക്കപ്പെട്ട പതിനൊന്ന് പേരും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. യുഎസ്എയിലേക്ക് എളുപ്പത്തില്‍ എത്തിക്കാമെന്ന് വ്യാജ വാഗ്‌ദാനം നല്‍കി പണം തട്ടിയ ശേഷം മനുഷ്യക്കടത്ത് സംഘം റാറ്റോപുൾ മേഖലയിലെ വാടകവീട്ടിൽ ഒരു മാസത്തോളം ഇവരെ തടവിലാക്കിയിരിക്കുകയായിരുന്നു. ബന്ദികളായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു.
രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ നേപ്പാൾ പൊലീസ് ഒരുക്കിയ ക്രമീകരണങ്ങൾ അനുസരിച്ച് കാഠ്‌മണ്ഡുവിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ എംബസി, വിദേശകാര്യ മന്ത്രാലയം, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിച്ച് അവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും നേപ്പാള്‍ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.