കൊളംബിയ : ശനിയാഴ്‌ച സൗത്ത് കരോലിനയില്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ജോ ബൈഡന് അനായാസ വിജയം. മിന്നസോട്ടയെ പ്രതിനിധീകരിച്ച ഡീന്‍ ഫിലിപ്‌സിനെയും എഴുത്തുകാരി മരിയന്‍ വില്യംസിനെയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത് (Joe Biden Wins).
കറുത്ത വംശജരുടെ വോട്ടുകള്‍ പാര്‍ട്ടിക്ക് അനുകൂലമാക്കി നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാനുള്ള ശ്രമത്തിന്‍റെ ആദ്യ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്. 2024ലും ബൈഡന് മികച്ച വിജയം സമ്മാനിച്ച സംസ്ഥാനമാണ് സൗത്ത് കരോലിന. സൗത്ത് കരോലിനയിലെ ജനങ്ങളുടെ അന്നത്തെ തീരുമാനം തെറ്റായിരുന്നില്ലെന്ന് വീണ്ടും അവസരം തന്നതിലൂടെ അവര്‍ തെളിയിച്ചിരിക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. പ്രസിഡന്‍റ് പദത്തിലേക്ക് ഇക്കുറിയും സൗത്ത് കരോലിനയിലെ ജനത തനിക്ക് വഴി തുറന്നിരിക്കുകയാണെന്ന് ബൈഡന്‍ എക്‌സില്‍ കുറിച്ചു.
സൗത്ത് കരോലിനയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യ പ്രൈമറി നടന്നത്. വ്യത്യസ്‌ത ജനവിഭാഗങ്ങള്‍ നിറഞ്ഞ സംസ്ഥാനമായതിനാലാണ് ഇവിടെ നിന്നുതന്നെ പ്രചാരണം ആരംഭിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പരമ്പരാഗതമായി പ്രൈമറികള്‍ക്ക് തുടക്കമിടുന്ന ഇയാവോയിലും ന്യൂഹാംപ്ഷെയറിലും വെള്ളക്കാരാണ് ഭൂരിപക്ഷം.
സൗത്ത് കരോലിന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെങ്കിലും ഇവിടുത്തെ ജനതയില്‍ 26ശതമാനവും കറുത്ത വംശജരാണ്. 2020ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ വോട്ടര്‍മാരില്‍ പതിനൊന്ന് ശതമാനവും ഇവരായിരുന്നു. ഇവരില്‍ പത്ത് പേരില്‍ ഒന്‍പതും ബൈഡനെ പിന്തുണച്ചു. എപി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.
നെവാഡയിലാണ് ബൈഡന്‍റെ രണ്ടാം പ്രൈമറി. അത് ചൊവ്വാഴ്‌ച നടക്കും. പിന്നീട് ഈ മാസം 27ന് മിഷിഗണില്‍ നടക്കും. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് സൂപ്പര്‍ ട്യൂസ്ഡേയും അരങ്ങേറും. 2020ല്‍ ബൈഡന്‍റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സംസ്ഥാനമാണ് സൗത്ത് കരോലിന. ദീര്‍ഘകാലമായി സംസ്ഥാനത്ത് നല്ല ബന്ധങ്ങളുള്ള നേതാവ് കൂടിയാണ് ബൈഡന്‍.
2020ല്‍ സൗത്ത് കരോലിന പ്രതിനിധിയായിരുന്ന ജിം ക്ലേബേണിന്‍റെ സഹായവും ബൈഡന് കിട്ടിയിരുന്നു. ഇതിന് പുറമെ വൈസ് പ്രസിഡന്‍റ് കമല ഹാരിസും ബൈഡന്‍റെ വിജയം അനായാസമാക്കി.
Also Read: ഇന്ത്യയുമായുള്ള ഡ്രോണ്‍ ഇടപാടിന് അമേരിക്കന്‍ സെനറ്റ് വിദേശകാര്യ സമിതിയുടെ അംഗീകാരം
താന്‍ പ്രസിഡന്‍റായിരിക്കുന്നതിന് കാരണം ഇവിടുത്തെ ജനങ്ങളാണെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ നേരിട്ടുതന്നെ വ്യക്തമാക്കിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടാന്‍ കാരണവും അവര്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണയും അയാളെ തോല്‍പ്പിക്കാന്‍ ഇറങ്ങാനുള്ള കാരണം ജനവികാരം മുന്‍നിര്‍ത്തി തന്നെയാണെന്നും പാര്‍ട്ടി അനുഭാവികള്‍ പങ്കെടുത്ത ഒരു സമ്മേളനത്തില്‍ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.