ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍: ലെബനനില്‍ 105 പേര്‍ കൊല്ലപ്പെട്ടു, 359 പേർക്ക് പരിക്ക് - ISRAELI AIRSTRIKES ON LEBANON - ISRAELI AIRSTRIKES ON LEBANON
ഇസ്രയേൽ വ്യോമാക്രമണത്തിൽ 105 പേർ മരിച്ചതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം. ആക്രമണത്തില്‍ 359 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.


Published : Sep 30, 2024, 8:22 AM IST
ജറുസലേം : ഹിസ്ബുള്ളയ്ക്ക് എതിരെയുളള ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇസ്രയേൽ വ്യോമാക്രമണത്തിൽ 105 പേർ കൊല്ലപ്പെടുകയും 359 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവുമധികം പേര്‍ക്ക് ജീവന്‍ നഷ്‌ടമായത് സൗത്ത് ഗവർണറേറ്റിലാണ്. മേഖലയിലെ ഐൻ അൽ-ഡെൽബിലും ടയറിലുമായി 48 പേർ കൊല്ലപ്പെടുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 23) മുതൽ ഇസ്രയേലിന്‍റെ ആക്രമണത്തില്‍ നൂറുകണക്കിന് ആളുകളാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലുമായി നിരന്തരം ആക്രമണത്തില്‍ ഏര്‍പ്പെട്ടിരുന്ന ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിൻ്റെ തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയത്. 1975-1990 കാലഘട്ടത്തിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ഇത്ര വലിയ ക്രൂരതയ്‌ക്ക് ലെബനന്‍ വേദിയാകുന്നത് ഇപ്പോഴാണ്.
ഇസ്രയേലിൻ്റെ വ്യോമാക്രമണം തെക്കൻ കാന ആശുപത്രി തകര്‍ത്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലെബനനിലെ ബെക്ക താഴ്‌വരയിലെ ബാൽബെക്ക്-ഹെർമൽ മേഖലയില്‍ ആക്രമണം കനത്ത നാശനഷ്‌ടമുണ്ടാക്കി. 33 പേർ കൊല്ലപ്പെടുകയും 97 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിൻ്റെ തെക്കൻ നബാത്തിയ ഗവർണറേറ്റിലും മർജായൂൺ പട്ടണത്തിൽ ഉൾപ്പെടെ കനത്ത ആഘാതങ്ങളാണ് ആക്രമണം ഉണ്ടാക്കിയത്. കിഴക്ക്, തെക്ക്, ബെയ്‌റൂത്തിലും പരിസരത്തും ഡസൻ കണക്കിന് ആളുകൾ മരിച്ചതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിലുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ നാശം രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം ലെബനനിലെ ഹിസ്ബുള്ള തീവ്രവാദി സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. തീവ്രവാദി സംഘം സാധാരണ മനുഷ്യരെ കവചങ്ങളായി ഉപയോഗിക്കുന്നതായും ഇസ്രയേല്‍ ആരോപിക്കുന്നു. ഇസ്രയേലിനെ ആക്രമിച്ച ഹമാസ് പോരാളികൾക്ക് പിന്തുണ നൽകുന്നതായി ഹിസ്ബുള്ള നേരത്തെ അറിയിച്ചിരുന്നു.