വാഷിങ്ടണ്‍ : ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനി ഉടമയും ശതകോടീശ്വരനുമായ ഹൊവാര്‍ഡ് ലട്‌നിക് നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വ്യവസായ മന്ത്രിയാകുമെന്ന് സൂചന. രാജ്യത്തിന്‍റെ നികുതി വാണിജ്യ അജണ്ടകള്‍ ഇനി ലട്‌നിക് നിശ്ചയിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കി.
വ്യവസായ വകുപ്പിന് പുറമെ നികുതി വകുപ്പ് കൂടി ഇദ്ദേഹത്തിനായിരിക്കുമെന്നാണ് ട്രംപിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ രണ്ട് വകുപ്പുകള്‍ ഒരേ വ്യക്തിക്ക് നല്‍കുന്നത് അപൂര്‍വമാണ്. അമേരിക്കന്‍ ഭരണം മുമ്പില്ലാത്ത വിധം കാര്യക്ഷമമാക്കുവാന്‍ അദ്ദേഹത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാന്‍റോര്‍ ഫിറ്റ്സ് ജെറാള്‍ഡ് എന്ന സ്ഥാപനത്തില്‍ 1983ലാണ് ട്രംപ് ചേരുന്നത്. വാള്‍ സ്‌ട്രീറ്റില്‍ മുപ്പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണിത്. അവിടെ സാധാരണ ഉദ്യോഗസ്ഥനായി തുടങ്ങിയ ലട്‌നിക് പടിപടിയായി ഉയര്‍ന്ന് 29-ാം വയസില്‍ കമ്പനിയുടെ സിഇഒ ആയി മാറി.
2001 സെപ്റ്റംബര്‍ 11ലെ അമേരിക്കന്‍ ട്രേഡ് സെന്‍റര്‍ ആക്രമണത്തില്‍ കമ്പനി ജീവനക്കാരെ വെട്ടിച്ചുരുക്കി. ന്യൂയോര്‍ക്കിലെ 950 ജീവനക്കാരില്‍ 658 പേരെയും പിരിച്ചുവിട്ടു. ലട്‌നികിന്‍റെ സഹോദരനടക്കമുള്ളവര്‍ക്ക് തൊഴില്‍ നഷ്‌ടമായി. കമ്പനിയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാന്‍ ലട്‌നിക് അദ്ദേഹം ഒഴുക്കിയ വിയര്‍പ്പ് ചില്ലറയല്ല. ലട്‌നികും കാന്‍റോര്‍ ഫിറ്റ്സ് ജെറാള്‍ഡ് റിലീഫ് ഫണ്ടും ചേര്‍ന്ന് ട്രേഡ് സെന്‍റര്‍ ആക്രമണത്തിലെ ഇരകള്‍ക്ക് 1800 ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായം നല്‍കിയിരുന്നു. ലോകമെമ്പാടും ഭീകരത, പ്രകൃതി ദുരന്തം, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ എന്നിവ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് അദ്ദേഹം 1000 ലക്ഷം ഡോളറും സഹായമെത്തിച്ചു.
നിലവില്‍ സെപ്റ്റംബര്‍ 11 ദേശീയ മ്യൂസിയത്തിന്‍റെയും വെയ്‌ല്‍ കോണെല്‍ മെഡിസിന്‍റെയും ഡയറക്‌ടര്‍ ബോര്‍ഡംഗമാണ്. 2001ല്‍ ഫിനാന്‍ഷ്യല്‍ ടൈംസ് അദ്ദേഹത്തെ പേഴ്‌സണ്‍ ഓഫ് ഇയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2010ല്‍ അമേരിക്കയിലെ യുവ സംരംഭകര്‍ക്കുള്ള പുരസ്‌കാരവും നേടി. സൈനികരല്ലാത്തവര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ നാവിക സേനയുടെ പൊതുസേവന പുരസ്‌കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഇതിന് പുറമെ തന്‍റെ വിശ്വസ്‌ത ലിന്‍ഡ മക്‌മഹോനെ വിദ്യാഭ്യാസ സെക്രട്ടറിയാക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്. സദാസമയവും ട്രംപിന്‍റെ വൃത്തത്തില്‍ ഉണ്ടാകാറുള്ള വ്യക്തിയാണ് ലിന്‍ഡ. വ്യവസായ മേഖലയില്‍ നിന്ന് തന്നെയാണ് ലിന്‍ഡയും രാഷ്‌ട്രീയത്തിലേക്ക് എത്തിയിട്ടുള്ളത്. വിന്‍സ് മക്‌മഹോനാണ് ജീവിത പങ്കാളി.
ഗുസ്‌തി പരിശീലകനായിരുന്നു പിതാവ്. വേള്‍ഡ് റെസ്‌ലിങ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ സ്ഥാപകനായിരുന്നു. ഇതിന്‍റെ ഇപ്പോഴത്തെ ചുമതല ഇവര്‍ക്കാണ്. ഈ സ്ഥാപനം അമേരിക്കന്‍ ഗുസ്‌തി മേഖലയിലെ ഏറെ പ്രധാനപ്പെട്ടതാണ്. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം രാജി വച്ചാണ് ഇവര്‍ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. കണക്‌ടിക്കട്ടില്‍ നിന്ന് അമേരിക്കന്‍ പാര്‍ലമെന്‍റിലേക്ക് രണ്ട് തവണ ജനവിധി തേടിയിരുന്നു. 2010ല്‍ റിച്ചാര്‍ഡ് മില്ലറിനോടും 2012ല്‍ ക്രിസ് മുര്‍ഫിയോടും പരാജയപ്പെട്ടു.
2016ല്‍ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അറുപത് ലക്ഷം അമേരിക്കന്‍ ഡോളറാണ് ഇവര്‍ സംഭാവന നല്‍കിയത്. 2009 മുതല്‍ കണക്‌ടികട്ട് ബോര്‍ഡ് ഓഫ് എജ്യുക്കേഷനില്‍ അംഗമാണ്. അധ്യാപിക ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ വിവാഹത്തോടെ അത് ഉപേക്ഷിക്കുകയായിരുന്നു.
ദീര്‍ഘകാലം ഇവര്‍ കണക്‌ടിക്കട്ടിലെ സേക്രട്ട് ഹാര്‍ട്ട് സര്‍വകലാശാലയുടെ ട്രസ്റ്റംഗവുമായിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇവര്‍ സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇവര്‍ യാതൊരു അഴിമതി ആരോപണങ്ങളിലും ഉള്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ ട്രംപ് ഭരണകൂടത്തിന് അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള നാടുകടത്തല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനായി ടെക്‌സസ് 1,402 ഏക്കര്‍ വിട്ടു നല്‍കുമെന്ന് അറിയിച്ചു. രാജ്യത്ത് 110 ലക്ഷത്തിലേറെ അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. ഇതില്‍ പതിനായിരക്കണക്കിന് ഇന്ത്യാക്കാരുമുണ്ട്. ഇവരെ ചാട്ടേര്‍ഡ് വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കുമെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തന്‍റെ നാടുകടത്തല്‍ നടപടികളെക്കുറിച്ച് നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് യാതൊരു പ്രസ്‌താവനകളും നടത്തിയിട്ടില്ല. ജനുവരി 20നാണ് പ്രസിഡന്‍റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുക.
Also Read: ട്രംപിന്‍റെ രണ്ടാം വരവ്; താക്കോല്‍ സ്ഥാനങ്ങളില്‍ കളങ്കിതര്‍