ദുബായ്: ഏഴാമത് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. അബുദാബി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ സ്വീകരിച്ചു( United Arab Emirates).
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വസിക്കുന്ന അറേബ്യന്‍ ഉപദ്വീപുമായി ബന്ധം മെച്ചപ്പെടുത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന മോദിയെ സഹോദരന്‍ എന്ന് സംബോധന ചെയ്തായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യുഎഇ അദ്ദേഹത്തെ എതിരേറ്റത്. പിന്നീട് ഇരുവരും ചേര്‍ന്ന് വിവിധ മേഖലകളിലെ ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു(Sheikh Mohammed bin Zayed Al Nahyan).
ഒന്‍പത് വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യം, ഊര്‍ജ്ജസുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള സഹകരണം വര്‍ദ്ധിച്ചതായി മോദിയുെട ഓഫീസ് പിന്നീട് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്കാരിക- വ്യക്തി ബന്ധങ്ങളും മുന്‍വര്‍ഷങ്ങളെക്കാള്‍ മെച്ചപ്പെട്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. അതേസമയം ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല(Hindu Temple).
അബുദാബിയിലെ സയീദ് സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യാക്കാര്‍ പങ്കെടുക്കുന്ന സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യാക്കാര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ദുബായില്‍ നടക്കുന്ന ലോക സര്‍ക്കാരുകളുടെ ഉച്ചകോടിയെയും മോദി ഇക്കുറി അഭിസംബോധന െചയ്യും. അബുദാബിക്ക് സമീപം പണികഴിപ്പിച്ച ഹിന്ദുക്ഷേത്രവും മോദി ഉദ്ഘാടനം ചെയ്യും. നാളെയാണ് ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം. പിന്നീട് അദ്ദേഹം ഖത്തറിലേക്ക് പോകും.
കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ കണ്ണീര്‍വാതകപ്രയോഗത്തിനും അറസ്റ്റിനും പിന്നാലെയാണ് മോദിയുടെ യുഎഇ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
വിവാദമായ കാര്‍ഷിക ബില്ലിനെതിരെ 2021ല്‍ കര്‍ഷകര്‍മാസങ്ങളോളം ഡല്‍ഹിയില്‍ തമ്പടിച്ച് പ്രക്ഷോഭം നയിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ മോദിക്കും ഭരണപക്ഷമായ ബിജെപിക്കും എന്‍ഡിഎയ്ക്കും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുതല്ല. മോദി മൂന്നാവട്ടവും അധികാരത്തിലെത്തുമെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്.
90 ലക്ഷത്തോളം ജനങ്ങളുള്ള യുഎഇയില്‍ മുപ്പത്തഞ്ച് ലക്ഷവും ഇന്ത്യാക്കാരാണ്. രാജ്യത്തെ പ്രവാസികളില്‍ ഏറ്റവും കൂടുതലുള്ള ജനവിഭാഗവും ഇന്ത്യാക്കാരാണ്. സ്വദേശികളെക്കാളും കൂടുതല്‍ ഇന്ത്യാക്കാര്‍ ഇവിടെ അധിവസിക്കുന്നു. ഇവരില്‍ മിക്കവരും താരതമ്യേന തുച്ഛമായ വേതനം വാങ്ങുന്ന തൊഴിലാളികളാണ്. അതേസമയം വലിയ തസ്തികകള്‍ വഹിക്കുന്നവരും തലമുറകളായി അവിടെ അധിവസിക്കുന്ന ഇന്ത്യാക്കാരും ഇക്കൂട്ടത്തിലുണ്ട്.
ദീര്‍ഘകാലമായി ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന സാമ്പത്തിക ചരിത്ര ബന്ധത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സുഗന്ധ വ്യഞ്ജനങ്ങള്‍ മുതല്‍ സ്വര്‍ണക്കടത്ത് വരെ നീളുന്ന ശതകോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നത്.
2022ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വാണിജ്യ കരാറില്‍ ഒപ്പു വച്ചിരുന്നു. 10000 കോടി ഡോളറിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ കരാര്‍. യുഎഇയുടെ എണ്ണ ഉപഭോക്താക്കളില്‍ പ്രഥമ സ്ഥാനം ഇന്ത്യക്കാണ്. യുഎഇ തങ്ങളുടെ പ്രാദേശിക വ്യാപാരം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ യുഎഇ അനുമതി നല്‍കിയതോടെ ഇടപാടുകളിലെ ചെലവ് കുറയ്ക്കാന്‍ സാധിച്ചു. യുഎഇയുടെ ശക്തമായ വിദേശനയത്തിന്‍റെ ഭാഗം കൂടിയാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തല്‍ തന്ത്രങ്ങള്‍.
മോദിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് വിവിധ ഹൈന്ദ സംഘടനകളില്‍ നിന്ന് മുസ്ലീങ്ങള്‍ വലിയതോതില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കൊണ്ട് തന്നെയാണ് യുഎഇ ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2019ല്‍ യുഎഇ തങ്ങളുടെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരം നല്‍കി മോദിയെ ആദരിച്ചു എന്നതും ശ്രദ്ധേയമാണ്. മുസ്ലീം ഭൂരീപക്ഷ പ്രദേശമായ കശ്മീരിന്‍റെ സംസ്ഥാന പദവി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പുരസ്കാരം നല്‍കിയത്.
34 വര്‍ഷത്തിന് ശേഷം ആദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിച്ചത് 2015ല്‍ മോദി പ്രധാനമന്ത്രി ആയപ്പോഴാണ്. അതായിരുന്നു മോദിയുടെ ആദ്യ യുഎഇ സന്ദര്‍ശനവും.
Also Read: അബുദാബിയിലെ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘടനം ചെയ്യും