കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയിൽ ഈസ്റ്റർ കോൺഫറൻസിന് പോവുകായിയുന്ന ബസ് 164 അടി താഴ്‌ചയുള്ള പാറക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ബസിലെ യാത്രക്കാരായ 45 പേര്‍ മരിച്ചപ്പോള്‍ എട്ട് വയസുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയർലിഫ്റ്റ് ചെയ്‌താണ് പുറത്തെടുത്തത്.
അയൽരാജ്യമായ ബോട്സ്വാനയുടെ തലസ്ഥാനമായ ഗാബോറോണിൽ നിന്ന് ഈസ്റ്റർ സമ്മേളനത്തിനായി പള്ളിയിലേക്ക് പോയ തീർഥാടകരാണ് മരിച്ചതെന്ന് ദക്ഷിണാഫ്രിക്ക ബ്രോഡ്‌കാസ്‌റ്റിങ് കോർപ്പറേഷൻ (എസ്എബിസി) അറിയിച്ചു. മൊകോപനെയ്ക്കും മാർക്കനും ഇടയിലുള്ള മമത്‌ലകല പർവതപാതയിലാണ് അപകടമുണ്ടായത്. 50 മീറ്റർ താഴ്‌ചയിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞതായി അധികൃതര്‍ അറിയിക്കുന്നു. മറ്റുള്ളവർ ബസിന്‍റെ അവശിഷ്‌ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. മൃതദേഹങ്ങൾ ബോട്സ്വാനയിലേക്ക് തിരിച്ചയക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ഗതാഗത മന്ത്രി സിന്ദിസിവെ ചിക്കുംഗ അറിയിച്ചിട്ടുണ്ട്. അപകടത്തിന്‍റെ കാരണത്തെ പറ്റി അന്വേഷണം ആരംഭിച്ചു.
Also Read : ബാള്‍ട്ടിമോര്‍ പാലം അപകടം : രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി - Baltimore Bridge Collapse