ടെൽ അവീവ് : ഇസ്രയേൽ പലസ്‌തീൻ സംഘർഷത്തിൽ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുമെന്നാവർത്തിച്ച് ബെഞ്ചമിൻ നെതന്യാഹു. 15 മാസം നീണ്ട സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളാക്കിയ മൂന്ന് യുവതികളെ കഴിഞ്ഞ ദിവസം ഹമാസ് മോചിപ്പിച്ചിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രതികരണം. എക്‌സിലൂടെയാണ് നെതന്യാഹു ഇക്കാര്യം ആവർത്തിച്ചത്.
സംഘർഷം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ബന്ദികളാക്കപ്പെട്ട റോമി ഗോണൻ (24), ഡോറൺ സ്റ്റെയിൻബ്രച്ചർ (31), എമിലി ദമാരി (28) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്. 471 ദിവസത്തിന് ശേഷമാണ് മൂവരുടെയും മോചനം.
The Government of Israel embraces the three women who have returned.
— Prime Minister of Israel (@IsraeliPM) January 19, 2025
Their families have been updated by the relevant authorities that they are with our forces.
The Government of Israel is committed to returning all of the hostages and missing.
ഹമാസ് ബന്ധികളാക്കിയ ഇസ്രയേൽ പൗരന്മാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും പൗരന്മാരുടെ തിരിച്ച് വരവിനായി രാജ്യം കാത്തിരിക്കുന്നുവെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രാലയവും എക്‌സിലൂടെ അറിയിച്ചു. തിരികെ എത്തിയ മൂന്ന് വനിതകളെയും അടിയന്തര വൈദ്യസഹായത്തിനായി പ്രവേശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രാദേശിക സമയം ഞായറാഴ്‌ച രാവിലെ 8:30ന് വെടിനിർത്തൽ നടപ്പാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങൾ കൈമാറാതെ വെടിനിർത്തൽ നടപ്പാക്കരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫിസ് സൈന്യത്തിന് നിർദേശം നൽകിയിരുന്നു. ഇതോടെ ഹമാസ് ബന്ദികളാക്കിയ 33 ഇസ്രയേലി പൗരന്മാരുടെ ചിത്രവും പേരും പുറത്തിവിട്ടിരുന്നു.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ആദ്യ ഘട്ടമായാണ് ഹമാസ് മൂന്ന് വനിതകളെ മോചിപ്പിച്ചത്. നീണ്ട 15 മാസത്തിന് ശേഷം ആദ്യം മോചിപ്പിക്കുന്ന ഇസ്രയേലി പൗരന്മാരായ മൂന്നു ബന്ദികളുടെ പേര് ഹമാസ് ഇസ്രയേലിന് കൈമാറിയതോടെയാണ് ഗാസയിൽ സമാധാനം പുലർന്നത്.
അതേസമയം ഇസ്രയേലിന് നേരെയുള്ള ഹമാസിൻ്റെ ആക്രമണത്തിൽ 1200 പേരാണ് കൊല്ലപ്പെട്ടത്. 200 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 2023 നവംബറിൽ ആരംഭിച്ച യുദ്ധത്തിൽ 46,000 പലസ്‌തീൻ വംശജരും കൊല്ലപ്പെട്ടിരുന്നു. ഖത്തർ, യുഎസ്, ഈജിപ്‌ത് രാജ്യങ്ങളുടെ മധ്യസ്ഥശ്രമങ്ങളുടെ ഫലമാണ് ഗാസയിലെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.