ജെറുസലേം: ഹമാസിന്‍റെ സായുധസേന വിഭാഗത്തെ പൂര്‍ണമായും കീഴടിക്കിയെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി. ഹമാസ് ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഹമാസ് സൈനിക വിഭാഗത്തെ പരാജയപ്പെടുത്തിയെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ തങ്ങളുടെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും ഔദ്യോഗിക പ്രസ്‌താവനയിലൂടെ ഇസ്രയേല്‍ സൈനിക മേധാവി അറിയിച്ചു.
ഇസ്രയേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുറിവിനാണ് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിനായിരുന്നു ഹമാസ് സായുധസംഘം ഇസ്രയേലിലേക്ക് കടന്നുകയറി മിന്നലാക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ ആയിരത്തിലധികം പേര്‍ക്ക് ജീവൻ നഷ്‌ടമായി. 250ല്‍ അധികം പേരെയാണ് ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കി തട്ടിക്കൊണ്ട് പോയത്.
പൗരന്മാരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നുവെന്നാണ് ഈ സംഭവത്തെകുറിച്ച് ഔദ്യോഗിക പ്രസ്‌താവനയില്‍ ഇസ്രയേല്‍ സൈനിക മേധാവി അഭിപ്രായപ്പെട്ടത്. ഒക്‌ടോബര്‍ ഏഴ് സ്‌മരണയുടെ ദിവസം മാത്രമല്ല, ആത്മപരിശോധനയ്‌ക്കുള്ള ആഹ്വാനം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.