ടെൽ അവീവ്: ഇസ്രയേലിലെ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സംവിധാനങ്ങളും ഇന്ന് മുതല്‍ (14-04-2024) മുതൽ അടച്ചിടുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേലിന് നേരെയുള്ള ഇറാന്‍റെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലി പൗരന്മാരോട് ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് സൈറൺ കേൾക്കുമ്പോൾ അഭയ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അവിടെ 10 മിനിറ്റ് തുടരണമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന പൊതു പരിപാടികളൊന്നും നടത്താൻ പാടില്ലെന്നും ഇസ്രയേല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇറാന്‍ 200-ലധികം മിസൈലുകള്‍ ഇസ്രയേലിന് നേരെ തൊടുത്ത് വിട്ടെന്നാണ് റിപ്പോര്‍ട്ട്. വ്യേമ മേഖലയും വിമാനത്താവളവും ഇസ്രയേല്‍ അടച്ചിട്ടിരിക്കുകയാണ്. ജോർദാന്‍, ലബനോണ്‍ ഇറാഖ് മേഖലകളും തങ്ങളുടെ വ്യോമ മേഖല അടച്ചിട്ടു.
ഇറാന്‍റെ ആക്രമണം പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്). ഡസൻ കണക്കിന് വിമാനങ്ങൾ ഇസ്രയേലിന്‍റെ ആകാശത്ത് സൈന്യം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. സുരക്ഷയേയും സമാധാനത്തെയും ബാധിക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രയേലിലെയും ഇറാനിലെയും ഇന്ത്യക്കാരുമായി എംബസികൾ നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ ഒന്നിന് ഡമാസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ഏഴ് ഇറാനിയൻ ജനറൽമാരെ കൊലപ്പെടുത്തിയതിനെത്തുടർന്ന് ടെഹ്‌റാനിൽ നിന്നുള്ള ഭീഷണികൾ കാരണം വർധിച്ചുവരുന്ന അടിയന്തരാവസ്ഥയെയും പ്രസ്താവന എടുത്തുകാണിക്കുന്നു, ജെറുസലേം പോസ്റ്റ് പറയുന്നു. പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെർസൽ ഹലേവിയുമായും മറ്റ് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.
Read More : ഇസ്രയേലിന് നേരെ ഇറാന്‍റെ മിസൈലാക്രമണം; ഡസന്‍ കണക്കിന് ഡ്രോണുകള്‍ തൊടുത്തു വിട്ടു - Iran Attacks Israel
ഇന്ന് (14-04-2024) പുലര്‍ച്ചെയോടെയാണ് ഇസ്രയേലിന് നേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തു വിട്ടത്. ഇവ ഇസ്രയേലിലേക്കെത്താന്‍ ഏതാനും മണിക്കൂറുകളെടുക്കും. ഈ മാസമാദ്യം സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ നടന്ന വ്യോമാക്രമണത്തില്‍ ഇറാന്‍റെ രണ്ട് ജനറല്‍മാരടക്കം കൊല്ലപ്പെട്ടിരുന്നു. ആക്രമിച്ചത് ഇസ്രയേലാണെന്നും പ്രത്യാക്രമണം ഉണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.