ടാലിൻ (എസ്റ്റോണിയ) : അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവിന്‍റെ അടുത്ത സഖ്യകക്ഷി നേതാവും ഉന്നത തന്ത്രജ്ഞനുമായ ലിയോനിഡ് വോൾക്കോവിന് നേരെ ആക്രമണം. ലിത്വാനിയയുടെ തലസ്ഥാനത്തെ അദ്ദേഹത്തിൻ്റെ വീടിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായതെന്നു അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയുടെ അനുയായികൾ അറിയിച്ചു.
ആക്രമികൾ ലിയോനിഡ് വോൾക്കോവിൻ്റെ കാറിന്‍റെ ചില്ല് അടിച്ചു തകർക്കുകയും കണ്ണീർ വാതകങ്ങൾ പ്രയോഗിക്കുകയും ചെയ്‌തു. ചുറ്റിക ഉപയോഗിച്ച് അദ്ദേഹത്തെ മർദിച്ചതായും നവാൽനി വക്താവ് ആയിരുന്ന യാർമിഷ് പറഞ്ഞു.
ആക്രമണത്തിനിരയായ വോൾക്കോവ് ആശുപത്രിയിൽ ചികിത്സയിലാണ്. നവാല്‍നിയുടെ മരണത്തിനു ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വോൾക്കോവിനു നേരെയും ആക്രമണം ഉണ്ടായത്.
നവാൽനിയുടെ റീജിയണൽ ഓഫിസുകളുടെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയും ചുമതല വോൾക്കോവായിരുന്നു. കഴിഞ്ഞ വർഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി "നവാൽനിയുടെ പ്രചാരണ യന്ത്രം" എന്ന പേരിൽ വോൾക്കോവും സംഘവും ഒരു പ്രോജക്റ്റ് ആരംഭിച്ചിരുന്നു. ഫോണിലൂടെയും ഓൺലൈനിലൂടെയും കഴിയുന്നത്ര റഷ്യക്കാരുമായി സംസാരിക്കുകയും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുൻപായി ജനങ്ങളെ പുട്ടിനെതിരെ തിരിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
വോൾക്കോവ് ആക്രമിക്കപ്പെടുന്നതിന്‍റെ മണിക്കൂറുകൾക്ക് മുൻപ് റഷ്യൻ സ്വതന്ത്ര വാർത്ത ഏജൻസിയായ മെഡൂസ അദ്ദേഹവുമായി ഒരു അഭിമുഖം നടത്തിയിരുന്നു. അതിൽ നവാൽനി സംഘം നേരിടുന്ന അപകടസാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ ഏറ്റവും പ്രധാനപ്പെട്ട റിസ്‌ക് അത് തങ്ങൾ എല്ലാവരും കൊല്ലപ്പെടും എന്നതാണെന്നായിരുന്നു വോൾക്കോവിന്‍റെ മറുപടി.
അതേസമയം സംഭവത്തിൽ അപലപിച്ച് ലിത്വാനിയയുടെ വിദേശകാര്യ മന്ത്രി ഗബ്രിയേലിയസ് ലാൻഡ്‌സ്‌ബെർഗിസ് എക്‌സിൽ കുറിപ്പ് പങ്കുവച്ചു. 'വോൾക്കോവിനെതിരായ ആക്രമണത്തെക്കുറിച്ചുള്ള വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. കുറ്റവാളികൾ അവരുടെ കുറ്റകൃത്യത്തിന് ഉത്തരം നൽകേണ്ടിവരും' -എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.